
സഭയുടെ ചരിത്രത്തിൽ ചോരകൊണ്ടെഴുതപ്പെട്ട ഏടുകൾ നിരവധിയാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭ നേരിട്ട ഏറ്റവും ക്രൂരമായ വിപ്ലവ പീഡനങ്ങളിലൊന്നായിരുന്നു 1936 മുതൽ 1939 വരെ നടന്ന സ്പാനിഷ് ആഭ്യന്തരയുദ്ധം. ഈ കറുത്ത അധ്യായത്തിന്റെ ഏറ്റവും ഭയാനകവും രക്തരൂഷിതവുമായ ദിനങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചത് 1936 ഓഗസ്റ്റ് മാസത്തിലാണ്. സ്പെയിനിൽ വധിക്കപ്പെട്ട കത്തോലിക്കാ മെത്രാന്മാരിൽ ഭൂരിഭാഗവും വിശ്വാസത്തെപ്രതി ജീവൻ വെടിഞ്ഞത് ഈ ഒറ്റ മാസത്തിലായിരുന്നു. ആ ഓർമ്മകൾക്ക് ഇപ്പോൾ 90 വർഷം തികയുകയാണ്.
ഭീതിയുടെയും പീഡനങ്ങളുടെയും നാളുകൾ
1936 ജൂലൈയിൽ സ്പാനിഷ് ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ക്രൈസ്തവ വിരുദ്ധ തരംഗം രാജ്യത്തുടനീളം ആഞ്ഞടിച്ചു. ദൈവാലയങ്ങൾ തകർക്കപ്പെടുകയും വിശുദ്ധ ഗ്രന്ഥങ്ങളും രൂപങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. വൈദികരും സമർപ്പിതരും സാധാരണക്കാരായ വിശ്വാസികളും വേട്ടയാടപ്പെട്ടു.
ഈ യുദ്ധകാലത്ത് 13 കത്തോലിക്കാ മെത്രാന്മാരാണ് രക്തസാക്ഷികളായത്. അതിൽ ഭൂരിഭാഗം പേരുടെയും ജീവനെടുത്തത് 1936 ഓഗസ്റ്റിലെ രക്തരൂഷിതമായ ദിനങ്ങളിലായിരുന്നു. നഗരം പിടിച്ചടക്കിയതിനെത്തുടർന്ന് ജൂലൈ മാസത്തിൽ മിലിഷ്യക്കാരുടെ കൈകളാൽ സിഗുവൻസയിലെ മെത്രാനായ യുസ്റ്റാക്വിയോ നീറ്റോ കൊല്ലപ്പെട്ടതിന് പിന്നാലെ, ഓഗസ്റ്റ് അഞ്ചിനാണ് മെത്രാന്മാരുടെ രക്തസാക്ഷിത്വം ആരംഭിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സ്വന്തം രൂപതയിൽ തന്നെ തുടരാൻ സന്നദ്ധനായ ലെറിഡയിലെ മെത്രാൻ സാൽവിയോ ഹൂയിക്സ് ആയിരുന്നു ആദ്യ ഇര. അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ട അദ്ദേഹത്തെ, തന്റെ മെത്രാൻ പദവി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ലെറിഡാ ശ്മശാനത്തിൽ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.
