ആവർത്തിക്കരുതാത്ത കൊടുംക്രൂരത

അഡ്വ. ചാര്‍ളി പോള്‍

മദ്യലഹരിയിൽ പത്തൊൻപതുകാരൻ ഓടിച്ച, ചീറിപ്പാഞ്ഞ ആഡംബര കാർ സ്‌കൂട്ടറിൽ ഇടിച്ച് മൂന്ന് ജീവനുകൾ പൊലിഞ്ഞ ദാരുണസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നടുറോഡിൽ അരഞ്ഞു കൊല്ലപ്പെട്ടത്. എഫ്.ഐ.ആർ. രേഖപ്പെടുത്തിയ പൊലീസ് പ്രതിയുടെ സ്ഥാനത്ത് ‘അൺനോൺ’ അഥവാ ‘ആരെന്ന് അറിയില്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചത് എന്നുള്ള പരാമർശവും എഫ്.ഐ.ആറിൽ കാണുന്നില്ല. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന് പറഞ്ഞതുപോലെ, പണത്തിനു മുന്നിൽ നീതി മുട്ടുമടക്കുകയാണ്.

അപകടം നടന്നയുടൻ ഓടിക്കൂടിയവരോട് “എല്ലാം തന്റെ ബാപ്പ നോക്കിക്കോളും” എന്ന് വെല്ലുവിളിയോടെ പ്രതി സുഹൈൽ സജീവ് പറഞ്ഞിരുന്നു. 120 കിലോമീറ്റർ സ്പീഡിലാണ് താൻ കാറോടിച്ചിരുന്നതെന്നും പ്രതി സമ്മതിച്ചിരുന്നു. പ്രതിയെ സബ് ജയിലിലേക്ക് മാറ്റുന്നതിനു പകരം കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. ജയിൽചട്ടം 324 പ്രകരമാണ് ഇത്തരമൊരു കരുതൽ എന്നാണ് പൊലീസിന്റെ വിശദീകരണം.

ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16 നും 21 നുമിടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961 ലെ കേരള ബോസ്റ്റൽ സ്കൂൾസ് നിയമത്തിൽ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്ന് ജയിൽചട്ടത്തിലും പറയുന്നുണ്ട്. എന്നാൽ, റിമാൻഡ് പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിലാണ് ദുരൂഹത. പ്രതിയെ സബ് ജയിലേലേക്കു മാറ്റാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിനെതിരെ, അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

സുഹൃത്തുക്കളുമായി എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി നഗരത്തിലെ മൂന്നു ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് പ്രതി കാറിൽ ചീറിപ്പാഞ്ഞ് ഈ അപകടം ഉണ്ടാക്കിയത്. മദ്യപിക്കാനുള്ള നിയമാനുസൃത പ്രായം 23 വയസ്സാണ്. 19 വയസ്സുള്ള പ്രതിക്ക് ഈ ബാറുകളിൽ നിന്നൊക്കെ അനായാസം മദ്യം ലഭിച്ചു. ബാറുടമകളും ഇക്കാര്യത്തിൽ കുറ്റക്കാരാണ്. ഇത്രയും മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ വാഹനമോടിക്കുന്നയാളെ കണ്ടെത്തി പൊലീസ് നേരത്തെ നടപടിയെടുത്തിരുന്നെങ്കിൽ ഈ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു. വിമാനത്താവള റോഡ് നിറയെ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും അപകടം നടക്കുമ്പോൾ മാത്രമാണ് പൊലീസ് പരിശോധിക്കുന്നത്.

മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിൽ ഇതേ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കുറച്ചുനാൾ മുമ്പ് പ്രതി പങ്കുവച്ചിരുന്നു. അപകടം ഉണ്ടായപ്പോഴും അമിതവേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. മക്കൾക്ക് ആഡംബര കാറുകളും റേസിംഗ് ബൈക്കുകളും സമ്മാനിക്കുന്ന മാതാപിതാക്കൾ അത്തരം വാഹനങ്ങൾ ഓടിക്കാൻ മക്കൾക്ക് ഡ്രൈവിംഗ് വൈദഗ്ധ്യവും പക്വതയുമുണ്ടോ എന്ന് ചിന്തിക്കണം.

