

കാനായിലെ കല്യാണവിരുന്ന്. കുടുംബനാഥന്റെ നിസ്സഹായത കണ്ടറിയുന്ന അമ്മമറിയം. പരസ്നേഹത്തിന്റെ നിറവിൽ. ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിന്റെ ആഴം എത്രയെന്ന് മുന്നേ കണ്ട അവൾ, തന്റെ മകൻ ഈ കുറവ് പരിഹരിക്കാൻ പ്രാപ്തനാണെന്ന് മനസ്സിലാക്കിയിരുന്നു.
താൻ സ്വന്തമാക്കിയ സ്നേഹം സമൃദ്ധമായി തന്റെ ജീവിത കൽഭരണിയിൽ നിന്നും മറ്റുള്ളവർക്ക് വിളമ്പാനും അവൾ ശ്രദ്ധിച്ചു. സ്നേഹം ഹൃദയത്തിനുള്ളിൽ സൂക്ഷിക്കേണ്ട വീഞ്ഞ് മാത്രമല്ലെന്ന് അമ്മമറിയത്തോളം മറ്റാരും അറിഞ്ഞിട്ടില്ല. അതുകൊണ്ടല്ലേ അന്ന് അവിടെ വീഞ്ഞ് തീർന്നുപോയപ്പോൾ തന്റെ മകനെ സമീപിച്ചതും സ്നേഹസമൃദ്ധി പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചതും.
ഇല്ലാത്തവന്റെ വല്ലായ്മയിൽ സന്തോഷിക്കാനല്ല, മറിച്ച് ഇല്ലാത്തവന്റെ വല്ലായ്മയിൽ സഹാനുഭൂതിയോടെ പ്രതികരിക്കാനും അവന്റെ വല്ലായ്മ തന്റേതും കൂടിയാക്കിത്തീർക്കണമെന്നും അമ്മമറിയം നമ്മെ പഠിപ്പിക്കുന്നു ഇവിടെ.
അന്യന്റെ അടുപ്പിൽ തീ പുകഞ്ഞില്ലങ്കിലും എന്റെ അടുപ്പിലെ തീ കെടാതെയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറിയം ഒരു വെല്ലുവിളിയാണ്. ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത ദൈവിക ഇടപെടലിന്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിത യാഥാർഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്. എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്നറിഞ്ഞു കൊണ്ട് കരുണയ്ക്കു വേണ്ടി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മധ്യസ്ഥരാകാനുള്ള കഴിവ് ഒരു കൃപയാണ്.
പുതുവീഞ്ഞിന്റെ ലഹരിയിൽ കരുണ യാചിച്ചവൻ ആശ്വസിച്ചാനന്ദിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, നിന്റെ പ്രാർഥനകൾ കരയുന്ന മറ്റൊരുവനു വേണ്ടി ദൈവസന്നിധിയിൽ ഉയരട്ടെ. അങ്ങനെ കാരുണ്യത്തിന്റെ കവാടമാകണം നിന്റെ ഹൃദയം. ഒരു ദൈവാലയവാതിൽ പോലെ അത് എല്ലാവർക്കും വേണ്ടി തുറക്കപ്പെടട്ടെ.
ജിൻസി സന്തോഷ്




