നവംബര്‍ 17: ഹംഗറിയിലെ വി. എലിസബത്ത്

പരോപകാര പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥ എന്നറിയെപ്പടുന്ന വി. എലിസബത്ത് 1207 -ല്‍ ജനിച്ചു. ഹംഗറിയിലെ രാജാവായിരുന്ന അലക്‌സാണ്ടര്‍ രണ്ടാമന്റെ മകളായിരുന്ന എലിസബത്തിനെ അവളുടെ പതിനാലാമത്തെ വയസില്‍ കുറിഞ്ചിയായിലെ രാജാവായ ലൂയിസ് വിവാഹം കഴിച്ചു.

എളിമപ്രവൃത്തികളിലും ആത്മപരിത്യാഗത്തിലും വളര്‍ന്നുവന്ന പുണ്യവതിയായ എലിസബത്തിന് തികച്ചും അനുരൂപനായ ഭര്‍ത്താവായിരുന്നു ലൂയി. അവര്‍ എല്ലാവരെയും കുചേല-കുബേരവ്യത്യാസമില്ലാതെ വീക്ഷിച്ചിരുന്നു. അതിനാല്‍ അവരുടെ ഭരണകാലത്ത് രാജ്യത്തെങ്ങും സംതൃപ്തിയും സമാധാനവും വിളയാടി. സമ്പത്തിനെ, ദരിദ്രര്‍ക്ക് കൊടുക്കാനുള്ള ഒരു വസ്തുവായി കണ്ടിരുന്ന എലിസബത്ത്, താന്‍ കണ്ടുമുട്ടുന്ന ദരിദ്രരെയെല്ലാം സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പകല്‍സമയം ഭൂരിഭാഗവും സാധുക്കള്‍ക്ക് വസ്ത്രം നിര്‍മ്മിക്കുന്നതിനായിട്ടാണ് വിശുദ്ധ ചെലവഴിച്ചിരുന്നത്. ദരിദ്രലക്ഷങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ കാഠിന്യം സ്വയം അനുഭവിക്കുന്നതിനായി പലപ്പോഴും അവള്‍ തന്റെ ഭക്ഷണം ഉപേക്ഷിച്ചിരുന്നു.

സാധുജനസംരക്ഷണത്തിനും ആതുരപരിചരണത്തിനുമായി ആത്മാര്‍പ്പണം ചെയ്തിരുന്ന വിശുദ്ധയുടെ കാരുണ്യത്തിന് എല്ലാവരാലും പരിത്യക്തരായ കുഷ്ഠരോഗികളും വിഷയമായിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിരവധി ആശുപത്രികള്‍ രാജ്ഞി സ്ഥാപിച്ചു. രാജ്ഞിയുടെ കാരുണ്യപ്രവൃത്തികളില്‍ സംപ്രീതനായ ദൈവം അനവധി അത്ഭുതങ്ങള്‍കൊണ്ട് ആ പ്രവൃത്തികളെ അനുഗ്രഹിച്ചിരുന്നു. ഈ അവസരത്തിലാണ്‌ പരിശുദ്ധ പിതാവിന്റെ അഭ്യര്‍ഥന അനുസരിച്ച് 1227 -ല്‍ ലൂയി കുരിശുയുദ്ധത്തിനായി പുറപ്പെട്ടത്. രാജ്ഞി തന്റെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചിരുന്ന സമയമായിരുന്നു അത്. യുദ്ധത്തിനുപുറപ്പെട്ട ലൂയി വിശുദ്ധസ്ഥലത്ത് എത്തുന്നതിനു മുമ്പുതന്നെ ജ്വരംബാധിച്ചു മരിച്ചു.