തന്റെ കാറിനു മുന്നിൽപെട്ട മൂന്ന് ജീവനുകൾ കൺമുൻപിൽ പിടഞ്ഞൊടുങ്ങുന്നത് കണ്ടിട്ടും തെല്ലും കൂസലില്ലാതെ നാട്ടുകാരോട് തട്ടിക്കയറുകയായിരുന്നു പ്രതി. വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്ത നാട്ടുകാരോട്, “എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണ് കുഴപ്പം” എന്ന് ആക്രോശിച്ച പ്രതി, ആളുകൾ മരിച്ചതിന്റെ കേസൊക്കെ ബാപ്പയും വീട്ടുകാരും നോക്കിക്കൊള്ളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും കൂടി പറഞ്ഞതായാണ് റിപ്പോർട്ട്. എന്തുചെയ്താലും സമ്പത്തും സ്വാധീനവും രക്ഷപെടുത്തുമെന്ന ചിന്തയാണ് പ്രതിക്കുള്ളത്. ഇവയൊന്നും മനുഷ്യനെ ഇടിച്ചിടാനോ, കൊല്ലാനോ ഉള്ള അവകാശമായി മാറുന്നില്ല. മാതാപിതാക്കൾ മക്കളിൽ സാമൂഹ്യബോധവും പൗരബോധവും സഞ്ചാരസംസ്കാരവും ഒക്കെ രൂപപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിൽ ഒരു വർഷം ശരാശരി 42,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നു. അതിൽ നാലായിത്തിലേറെ മരണവും സംഭവിക്കുന്നു. ഗുരുതര പരിക്കേറ്റ് ദീർഘനാൾ കിടപ്പിലാകുന്നത് ഏകദേശം ഇരുപതിനായിരം പേരാണ്. മദ്യവും അമിതവേഗവുമാണ് അപകടങ്ങളുടെയെല്ലാം പ്രധാന കാരണങ്ങൾ. റോഡിലെ അമിത ക്രോധം (റോഡ് റേജ്) ഉണ്ടാക്കുന്ന അപകടങ്ങളും കേരളത്തിൽ പതിവാണ്. രാജ്യത്തെ നഗരങ്ങളിൽ റോഡ് റേജ് സംഭവങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ 30% വർധിച്ചതായി നാഷണൽ റോഡ് സേഫ്റ്റി കൗൺസിലിന്റെ പഠനം പറയുന്നു.

“240 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാർ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന വീട്ടുകാർ വിചാരിക്കണം, അങ്ങനെ പോകാൻ പറ്റിയ റോഡ് കേരളത്തിൽ ഇല്ലെന്ന്. കാശുള്ളവർക്ക് വാഹനം വാങ്ങാം. പക്ഷേ, റോഡിലൂടെ പോകുന്നത് പാവപ്പെട്ട മനുഷ്യരാണ്. അവർക്കും ഇവിടെ ജീവിക്കണം,” അപകടത്തിൽ മരിച്ച ഗോപികയുടെ അച്ഛൻ പറഞ്ഞ വാക്കുകളാണിവ.

അപകടത്തിന്റെ കാരണം ഡ്രൈവറുടെ മദ്യപാനവും കാറിന്റെ അമിതവേഗവും അശ്രദ്ധയും തന്നെയാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ പ്രതി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പ്രതിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും ഉൾപ്പെടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രതി സുഹൈൽ സജവ് മൂന്ന് ബാറുകളിലുമെത്തി മദ്യപിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് മദ്യം വിളമ്പിയ മൂന്ന് ബാർ ഹോട്ടലുകൾക്കെതിരെ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ബാറുകൾക്കെതിരെ നിയമപ്രകാരം ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിനും പ്രായം തികയാത്ത വ്യക്തിക്ക് മദ്യം നൽകിയതിനുമെതിരെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈ കേസിൽ സാധാരണ ഗതിയിൽ ഒരുലക്ഷം രൂപ പിഴയാണ് ഈടാക്കുക. എന്നാൽ, ആവശ്യമെങ്കിൽ ബാറുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും എക്സൈസ് കമ്മീഷണർക്ക് സ്വീകരിക്കാം.

മദ്യലഹരിക്കും അമിതവേഗത്തിനും അശ്രദ്ധയ്ക്കമുള്ള വിലയായി ജീവൻ നൽകേണ്ടിവരുന്ന സംഭവങ്ങൾ, ഇത്തരം കൊടുംക്രൂരതകൾ ഇനി ആവർത്തിക്കാൻ പാടില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കിയുള്ള കർശനമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം.

അഡ്വ. ചാർളി പോൾ
(അഭിഭാഷകനും ട്രെയ്നറും മെന്ററുമായ ലേഖകൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.