
പെറുവിലെ അക്രമങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ സഭയെയും പാവപ്പെട്ട ജനങ്ങളെയും ഉപേക്ഷിച്ചുപോകാതെ ജീവൻ ബലിയർപ്പിച്ച ഫ്രാൻസിസ്കൻ വൈദികരുടെ രക്തസാക്ഷിത്വത്തിന് 35 വയസ്സ്. ‘ഷൈനിംഗ് പാത്ത്’ എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദ പ്രസ്ഥാനത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിഷ് ഫ്രാൻസിസ്കൻ വൈദികരായ സ്ബിഗ്നിയെവ് സ്ത്ഷാൽക്കോവ്സ്കി (Zbigniew Strzałkowski), മിഖായേൽ തോമാസ്ചെക് (Michał Tomaszek) എന്നിവരുടെ ധീരസ്മരണ പുതുക്കുകയാണ് പെറുവിലെ സഭയും വിശ്വാസികളും.
തീവ്രവാദികളുടെ ഭീഷണിയും അക്രമങ്ങളും രൂക്ഷമായപ്പോൾ തങ്ങളുടെ മാതൃരാജ്യമായ പോളണ്ടിലേക്ക് മടങ്ങാൻ അവസരമുണ്ടായിരുന്നിട്ടും, “ജനങ്ങൾക്ക് നമ്മെ ഏറ്റവും ആവശ്യമുള്ള സമയം ഇതാണ്” എന്ന് പ്രഖ്യാപിച്ച് അവർ പെറുവിൽ തന്നെ തുടരുകയായിരുന്നു. പാവപ്പെട്ട ഗ്രാമീണർക്ക് രോഗശമനത്തിനായി മരുന്നുകൾ എത്തിക്കാനും കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും അവർ അഹോരാത്രം പ്രയത്നിച്ചു. വൈദികരുടെ പ്രസംഗങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ജനങ്ങളെ മതത്തിലും സമാധാനത്തിലും ഉറപ്പിച്ചുനിർത്തുന്നത് തങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തിന് തടസ്സമാണെന്ന് തിരിച്ചറിഞ്ഞ തീവ്രവാദികൾ അവരെ വധിക്കാൻ തീരുമാനിച്ചു. അങ്ങനെ 1991 ഓഗസ്റ്റ് ഒൻപതിന് പെറുവിലെ പാരിയാക്കോട്ടോ എന്ന മലയോര ഗ്രാമത്തിൽ വച്ച് ചെറുപ്പക്കാരായ ഈ രണ്ട് വൈദികരെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു.
2015 ഡിസംബർ അഞ്ചിന് ഫ്രാൻസിസ് മാർപാപ്പ ഈ ധീര വൈദികരെയും, ഇവരോടൊപ്പം കൊല്ലപ്പെട്ട ഇറ്റാലിയൻ വൈദികനായ അലസ്സാന്ദ്രോ ദോർദിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പെറുവിന്റെ ചരിത്രത്തിലെ ആദ്യത്തെ കത്തോലിക്കാ രക്തസാക്ഷികളാണ് ഇവർ.




