പനാമയിൽ ശക്തമായ ഭൂചലനം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദൈവാലയം തകർന്നു

പനാമായെ നടുക്കിയ ഭൂചലനത്തെയും തുടർചലനങ്ങളെയും തുടർന്ന് രാജ്യത്തെ ജനജീവിതം ദുസ്സഹമായി തുടരുന്നു. ഭൂചനലത്തെ തുടർന്ന് ദേശീയ ചരിത്ര പാരമ്പര്യ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട സാൻ അറ്റനാസിയോ ദൈവാലയം തകർന്നത് വിശ്വാസികളിൽ വലിയ വേദന ഉളവാക്കിയിരിക്കുകയാണ്.

ഒക്ടോബർ ഒമ്പതിനാണ് റിക്ടർ സ്കെയിലിൽ 7.7-ഉം 6.6-ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ രാജ്യത്തെ പിടിച്ചു കുലുക്കിയത്. ഇതേ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ആദ്യത്തെ തീവ്രമായ ഭൂചലനത്തിന് ശേഷം 5.8, 5.5, 5.2 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയവ ഉൾപ്പെടെ നൂറിലധികം തുടർചലനങ്ങളാണ് ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയത്. ഹെരേരയിലെ വിദൂര ഗ്രാമമായ പിറ്റലോസ അരിബയ്ക്ക് (Pitaloza Arriba) ആറു മൈൽ തെക്കുപടിഞ്ഞാറായി ആറുമൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു.

ഭൂകമ്പത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പനാമയിലെ പത്ത് പ്രവിശ്യകളിലും രണ്ട് തദ്ദേശീയ മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു. കുറഞ്ഞത് 13 പള്ളികൾ, ഒമ്പത് പാലങ്ങൾ, 420 വീടുകൾ അത്രതന്നെ സർക്കാർ സ്കൂളുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഏജൻസി കണക്കാക്കുന്നു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 40 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കൊളോണിയൽ കാലഘട്ടത്തിലെ ഗ്രാമമായ ലാ വില്ല ഡി ലോസ് സാന്റോസിൽ വീടുകളും ചരിത്രപ്രസിദ്ധമായ ഒരു കത്തോലിക്കാ ദൈവാലയവും തകർന്നുവീണു. തകർന്നുവീണ സാൻ അറ്റനാസിയോ ദൈവാലയം (Church of San Atanasio) 1938-ലാണ് ദേശീയ ചരിത്ര പാരമ്പര്യ കേന്ദ്രമായി (National Historic Heritage Site) പ്രഖ്യാപിക്കപ്പെട്ടത്. രാത്രി മുഴുവൻ തെരുവിൽ കഴിച്ചുകൂട്ടിയ ആളുകൾ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.