ദരിദ്രർക്കായി ജീവിതം സമർപ്പിച്ച് വിശുദ്ധയായിത്തീർന്ന സ്കോട്ട്ലൻഡിലെ രാജ്ഞി

ഒരു രാജ്യത്തിന്റെ രാജ്ഞി, അതിലുപരി മക്കളെ ദൈവത്തോട് ചേർത്തു നിർത്തിയ വിശുദ്ധയായ ഒരു അമ്മ, പാവങ്ങളുടെ കണ്ണീരൊപ്പിയ പുണ്യവനിത. ഈ വിശേഷണങ്ങൾ ഒക്കെ ചെന്ന് നിൽക്കുന്നത് സ്കോട്ട്ലൻഡിലെ വിശുദ്ധ മാർഗരറ്റിലാണ്. 1045-ൽ ഹംഗറിയിലാണ് മാർഗരറ്റ് ജനിച്ചത്. ഇംഗ്ലീഷ് രാജകുടുംബാംഗമായിരുന്ന എഡ്വേർഡ് എക്സൈലിന്റെയും അഗതയുടെയും മകളായിരുന്നു വിശുദ്ധ മാർഗരറ്റ്. ചെറുപ്പം മുതൽ തന്നെ പ്രാർഥനയിലും ഉപവാസത്തിലും ദരിദ്രരെ സഹായിക്കുന്നതിലും മാർഗരറ്റ് അതീവ താല്പര്യം കാണിച്ചിരുന്നു.

1066-ൽ ഇംഗ്ലണ്ടിൽ നോർമൻ അധിനിവേശം ഉണ്ടായതിനെത്തുടർന്ന് മാർഗരറ്റും കുടുംബവും സ്കോട്ട്ലൻഡിലേക്ക് പലായനം ചെയ്തു. അവിടെ വച്ച് സ്കോട്ട്ലൻഡ് രാജാവായിരുന്ന മാൽക്കം മൂന്നാമൻ (Malcolm III) മാർഗരറ്റിനെ കണ്ടുമുട്ടുകയും 1070-ൽ അവർ തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. അങ്ങനെ മാർഗരറ്റ് സ്കോട്ട്ലാൻഡിന്റെ രാജ്ഞിയായി മാറി. രാജ്ഞി പദവിയിൽ എത്തിയെങ്കിലും മാർഗരറ്റിന്റെ ജീവിത ലാളിത്യത്തിനും വിനയത്തിനും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.

എല്ലാ ദിവസവും താൻ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുൻപ് ദരിദ്രരായ ആളുകൾക്ക് അവർ സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പി നൽകിയിരുന്നു. അനാഥരെയും വിധവകളെയും സംരക്ഷിക്കുന്നതിനും അടിമകളെ മോചിപ്പിക്കുന്നതിനും അവർ വലിയ പ്രാധാന്യം നൽകി. രാജ്ഞിയെന്ന നിലയിൽ, സ്കോട്ട്ലൻഡിന്റെ മതപരവും സാമൂഹികവുമായ ജീവിതത്തിൽ മാർഗരറ്റ് ശക്തമായ സ്വാധീനം ചെലുത്തി. വിശുദ്ധ കുർബാനയോടുള്ള ആഴമേറിയ ഭക്തി പ്രോത്സാഹിപ്പിച്ച അവർ, കൂദാശകളിൽ പതിവായി പങ്കെടുക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

പ്രശസ്തമായ ഡൺഫെർംലൈൻ ബെനഡിക്റ്റൈൻ ആശ്രമം ഉൾപ്പെടെയുള്ള നിരവധി ആശ്രമങ്ങളുടെയും ദൈവാലയങ്ങളുടെയും സ്ഥാപനത്തിന് അവർ പിന്തുണ നൽകി. രാജകീയ ഉത്തരവാദിത്തങ്ങൾക്കിടയിലും ലളിതവും പ്രാർഥനാപൂർണ്ണവുമായ ജീവിതശൈലിയാണ് മാർഗരറ്റ് നയിച്ചിരുന്നത്. വിശുദ്ധ ഗ്രന്ഥ പാരായണത്തിനും പ്രാർഥനയ്ക്കും ഉപവാസത്തിനുമായി അവർ ദീർഘസമയം മാറ്റിവച്ചു. അനാഥരെ നേരിട്ട് പരിപാലിക്കുകയും ദരിദ്രരെ സ്വീകരിക്കുകയും രോഗികളെ സന്ദർശിക്കുകയും ചെയ്യുന്നത് മാർഗരറ്റിന്റെ ദിനചര്യകളിൽ ഒന്നായിരുന്നു.

ഭർത്താവായ മാൽക്കം മൂന്നാമൻ (Malcolm III) അവരുടെ വിശ്വാസത്തെ ആദരിക്കുകയും, ജീവകാരുണ്യപരവും മതപരവുമായ പല സംരംഭങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇവർക്ക് എട്ട് മക്കളുണ്ടായിരുന്നു; അവരിൽ പലരും പിന്നീട് സ്കോട്ട്ലൻഡിന്റെ ഭരണാധികാരികളായി മാറി. 1093 നവംബറിൽ, ആനിക്കിന് (Alnwick) സമീപം നടന്ന സൈനിക പോരാട്ടത്തിൽ തന്റെ ഭർത്താവ് മാൽക്കം മൂന്നാമൻ രാജാവും മൂത്തമകൻ എഡ്വേർഡും കൊല്ലപ്പെട്ടെന്ന ഹൃദയഭേദകമായ വാർത്ത മാർഗരറ്റ് അറിഞ്ഞു. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്ന അവർ 1093 നവംബർ 16-ന് എഡിൻബർഗ് കാസിലിൽ വച്ച് മരണമടഞ്ഞു.

1250-ൽ ഇന്നസെന്റ് നാലാമൻ മാർപാപ്പ മാർഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡിന്റെ മധ്യസ്ഥയായും വലിയ കുടുംബങ്ങളുടെയും അമ്മമാരുടെയും മധ്യസ്ഥയായും വിശുദ്ധ മാർഗരറ്റ് വണങ്ങപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.