25 വർഷങ്ങളായി ബധിരർക്കു സുവിശേഷം പകരുന്ന കത്തോലിക്കാ സംഘടന

കഴിഞ്ഞ 25 വർഷങ്ങളായി ബധിരരായ ആളുകൾക്കിടയിൽ സുവിശേഷം പ്രഘോഷിക്കുകയാണ് ഇക്വഡോറിലെ ഗ്വായാക്വിലിലെ കത്തോലിക്കാ അപ്പോസ്‌തോലേറ്റ് ‘മി കൊരാസോൻ ടെ എസ്‌കുച്ച.’ 1997 സെപ്റ്റംബർ 25-ന്, കത്തോലിക്കാ സഹോദരിമാരായ ഗ്ലാഡിസും ആലിസൺ ചിലൂയിസ സെഗോവിയയും ചേർന്നു സ്ഥാപിച്ച ഈ സംഘടന, ഇക്വഡോറിലെ തന്നെ ശ്രവണവൈകല്യമുള്ള അനേകം ആളുകൾക്ക് അനുഗ്രഹമായി മാറുകയാണ്.

ഗ്ലാഡിസും ആലിസൺ ചിലൂയിസ സെഗോവിയയും അവരുടെ നഗരത്തിലെ ശ്രവണവൈകല്യമുള്ള ആളുകളെ അവരുടെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മി കൊരാസോൻ ടെ എസ്‌കുച്ച’ അപ്പോസ്‌തോലേറ്റ് സ്ഥാപിച്ചത്. സമൂഹത്തിൽ പലയിടങ്ങളിലും അവഗണനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഈ കൂട്ടരുടെ ആത്മീയജീവിതത്തിന് കരുത്തു പകരുക എന്നതായിരുന്നു ഈ സഹോദരിമാരുടെ ലക്ഷ്യം. മെനഞ്ചൈറ്റിസിനെ തുടർന്ന് ശ്രവണവൈകല്യവുമായി ബുദ്ധിമുട്ടിയ തങ്ങളുടെ സഹോദരന്റെ അവസ്ഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഗ്ലാഡിസ്, ആലിസൺ സഹോദരിമാർ ഈ സംഘടനയ്ക്ക് രൂപം നൽകിയത്.

തങ്ങളുടെ സഹോദരനായി ആംഗ്യഭാഷ പഠിച്ച സഹോദരിമാർ അവരുടെ ഇടവകയിൽ ശ്രവണവൈകല്യമുള്ള ആളുകളെ സഹായിക്കാൻ തുടങ്ങി. അപ്പോഴാണ് കേൾവിക്കുറവ് മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് വിശ്വാസം ശരിയായി പഠിക്കാനോ, ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനോ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവർ മനസിലാക്കിയത്. അങ്ങനെ നാലു വർഷങ്ങൾക്കു ശേഷം ഗ്ലാഡിസ്, ആലിസൺ സഹോദരിമാർ ഈ അപ്പസ്തോലേറ്റിന് രൂപം നൽകി. അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംഘടന ആദ്യം, ബധിരരായ 15 പേർക്ക് വിശ്വാസപരിശീലനം നൽകി. വിശ്വാസപരിശീലനത്തിൽ പ്രത്യേക പരിശീലനം നേടിയ രണ്ടു വൈദികരും ഉൾപ്പെട്ടിരുന്നു. അവർ ബധിരർക്ക് ആവശ്യമായ ആത്മീയ മാർഗ്ഗനിർദ്ദേശങ്ങളും കൂദാശകളും പരികർമ്മം ചെയ്ത് ഒപ്പം നിന്നു.

“ബധിരർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകളുണ്ട്. ഡോക്ടറുടെ അടുത്തേക്ക്, ബാങ്കിലേക്ക്, അവരുടെ ജോലിസ്ഥലത്ത്, സ്കൂളുകളിലേക്ക് ഒക്കെ പോകാൻ അവർ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവരുടെ ആംഗ്യഭാഷ പലപ്പോഴും സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്നുമില്ല” – ഗുയാക്വിൽ അതിരൂപതയുടെ ബിഷപ്പ് വ്യക്തമാക്കി. ഇന്ന് ഇക്വഡോറിലെ ബധിരരായ ആളുകളുടെ ഇടയിൽ സുവിശേഷം പ്രഘോഷിക്കുകയാണ്, അവരുടെ വിശ്വാസത്തിന്റെ നേർക്കാഴ്ചയാവുകയാണ് ഈ അപ്പസ്തോലേറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.