വത്തിക്കാനിൽ നടന്ന ആദ്യ ആഗോള യുവജനസമ്മേളനത്തിന് 40 വയസ്സ്; വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി വത്തിക്കാൻ

ആഗോളതലത്തിൽ വലിയ വിജയമായി മാറിയ യുവജനസമ്മേളനത്തിന് 40 വയസ്സ്  ആകുന്നു. 1984 ഏപ്രിൽ 14, 15 തീയതികളിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജനസംഗമം നടന്നത്.

1984-ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങളിലാണ് പങ്കെടുത്ത യുവജനങ്ങൾക്ക്‌ അന്ന് ആതിഥേയത്വം ഒരുക്കിയിരുന്നത്. ആഗോള യുവജനസംഗമത്തിന്റെ സ്മരണാഥം റോമിലെ അന്താരാഷ്ട്ര യുവജന സംഗമകേന്ദ്രമായ വി. ലോറൻസ് ശാലയിൽ രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അത്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയും ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷനും ചേർന്നാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഏപ്രിൽ പതിമൂന്നാം തീയതി ശനിയാഴ്ച്ച, വൈകുന്നേരം ആറു മണിക്ക് വി. പത്രോസിന്റെ ചത്വരത്തിൽ നിന്നും ആരംഭിക്കുന്ന വിശുദ്ധ കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സമ്മേളനനഗരിയിൽ എത്തിച്ചേരുന്നതോടെ ആഘോഷപരിപാടികൾ ആരംഭിക്കും. തുടർന്ന് ഏഴു മണിക്ക് കർദിനാൾ ഹോസെ തോളെന്തീനോയുടെ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന നടക്കും. ജാഗരണപ്രാർഥനയോടെ ആദ്യദിവസത്തെ കർമ്മങ്ങൾക്കു സമാപനമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.