ഈ വാര്‍ത്തയറിഞ്ഞ എലിസബത്ത് വളരെയധികം ദുഃഖിച്ചെങ്കിലും അവള്‍ ദൈവതിരുമനസിന് കീഴ്‌വഴങ്ങുകയാണുണ്ടായത്. രാജ്യഭരണം മോഹിച്ച ലൂയിയുടെ സഹോദരന്മാര്‍ എലിസബത്തിനെ അവളുടെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം കൊട്ടാരത്തില്‍നിന്ന് ഇറക്കിവിട്ടു. നഗരവാസികളില്‍ പലരുടെയും അടുത്തുചെന്ന് തനിക്കും കുഞ്ഞുങ്ങള്‍ക്കും താമസിക്കാന്‍ സൗകര്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ലൂയിയുടെ സഹോദരന്മാരെ ഭയന്ന് ആരും അവളെ സ്വീകരിച്ചില്ല. തന്റെ കരങ്ങളില്‍നിന്ന് നിരവധി സഹായങ്ങള്‍ സ്വീകരിച്ചവര്‍, തന്നെ ഉപേക്ഷിച്ചപ്പോള്‍ ആ മനസ് വല്ലാതെ മുറിപ്പെട്ടുവെങ്കിലും സമചിത്തതയോടെ അവള്‍ അതെല്ലാം നേരിട്ടു.

കുറേക്കാലത്തേക്ക് എലിസബത്ത് കുഞ്ഞുങ്ങളുമായി അങ്ങുമിങ്ങും അലഞ്ഞുനടന്നു. ഒടുവില്‍ വിവരങ്ങളറിഞ്ഞ അവളുടെ അമ്മാവന്‍ ഒരു കൊട്ടാരം അവള്‍ക്കായി നല്‍കി. ഈ അവസരത്തിലാണ് ലൂയിയോടൊപ്പം കുരിശുയുദ്ധത്തിനുപോയ പ്രഭുക്കന്മാര്‍ തിരിച്ചെത്തുന്നത്. എലിസബത്തിന്റെ നിസ്സഹായത ബോധ്യപ്പെട്ട അവര്‍ ലൂയിയുടെ സഹോദരനായ ഹെന്റിയെക്കൊണ്ട് അതിനുള്ള പരിഹാരംചെയ്യിക്കാന്‍ നിശ്ചയിച്ചു.

തങ്ങളുടെ പ്രവൃത്തിയില്‍ മനസ്തപിച്ച ആ സഹോദരന്മാര്‍ എലിസബത്തിനെയും കുഞ്ഞുങ്ങളെയും കൊട്ടാരത്തില്‍ വിളിച്ചുവരുത്തി മാപ്പപേക്ഷിച്ചു. അവരില്‍നിന്നു കവര്‍ന്ന അവകാശങ്ങളെല്ലാം തിരികെകൊടുക്കുകയും ചെയ്തു. അവരുടെ മനസ്താപം യഥാര്‍ഥമായിരുന്നതിനാല്‍ എലിസബത്ത് തന്റെ മകന് പ്രായപൂര്‍ത്തിയാകുന്നതുവരെ രാജ്യം ഭരിക്കുന്നതിനായി ഹെന്റിയെ റീജന്റായി നിയമിച്ചു. തന്റെ മക്കളുടെ ഭാവി സുരക്ഷിതമായെന്നു കണ്ടപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ ചേര്‍ന്നു. അധികം താമസിക്കാതെ രോഗബാധിതയായ രാജ്ഞി 1231 നവംബര്‍ 19 -ാം തീയതി തന്റെ ഇരുപത്തിനാലാമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: സ്‌നേഹം ആര്‍ക്കും മുറിവ് സമ്മാനിക്കുന്നില്ല, മറിച്ച് മുറിവുണക്കുന്നു. സ്വയം മുറിഞ്ഞുകൊണ്ടും മറ്റുള്ളവരുടെ മുറിവുണക്കുന്നു – വിശുദ്ധിയുടെ വിജയരഹസ്യങ്ങള്‍.

ഇതരവിശുദ്ധര്‍: അല്‍ഫേയൂസും സക്കേയൂസും (+303) പാലസ്തീനിലെ രക്തസാക്ഷികള്‍/ അചിസ്‌കുളൂസും വിക്‌ടോറിയായും (+304) രക്തസാക്ഷികള്‍/ അലക്‌സാണ്ട്രിയായിലെ ഡിയണേഷ്യസ് (+265)/ ലിങ്കോണിലെ വിശുദ്ധ ഹ്യുഗ് ഹില്‍ഡാ (614-680) ബനഡിക്‌റ്റെന്‍ ആബട്ട്/ യൂജീന്‍ (+422)/നമാസിയൂസ്/പരാഗ്വായിലെ രക്തസാക്ഷികള്‍/ ഗ്രിഗരി (213-270)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.