സാന്റോ ഡൊമിംഗോയിൽ ‘ജീവനുവേണ്ടി 40 ദിനങ്ങൾ’ പ്രാർഥനാ പ്രചാരണത്തിന് തുടക്കമായി

ഗർഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനായും ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘ഫോർട്ടി ഡേയ്സ് ഫോർ ലൈഫ്’ പ്രാർഥനാ പ്രചാരണത്തിന്റെ പുതിയ പതിപ്പിന് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിൽ തുടക്കമായി. സെപ്റ്റംബർ 23 ബുധനാഴ്ച നാഷണൽ കോൺഗ്രസിന് മുന്നിൽ നടന്ന പ്രത്യേക സംഗമത്തോടെയാണ് 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർഥനയും ഉപവാസവും പ്രചാരണവും ആരംഭിച്ചത്.

ഗർഭച്ഛിദ്രത്തിന് ഇരയാകുന്ന കുഞ്ഞുങ്ങൾക്കായും ജീവന്റെ മൂല്യം സംരക്ഷിക്കപ്പെടുന്നതിനായും പ്രാർഥനയും ഉപവാസവും സമാധാനപരമായ നൈറ്റ് വിജിലുകളും സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രസ്ഥാനമാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. സാന്റോ ഡൊമിംഗോ ആർച്ച് ഡയോസിസിലെ ലൈഫ് ആൻഡ് ഫാമിലി മന്ത്രാലയം, വിവിധ പ്രോ-ലൈഫ് കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ചാണ് ഈ വർഷത്തെ ശരത്കാല പ്രചാരണം പുരോഗമിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച റവ. മാരിയോ ഡി ലാ ക്രൂസ്, ജീവന്റെ അവകാശം സംരക്ഷിക്കുന്ന രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തു. മനുഷ്യന്റെ ഉദ്ഭവം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ സമൂഹത്തിലെ ഓരോ വ്യക്തിക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വരും ദിവസങ്ങളിൽ നാഷണൽ കോൺഗ്രസിന് മുന്നിലും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ജീവന്റെ സന്ദേശമുയർത്തി പ്രാർഥനാനിരതരാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.