“പ്രത്യാശ കൈവിടരുത്!”: ലിമയിലെ ബാൽക്കണിയിൽ നിന്ന് പ്രത്യാശയുടെ സന്ദേശം

പ്രത്യാശ കൈവിടരുതെന്നും ക്രിസ്തുവിൽ വിശ്വാസമർപ്പിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ ലിമയിലെ ബാൽക്കണിയിൽ നിന്ന് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. മൈക്രോഫോണിലെ ചില സാങ്കേതിക തടസ്സങ്ങൾക്കിടയിലും എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചുകൊണ്ട്, ലിമയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിന് പുറത്ത് പാപ്പയെ കാത്തുനിന്ന ജനക്കൂട്ടത്തെ മാർപാപ്പ അഭിസംബോധന ചെയ്തു. പ്രത്യാശ കൈവിടരുതെന്ന് എല്ലാവരോടും, പ്രത്യേകിച്ച് യുവാക്കളോടും പാപ്പ ആഹ്വാനം ചെയ്തു.

“ശുഭരാത്രി! നിങ്ങളെയെല്ലാം ഇവിടെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സ്വീകരണത്തിന് ഒരിക്കൽകൂടി നന്ദി!” നൺഷ്യേച്ചറിന്റെ ബാൽക്കണിയിൽ നിന്നുള്ള തന്റെ ഹ്രസ്വമായ പ്രസംഗം ആരംഭിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

“ഒരു പ്രേഷിത ശിഷ്യനാകുക, യേശുക്രിസ്തുവിനായി ജീവിതം സമർപ്പിക്കുക, സുവിശേഷത്തിന്റെ സദ്‌വാർത്ത പ്രഘോഷിക്കുക എന്നതെല്ലാം എത്ര മനോഹരമാണ്,” പാപ്പ പറഞ്ഞു. ആശീർവാദം സ്വീകരിക്കുന്നതിനായി അവിടെ സന്നിഹിതരായിരുന്ന എല്ലാവരോടും തങ്ങളുടെ കൈവശമുള്ള കുരിശുകളും ജപമാലകളും മറ്റ് വിശുദ്ധ വസ്തുക്കളും ഉയർത്തിപ്പിടിക്കാൻ മാർപാപ്പ ആവശ്യപ്പെട്ടു. കൂടാതെ, രോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക ആശീർവാദവും യുവാക്കൾക്കായി പ്രത്യേക പ്രാർഥനയും പാപ്പ നടത്തി.

“നിങ്ങൾ പ്രത്യാശയുടെ അടയാളമാണ്, പ്രത്യാശ കൈവിടരുത്, നിങ്ങളിൽ വിശ്വസിക്കുക, പെറുവിൽ വിശ്വസിക്കുക, എപ്പോഴും യേശുക്രിസ്തുവിൽ വിശ്വസിക്കുക!” യുവാക്കളോടായി പാപ്പ പറഞ്ഞു. പ്രസംഗത്തിന്റെ സമാപനത്തിൽ എല്ലാവർക്കും ആശീർവാദം നൽകിയ മാർപാപ്പ, ക്രിസ്തുവിനും കന്യകാമറിയത്തിനും കത്തോലിക്കാ സഭയ്ക്കും ജയ് വിളിക്കുകയും, അവിടെ കൂടിയിരുന്ന വിശ്വാസികൾ ഉച്ചത്തിൽ അത് ഏറ്റുവിളിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.