ക്വെങ്കയിലെ മെത്രാനായിരുന്ന മോൺസിഞ്ഞോർ ക്രൂസ് ലാപ്ലാന തനിക്കൊപ്പമുള്ള വൈദികരെ ഉപേക്ഷിച്ചുപോകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് മരണത്തെ പുൽകിയത്. 1936 ജനുവരിയിൽ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ബാർബാസ്ട്രോ രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുകയും ചെയ്ത മോൺസിഞ്ഞോർ ഫ്ലോറന്റീനോ അസെൻസിയോ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് മരണമടഞ്ഞത്. ജൂലൈ 22 മുതൽ തടവിലായിരുന്ന അദ്ദേഹത്തെ ഓഗസ്റ്റ് 8-ന് ഏകാന്തതടവിലേക്ക് മാറ്റുകയും, ജനനേന്ദ്രിയം ഛേദിക്കുന്നതടക്കം ക്രൂരമായ വിവിധ പീഡനങ്ങൾക്കിരയാക്കുകയും ചെയ്തു. ഓഗസ്റ്റ് 8-ന് പുലർച്ചെ, മറ്റ് തടവുകാരോടൊപ്പം ബാർബാസ്ട്രോ ശ്മശാനത്തിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ, തന്നെ വധിക്കാൻ വന്നവർക്ക് മാപ്പുനൽകി ആശീർവദിക്കുന്നതിനിടെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മിഗ്വൽ സെറ മെത്രാൻ സെഗോർബെ ജൂലൈ 27-ന് മറ്റ് വൈദികർക്കൊപ്പം അറസ്റ്റിലായി. സഭയിലെ മറ്റ് പ്രമുഖരെപ്പോലെ തന്നെ, ഓഗസ്റ്റ് 9-ന് പുലർച്ചെ ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയേറ്റ് മരിക്കുന്നതിന് മുൻപ് അദ്ദേഹവും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഓഗസ്റ്റ് 22-ന് സിയൂദാദ് റിയാലിലെ മെത്രാനും സൈനിക ഓർഡറുകളുടെ പ്രിയോറുമായിരുന്ന നർസീസോ ഡി എസ്തനാഗ മെത്രാൻ ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1936 ഓഗസ്റ്റ് 30-ന് അൽമേരിയയിലെ മെത്രാനായ മോൺസിഞ്ഞോർ ദിയേഗോ വെന്താഹയും ഗവാഡിക്സിലെ മെത്രാനായ മോൺസിഞ്ഞോർ മാനുവൽ മെദീനയും രക്തസാക്ഷിത്വത്തിന്റെ മഹത്വം പ്രാപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് രണ്ട് മെത്രാന്മാരും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിരുന്ന ഒരു വൈദികനും കൂടി രക്തസാക്ഷിത്വം വരിച്ചു.
സഭയും രക്തസാക്ഷികളുടെ ഓർമ്മയും
ഈ വധശിക്ഷകൾ കേവലം വ്യക്തികൾക്കെതിരെയുള്ള ആക്രമണമല്ലായിരുന്നു, മറിച്ച് കത്തോലിക്കാ സഭയുടെ അസ്തിത്വത്തിന് നേരേയുള്ള കടന്നാക്രമണമായിരുന്നു. എന്നാൽ ക്രൂരതകൾക്ക് വിശ്വാസത്തിന്റെ ദീപശിഖ അണയ്ക്കാനായില്ല. വർഷങ്ങൾക്കിപ്പുറം, കത്തോലിക്കാ സഭ ഈ രക്തസാക്ഷികളുടെ ത്യാഗത്തെ ആദരിക്കുകയും അവരിൽ ഭൂരിഭാഗം പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രതികാരചിന്തയ്ക്കപ്പുറം ക്ഷമയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈ രക്തസാക്ഷികൾ ലോകത്തിന് നൽകിയത്.
1936 ഓഗസ്റ്റിലെ ആ ദാരുണ സംഭവങ്ങൾക്ക് 90 വർഷം പൂർത്തിയാകുമ്പോൾ, സ്പാനിഷ് സഭയും ആഗോള കത്തോലിക്കാ സമൂഹവും ഈ ദൈവദാസന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു. വിദ്വേഷം നിറഞ്ഞ ലോകത്ത് വിശ്വാസത്തിനും സഹോദര്യത്തിനും വേണ്ടി നിലകൊള്ളാൻ ഈ രക്തസാക്ഷികളുടെ ജീവിതം ഇന്നത്തെ തലമുറയെയും ഓർമ്മിപ്പിക്കുന്നു.




