എല്ലാം പിന്നിൽ ഉപേക്ഷിക്കാൻ തക്കവിധം ക്രൈസ്തവജീവിതം മൂല്യമുള്ളതാണ്: മിഷൻപ്രവർത്തനത്തിനായി ദിവസവും ആറുമണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്ന വൈദികൻ

ഡൊമനിക്കൻ റിപ്പബ്ലിക്കിൽ, സാൻ ജുവാൻ ദെ ലാ മഗ്വാന രൂപതയിലെ ഒരു വൈദികൻ, 31 -ലധികം ഉൾഗ്രാമങ്ങളിലെ ജനങ്ങൾക്കുവേണ്ടി ദിവസവും ആറുമണിക്കൂറിലേറെയാണ് വാഹനം ഓടിക്കുന്നത്. അവിടെയുള്ള സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നല്കാനാണ് ഫാ. ജൂനിയർ വാസ്ക്വസും സഹവൈദികരും ഇത്രയധികം യാത്രചെയ്യുന്നത്. ആ നീണ്ടയാത്രകളെ കുറിച്ച് ഫാ. വാസ്ക്വസ് പറയുന്നത് ഇപ്രകാരമാണ്: ” തീരെ എളിയവരായ ഈ ജനത്തെ ശുശ്രൂഷിക്കാനായി ജീവിതം മുഴുവൻ നഷ്ടമാകുന്നതുപോലും നിസ്സാരമാണ്. ഇവരും, രക്ഷയുടെ സുവിശേഷം അറിയുന്നതിനുവേണ്ടി ഒരു മെഴുകുതിരിപോലെ ഉരുകാനാണ് എനിക്കിഷ്ടം.”

ഈ ഉൾഗ്രാമങ്ങൾ മിക്കവയും കുന്നുകളിലാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങൾ ആ സ്ഥലങ്ങളിൽ വളരെ പരിമിതമാണ്. അവരിൽ കുറച്ചുപേരെ പഠിപ്പിക്കാനായി തീരെ മോശം റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ആ വഴികൾ മിക്കവയും മഴക്കാലത്ത് ഒലിച്ചു പോകുന്നതും വെള്ളം കയറുന്നവയുമാണ്. ചിലപ്പോൾ ഈ വൈദികർക്ക് അരുവികളും പുഴകളും ഒക്കെ മുറിച്ചു കടക്കേണ്ടതായി വരാറുണ്ട്.

മോശം റോഡുകളും പഴഞ്ചൻ വാഹനവും ഫാ. വാസ്ക്വസിന്റെയും സഹവൈദികരുടെയും ആരോഗ്യത്തെ സാരമായിബാധിക്കുന്നു. ഇടയ്ക്കിടെ നന്നാക്കേണ്ടിവരുന്ന വാഹനം മിഷന് ഒരു ബാധ്യതയായി തീരാറുണ്ട്. ഇത്തരത്തിലുള്ള ഒരു മിഷൻ യാത്രയ്ക്കിടയിൽ കാൽമുട്ടിന് പരിക്കേറ്റ ഫാ. വാസ്ക്വസിന് ആറുമാസത്തോളം വിശ്രമിക്കണ്ടതായും വന്നിട്ടുണ്ട്.

മോഹനമായ പല വാഗ്ദാനങ്ങളും നല്കി ആളുകളെ ചേർക്കുന്ന വിവിധ സെക്ടുകൾ ഈ മിഷനുകളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ചിലയിടങ്ങളിൽ ചാപ്പലുകളില്ലാത്തതും കത്തോലിക്ക വിശ്വാസം വിട്ട് കുറേപ്പേർ സെക്ടുകളിലേക്കു പോകുന്നതും, വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്യാൻ ആളില്ലാത്ത അവസ്ഥയിൽ എത്തിക്കുന്നു.

“ദൈവത്തെക്കുറിച്ച് കേൾക്കാനുള്ള ജനത്തിന്റെ തീവ്രമായ ആഗ്രഹവും ആവശ്യവും, അതിനുവേണ്ടി സന്തോഷത്തോടെയുള്ള അവരുടെ അധ്വാനം കാണുകയും ചെയ്യുമ്പോഴുള്ള ആനന്ദം വളരെ വലുതാണ് അവർക്കുവേണ്ടി എന്തു കഷ്ടതകൾ ഏറ്റെടുക്കാനും അത് ഞങ്ങളെ പ്രാപ്തരാക്കുന്നു” – ഫാ.വാസ്ക്വസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.