റോമിലെ ഭവനരഹിതരായ സഹോദരങ്ങളെ ഈസ്റ്ററിനായി ഒരുക്കി ക്ലരീഷ്യൻ സന്യാസിനീ സമൂഹം

വത്തിക്കാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾക്ക് ഈസ്റ്റർ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ സംഘടിപ്പിച്ചു. അനുതാപനിമിഷങ്ങളും ഉൾപ്പെടുന്ന ഈ ഒരുക്കത്തിന് മുൻകൈയെടുക്കുന്നത് ക്ലരീഷ്യൻ സന്യാസിനീസമൂഹത്തിലെ അംഗങ്ങളാണ്.

ആരെയും ഒഴിവാക്കാതെ, ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന യേശുവിന്റെ പുനരുത്ഥാനം പ്രദാനം ചെയ്യുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഭവനരഹിതരായ ആളുകൾക്ക് ജീവിതത്തിൽ അനുഭവവേദ്യമാകുന്നതിനു വേണ്ടിയാണ് നിരവധി വർഷങ്ങളായി സന്യാസിനിമാർ ഈ സേവനം തുടരുന്നത്. മാർച്ചുമാസം ഇരുപത്തിയാറാം തീയതിയാണ് ഈ ഒരുക്കശുശ്രൂഷ നടത്തിയത്.

തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കു ഭക്ഷണം മാത്രമല്ല ആവശ്യമെന്നും, നമ്മുടെ സാന്നിധ്യവും പ്രാർഥനയുമെല്ലാം അവരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതായും സഹോദരിമാർ എടുത്തു പറഞ്ഞു. മാസത്തിലൊരിക്കൽ ഈ ആളുകളോടൊപ്പം, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും ധ്യാനിക്കുന്നതും പ്രാർഥിക്കുന്നതും മറക്കാനാവാത്ത അനുഭവങ്ങളാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വത്തിക്കാൻ ചത്വരത്തിനു വെളിയിൽ ഇപ്രകാരം പ്രാർഥന നടത്തുമ്പോൾ നിരവധി വിനോദ സഞ്ചാരികളും ഒപ്പം കൂടി പ്രാർഥിക്കുന്നുവെന്നും സഹോദരിമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.