“ഞാൻ മാർപാപ്പയാണ്!”: 94-കാരനായ മോൺസിഞ്ഞോർ എസ്തബാൻ പ്യൂഗിനെ കണ്ണീരണിയിച്ച ലെയോ പാപ്പയുടെ ഫോൺ കോൾ

ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്രതീക്ഷിത ഫോൺ വിളി ലഭിച്ചതിന്റെ വികാരനിർഭരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് 94-കാരനായ മോൺസിഞ്ഞോർ എസ്തബാൻ പ്യൂഗ്. 2025 മെയ് എട്ടിന് റോബർട്ട് പ്രെവോസ്റ്റ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടന്നത്.

​ഓഫീസിലിരിക്കെ വന്ന ഫോൺ കോളിൽ “ഞാൻ മാർപാപ്പയാണ്” എന്ന ശബ്ദം കേട്ടപ്പോൾ ആരോ തന്നെ പറ്റിക്കാൻ ശ്രമിക്കുകയാണെന്നാണ് മോൺ. പ്യൂഗ് ആദ്യം കരുതിയത്. “കളിയാക്കല്ലേ” എന്ന് മറുപടി നൽകിയെങ്കിലും മറുതലയ്ക്കൽ സംസാരിക്കുന്നത് പരിശുദ്ധ പിതാവാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം സന്തോഷം കൊണ്ട് വിതുമ്പിപ്പോയി. പെറുവിൽ ബിഷപ്പായിരുന്ന കാലം മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആദ്യം ശബ്ദം തിരിച്ചറിയാൻ കഴിയാതെ പോയതിൽ വിഷമം തോന്നിയ അദ്ദേഹം പിന്നീട് മാർപാപ്പയ്ക്ക് കത്തെഴുതി ക്ഷമ ചോദിക്കുകയും ചെയ്തു.

​സ്പെയിനിൽ ജനിച്ച മോൺസിഞ്ഞോർ പ്യൂഗ് 1959 മുതൽ പെറുവിൽ വിദ്യാഭ്യാസ – അജപാലന മേഖലകളിൽ സജീവമാണ്. അടുത്തിടെ അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് മാർപാപ്പ സ്വന്തം കൈപ്പടയിൽ ഒപ്പിട്ട പ്രത്യേക പ്രശംസാപത്രവും അയച്ചുകൊടുത്തിരുന്നു.

ആരോഗ്യകാരണങ്ങളാൽ മാർപാപ്പയുടെ പെറു സന്ദർശനവേളയിൽ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ആ ഫോൺ വിളി ജീവിതാവസാനം വരെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഓർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.