‘രോഗങ്ങൾ ദൈവം നൽകുന്ന ശിക്ഷയല്ല’: അതിജീവനത്തിന്റെ കഥപറഞ്ഞ് ഒരു കോളേജ് പ്രൊഫസർ

“ദൈവം നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും തിന്മ അയയ്‌ക്കുന്നില്ല. പിന്നെയോ ജീവിതത്തിൽ പ്രശ്നങ്ങളെ നേരിടാനുള്ള ശക്തിയും കൃപയുമാണ് നൽകുന്നത്”- ഫിസിയോതെറാപ്പിസ്റ്റും ആഫ്രിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പാബ്ലോ ഡെൽഗാഡോ ഡി ലാ സെർനയുടെ വാക്കുകളാണിത്. 16 വയസ്സുള്ളപ്പോൾ മുതൽ മരുന്നുകളെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇക്കാലയളവിനുള്ളിൽ അദ്ദേഹം വിധേയനായത് മൂന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കാണ്. എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മായാറില്ല. ഇന്ന് അനേകർക്ക് പ്രതീക്ഷ പകരുന്ന പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ ജീവിതം വായിച്ചറിയാം.

അമ്മയുടെ ഉദരത്തിൽ ആറ് മാസം പ്രായമായിരുന്നപ്പോൾ തന്നെ, പാബ്ലോയ്ക്ക് ബ്ലാഡർ റിഫ്ലക്സ് എന്ന രോഗമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഡോക്ടർ പാബ്ലോയ്ക്ക് നിശ്‌ചയിച്ചിരുന്ന ആയുസ്സ് ഒരു വർഷമായിരുന്നു. എന്നാൽ പാബ്ലോയ്ഡുടെ മേൽ ദൈവകരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം മികച്ച ഡോക്ടറുടെ അടുത്ത് തന്നെ പാബ്ലോക്ക് വേണ്ടിയുള്ള ചികിത്സകൾ നടത്തുകയും ചെയ്തു.

പതിനേഴാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. പിന്നീട് 24-ാം വയസ്സിലും 28-ാം വയസ്സിലും അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. “എല്ലാ അവയവങ്ങളും മരിച്ചവരുടേതാണ്. മനുഷ്യരാശിയോട് നമ്മെ കടപ്പെടുത്തുന്ന ഔദാര്യത്തിന്റെ പ്രവൃത്തിയാണിത്. അതുകൊണ്ടാണ് ഞാൻ ആഫ്രിക്കയിലേക്ക് പോയത്. ആളുകളെ പരിപാലിക്കാൻ, മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ഒരു ആരോഗ്യ പ്രവർത്തകനായി മാറി. എനിക്ക് വൃക്ക തന്ന ആളുകൾക്കെല്ലാം നന്ദി”- പാബ്ലോ പറഞ്ഞു.

തന്റെ കൗമാരക്കാലം രോഗിയായതു കൊണ്ട് തന്നെ അദ്ദേഹത്തിന് പ്രയാസമായിരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനായി അദ്ദേഹത്തിന് സ്വയം അനുഭവപ്പെട്ടു. ദൈവം എന്തിനാണ് തന്നെ ഒരു രോഗിയാക്കിയതെന്ന് പോലും പാബ്ലോ പലപ്പോഴും ചിന്തിച്ചുപോയി. “പലപ്പോഴും എന്റെ വിശ്വാസം പോലും ആടിയുലഞ്ഞു. പിന്നീട് ഞാൻ മനസിലാക്കി. ഇത് ദൈവത്തിന്റെ ശക്തിയും കൃപയും എന്നിൽ നിറയ്ക്കാൻ വേണ്ടിയുള്ള മാർഗ്ഗങ്ങളായിരുന്നുവെന്ന്”- പാബ്ലോ പറഞ്ഞു. പാബ്ലോ കടന്നുപോയ ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തെ യഥാർത്ഥ സമാധാനം കണ്ടെത്താൻ സഹായിച്ചത്. ദൈവവുമായും സ്വയമേവയും അദ്ദേഹം സമാധാനത്തിലായി. ക്രമേണ പാബ്ലോ സമ്പൂർണ്ണ വിശ്വാസം നേടുകയായിരുന്നു.

“സന്തോഷമില്ലാതിരിക്കുന്നത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ അഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ക്രൈസ്തവർ എപ്പോഴും സന്തോഷമുള്ളവരായിരിക്കണം”- ഫ്രാൻസിസ് പാപ്പാ ഒരിക്കൽ പറഞ്ഞു. തന്നെ കാത്തിരിക്കുന്നത് എന്താണെന്നോ താൻ എത്ര കാലം ജീവിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ പാബ്ലോയ്ക്ക് അറിയില്ല. പക്ഷേ താൻ വളരെ ഭാഗ്യവാനാണെന്നാണ് പാബ്ലോ പറയുന്നത്.

