’18 ഇടവകക്കാരെയാണ് കഴിഞ്ഞ വർഷം ഞാൻ അടക്കം ചെയ്തത്’ – നൈജീരിയൻ വൈദികന്റെ വെളിപ്പെടുത്തൽ

ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങളുടെ വാർത്തകളാണ് നൈജീരിയയിൽ നിന്നും ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നൈജീരിയയിലെ തരാബയിലെ ഒരു ഇടവകയിൽ ക്രൈസ്തവ സമൂഹം അനുഭവിച്ച അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഫാ. സിറിയാക്കസ് കമായി. ഒരു വർഷം കൊണ്ട് അദ്ദേഹം അടക്കം ചെയ്തത്, അക്രമികളാൽ കൊല്ലപ്പെട്ട 18 ക്രൈസ്തവരെയാണ്. ഈ ഒരു വർഷത്തിനുള്ളിൽ നിരവധി ക്രൈസ്തവരാണ് ഭവനരഹിതരായത്.

ക്രൈസ്തവർക്ക് സുരക്ഷ നൽകുന്നതിൽ സർക്കാർ വലിയ പരാജയമാണ്. വടക്കുകിഴക്കൻ നൈജീരിയൻ സംസ്ഥാനമായ തരാബയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന കുട്ടെബ് വംശീയഗ്രൂപ്പിലെ അംഗങ്ങളാണ് അക്രമത്തിന് ഇരകളാകുന്നവർ.

“ആരുടെയും ഭീഷണിയെ ഭയക്കാതെ ഞങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കു വേണ്ടി പോരാടും” – ഈ വൈദികൻ പറയുന്നു. ആഫ്രിക്കൻ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച്, 2010 മുതൽ 15,000-ത്തിലധികം കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളത്. മിക്ക കൂട്ടക്കൊലകളും പശ്ചിമ, മധ്യ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലാണ് നടന്നിരിക്കുന്നത്.

ജൂലൈ അവസാനം നടന്ന ആഫ്രിക്കൻ ബിഷപ്പുമാരുടെ യോഗത്തിൽ സംസാരിച്ച അബുജയിലെ മുൻ ആർച്ചുബിഷപ്പും നൈജീരിയയിലെ കർദ്ദിനാളുമായ ജോൺ ഒനായേക്കൻ, അക്രമത്തെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. “രാജ്യത്തുടനീളം വലിയ അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോ ദിവസവും ആളുകൾ കൊല്ലപ്പെടുന്നു. സുരക്ഷാസേന എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല.” – കർദ്ദിനാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.