കുട്ടികളിലും കുടുംബങ്ങളിലും നിക്ഷേപം നടത്തുന്ന ഇറ്റലിയിലെ ഒരു പ്രവിശ്യ

ഇറ്റലിയിൽ ജനനം നിരക്ക് കുറഞ്ഞു വരുന്ന പ്രവണതയെ അപകടകരം എന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ഫ്രാൻസിസ് പാപ്പായും ജനന നിരക്ക് കുറയുന്ന പ്രവണതയെ ചൂണ്ടിക്കാണിക്കുകയും ജീവന്റെ സമൃദ്ധിക്കായി പരിശ്രമിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇറ്റലിയിൽ ഉടനീളം ജനന നിരക്ക് കുറയുന്നു എന്ന് പറയുമ്പോഴും ഈ രാജ്യത്തെ ഒരു പ്രത്യേക സ്ഥലം മാത്രം ഈ ആരോപണത്തിൽ നിന്നും മാറി നിൽക്കുന്നു. നാളുകളായി ജനനം നിരക്ക് സ്ഥായിയായി മുന്നോട്ട് കൊണ്ടുപോകുന്ന ആ പ്രവിശ്യയാണ് ആൾട്ടോ അഡിഗെ-സുഡ്‌റ്റിറോളും അതിന്റെ തലസ്ഥാനമായ ബോൾസാനോയും. ഇവർ തങ്ങളുടെ നിക്ഷേപം നടത്തുന്നതും കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും സ്ത്രീകളിലും കുട്ടികളിലുമാണ്. അറിയാം ജീവന്റെ സംരക്ഷണത്തിനായി കരുതലോടെ പ്രവർത്തിക്കുന്ന ഇറ്റലിയിലെ ഈ പ്രവിശ്യയെ.

ഏപ്രിൽ ഒന്നിന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച് ഈ പ്രവിശ്യയിൽ ജനന നിരക്ക് കുറയാതെ നിൽക്കുന്നതിനു കാരണം ഇവിടുത്തെ ഭരണ സംവിധാനങ്ങളുടെ കുടുംബ-സൗഹൃദ ആനുകൂല്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും മികവിലൂടെയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും അനുകൂലമായ നിയമനങ്ങളുടെ നിർമ്മാണത്തിലൂടെ സൗഹൃദപരമായ ഒരു അന്തരീക്ഷത്തിലേക്ക് അവരെ എത്തിക്കുന്നതിൽ ഇവിടുത്തെ ഭരണ സംവിധാനങ്ങൾ കൈവരിച്ച വിജയം ആണ് ഈ പ്രവിശ്യയെ ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

ബോൾസാനോയിൽ രക്ഷിതാക്കൾക്ക് ഡേ കെയർ കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, ഊർജ്ജ ബില്ലുകൾ, ഗതാഗതം, സ്കൂളിന് ശേഷമുള്ള പ്രവർത്തനങ്ങൾ, വേനൽക്കാല ക്യാമ്പുകൾ എന്നിവയിൽ വലിയ ആനുകൂല്യങ്ങൾ നൽകുന്നു. ദേശീയ ശിശു സംരക്ഷണ വിഹിതം നൽകുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. ഇവിടുത്തെ ഓരോ അപ്പാർട്ടുമെന്റുകളും ഓരോ നഴ്‌സറികളായി മാറ്റുന്നു എന്ന പ്രവർത്തനവും ഇവർ വിജയകരമായി നടപ്പിലാക്കി.

ഒപ്പം സ്ത്രീകളെ സ്വാതന്ത്രരും സ്വയം പര്യാപ്തരും ആക്കി മാറ്റുവാൻ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുന്നു. “കുട്ടികളുള്ള കുടുംബങ്ങൾക്ക് അനുകൂലമായ സാമ്പത്തിക സംഭാവനകളിൽ നിന്നും ശിശു സംരക്ഷണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കായി ഫാമിലി ഏജൻസി ചെയ്യുന്ന പ്രവർത്തനത്തിലൂടെയും പ്രവിശ്യ കുടുംബങ്ങളെ പിന്തുണയ്ക്കുന്നു. ഫാമിലി ഏജൻസി മാതാപിതാക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ആൾട്ടോ അഡിജിലെ കുടുംബങ്ങൾ നല്ല നിലയിൽ ജീവിക്കുകയും ഭാവിയിലെ കാഴ്ചപ്പാടിൽ പോലും നല്ല ജീവിത നിലവാരം ആസ്വദിക്കുകയും വേണം. അതാണ് ഞങ്ങളുടെ കാഴ്ചപ്പാട്” പ്രവിശ്യയുടെ വെബ് സൈറ്റ് വെളിപ്പെടുത്തുന്നു.

ഒപ്പം നല്ല പേരന്റിംഗിനു ആവശ്യമായ നിർദ്ദേശങ്ങളും മറ്റും സമയബന്ധിതമായി വിവിധ മാർഗ്ഗങ്ങളിലൂടെ മാതാപിതാക്കളിൽ എത്തിക്കുവാനും ഇവർ പരിശ്രമിക്കുന്നു. “കുടുംബം” ആനുകൂല്യ കാർഡാണ് മറ്റൊരു പ്രത്യേക പദ്ധതി. ഇത് ഡെസ്പാർ ആസ്പിയാഗ് സർവീസ് ബ്രാൻഡുമായി (ഭക്ഷണ റീട്ടെയിലർ) ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ മൂന്നോ അതിൽ കൂടുതലോ കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് 10 യൂറോ വിലയുള്ള 12 വൗച്ചറുകളുടെ ഒരു ബുക്ക്‌ലെറ്റ് വിതരണം ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഉള്ള ഭാരം ലഘൂകരിക്കുകയും കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് അഡിഗെ-സുഡ്‌റ്റിറോൾ പ്രവിശ്യ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.