രോഗാവസ്ഥയെ നാം എപ്പോഴും അംഗീകരിക്കണം. ചിലപ്പോൾ നമ്മൾ തളരാം; വീഴാം. എന്നാലും പ്രത്യാശയും ശുഭാപ്തി വിശ്വാസവും കൈവിടാതെ നാം മുന്നോട്ട് പോകണം. നമ്മൾ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ജീവിതത്തിൽ തളരും. രോഗിയാണെങ്കിലും നമുക്ക് ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഇത് മനസിലാക്കിയില്ലെങ്കിൽ ഒരുവൻ രോഗിയായാലും ആരോഗ്യവാനായാലും ജീവിതം കയ്പേറിയതാവും.

ജീവിതത്തിന്റെ ദുഷ്‌കരമായ സമയങ്ങളിൽ ഈശോയുടെ ഗെത്‌സെമൻ അനുഭവമായിരുന്നു പാബ്ലൊയെ സഹായിച്ചത്. ദൈവം സംശയിച്ചുവെങ്കിൽ സ്വാഭാവികമായും നമ്മളും സംശയിക്കും. എങ്കിലും നാം ദൈവഹിതത്തിനു കീഴ്വഴങ്ങണം.

“എല്ലാ പ്രശ്‌നങ്ങളും എന്നെ വ്യക്തിപരമായി കൂടുതൽ സമ്പന്നനാക്കുകയായിരുന്നു. എനിക്കെപ്പോഴും സന്തോഷമായിരുന്നു. നമ്മുടെ പക്കലുള്ളതിനെ കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം”- പാബ്ലോ പറയുന്നു. മറ്റുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് അവയവ ദാനം. നമ്മൾ അവയവം സ്വീകരിക്കുന്നതിലൂടെ എപ്പോഴും മറ്റൊരു വ്യക്തിയോട് കടപ്പെടുകയാണ്. ആ വ്യക്തി നമ്മിലൂടെ മരണശേഷവും ജീവിക്കുകയാണ്.

പാബ്ലോയുടെ മാതാപിതാക്കൾ വളരെയധികം ആഴപ്പെട്ട കത്തോലിക്കാ വിശ്വാസമുള്ളവരായിരുന്നു. ജെസ്യൂട്ട് വൈദികർ നടത്തുന്ന സ്‌കൂളിലാണ് പാബ്ലോ പഠിച്ചത്. അതുകൊണ്ട് തന്നെ മരിയ ഭക്തി അദ്ദേഹത്തിൽ അറിയാതെ തന്നെ വേരൂന്നിയിട്ടുണ്ട്.

കാൽ മുറിച്ചുമാറ്റിയതും വൃക്കയിൽ ട്യൂമറും കണ്ടെത്തിയതിനെത്തുടർന്ന് ഏകദേശം രണ്ടര വർഷത്തോളം അദ്ദേഹം അവധിയിലായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ആഫ്രിക്കയിലെ ഫ്രാൻസിസ്കോ ഡി വിറ്റോറിയ സർവകലാശാലയിൽ അധ്യാപകനായി വീണ്ടും തന്റെ ജോലി തുടങ്ങിയിരിക്കുകയാണ്. തന്റെ ഭാര്യയും മകളുമാണ് തന്റെ ജീവിതത്തിന്റെ പ്രചോദനം എന്നാണ് പാബ്ലോ പറയുന്നത്. അവർ ദൈവം അദ്ദേഹത്തിന് നൽകിയ പ്രത്യേക സമ്മാനങ്ങൾ ആയിരുന്നത്രേ. എല്ലാ ദിവസവും ആരോഗ്യം പാബ്ലോയിൽ നിന്ന് അകറ്റുന്ന ശക്തി അവർ അദ്ദേഹത്തിന് നൽകിയിരുന്നു.

2020- ൽ പാബ്ലോ ‘ഡയറി ഓഫ് എ ട്രാൻസ്പ്ലാൻറ്’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തിൽ ജീവൻ എന്ന സമ്മാനത്തെ വിലമതിക്കാൻ രോഗം തന്നെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. തന്റെ രോഗത്തിലൂടെ ജീവിതത്തിൽ വരുന്ന എന്തും നേരിടാനുള്ള ശക്തി തനിക്ക് നൽകണമെന്നാണ് പാബ്ലോ പ്രാർത്ഥിക്കുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.