
ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിൽ അനധികൃത മതപ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന പരാതിയെ തുടർന്ന് 24 സൗത്ത് കൊറിയൻ ക്രൈസ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ഒമ്പതിന് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മോറംഗ് ജില്ലയിലെ എക്യുമെനിക്കൽ സ്ഥാപനമായ നേപ്പാൾ ന്യൂ കവനന്റ് കോളേജിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇവർ തിയോളജിക്കൽ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.
അനധികൃത മതപഠനം, പരിശീലനം, പ്രചാരണം എന്നിവയിൽ പങ്കാളികളായെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണ കൊറിയൻ പൗരന്മാർ ടൂറിസ്റ്റ് വിസ നിബന്ധനകൾ ലംഘിച്ചുവെന്നും തുടർഅന്വേഷണത്തിനും നിയമനടപടികൾക്കുമായി അവരെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇമിഗ്രേഷൻ വകുപ്പിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോറംഗ് ജില്ലാ പോലീസ് മേധാവി കബിത് കട്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പൊലീസിന്റെ ഈ ആരോപണം അനാവശ്യമാണെന്ന് സഭാനേതൃത്വവും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി.
“മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും രാജ്യത്തെ ന്യൂനപക്ഷ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ശത്രുതാപരമായ സമീപനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണവുമാണ്” നേപ്പാളിലെ സഭാ നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് തികച്ചും നിരാശാജനകമാണെന്ന് എൻഎൻസിസി (NNCC) പ്രിൻസിപ്പലും ദൈവശാസ്ത്രജ്ഞനുമായ ശരദ് കെ.സി പ്രതികരിച്ചു. പ്രാദേശിക സഭാംഗങ്ങളുമായും വിദ്യാർഥികളുമായും സംവദിക്കാനുള്ള ഒരു പരിപാടിക്കായി എത്തിയ സൗത്ത് കൊറിയൻ അതിഥികളെ, പൊലീസ് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“വന്ന അതിഥികൾ ഒരു പ്രാദേശിക ബൈബിൾ കോളേജിനുള്ളിൽ വിശ്വാസികളുമായി സംവദിക്കുക മാത്രമാണ് ചെയ്തത്; അല്ലാതെ മതപരിവർത്തന ലക്ഷ്യത്തോടെ പരസ്യമായി സുവിശേഷം പ്രചരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല,” ശരദ് കെ.സി മാധ്യമങ്ങളോട് വ്യക്തമാക്കി.




