
ഭൂമിക്കെതിരായ അതിക്രമം ജനങ്ങൾക്കെതിരായ അതിക്രമത്തിനു തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ലെയോ പതിനാലാമൻ പാപ്പ. ലിമയിലേക്ക് തിരിക്കുന്നതിന് മുൻപ്, പുക്കാൽപ്പയിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്ത ദിവ്യബലി അർപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.
താലന്തുകളുടെ ഉപമയെ ആസ്പദമാക്കി വചനസന്ദേശം നൽകവെ, ആമസോൺ വനനശീകരണവും അവിടുത്തെ ജനതയുടെ അന്തസ്സിനു നേരെയുള്ള ഭീഷണികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പ സംസാരിച്ചു. ഈ വിഷയത്തിൽ തന്റെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് പാപ്പ തുടങ്ങിയവരുടെ നിലപാടുകളോട് താനും യോജിക്കുന്നതായി ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി.
സൃഷ്ടികളെ ചൂഷണം ചെയ്യാനും മലിനമാക്കാനുമുള്ള മാർഗങ്ങൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇതിനെതിരെ “വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ്, അതും വളരെ സാവധാനത്തിലാണ് ചെയ്യപ്പെട്ടിട്ടുള്ളത്” എന്ന് പാപ്പ എടുത്തു പറഞ്ഞു.
“സാമൂഹിക സമാധാനവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഒന്നിച്ച് പോകുന്നവയാണ്. അതുകൊണ്ടാണ് ജനങ്ങൾക്കെതിരായ അതിക്രമം ഭൂമിക്കെതിരായ അതിക്രമവും, ഭൂമിക്കെതിരായ അതിക്രമം ജനങ്ങൾക്കെതിരായ അതിക്രമവുമായി മാറുന്നത്,” പാപ്പ കൂട്ടിച്ചേർത്തു.




