
വി. ഗബ്രിയേൽ മാലാഖയുടെ തിരുനാൾ ദിനത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയത്തിനായുള്ള ഡിക്കാസ്റ്ററി (Dicastery for Communication) 61-ാമത് ലോക വാർത്താവിനിമയ ദിനത്തിന്റെ പ്രമേയം പുറത്തുവിട്ടു. സെപ്റ്റംബർ 29 ന് ഡിക്കാസ്റ്ററി പുറപ്പെടുവിച്ച പത്രക്കുറിപ്പ് അനുസരിച്ച്, ‘ഒരു പുതിയ കാഴ്ചപ്പാട്: ക്ലിക്ക് ബെയ്റ്റുകളുടെ കാലത്ത് ശ്രദ്ധ നൽകൽ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. വായനക്കാരെ തെറ്റിധരിപ്പിക്കുന്ന വിധത്തിലുള്ള തലക്കെട്ടുകളും ചിത്രങ്ങളും ഉപയോഗിച്ച് വെബ് ലിങ്കുകൾ തുറപ്പിക്കാൻ ഉപയോഗിക്കുന്ന തന്ത്രമാണ് ക്ലിക്ക് ബെയ്റ്റുകൾ.
നമ്മുടെ കാഴ്ചപ്പാടിൽ ഒരു മാറ്റം വരുത്താൻ, ശ്രദ്ധയോടും സ്നേഹത്തോടും കൂടി വീണ്ടും നോക്കാൻ ഈ വർഷത്തെ പ്രമേയം ക്രിസ്ത്യാനികളെ ക്ഷണിക്കുന്നു. “വിവരങ്ങളുടെ ദ്രുതഗതിയിലുള്ളതും അനന്തവുമായ ഒഴുക്കിനിടയിൽ കുറച്ചു സമയത്തെ ശ്രദ്ധയ്ക്കായി പോരാടുന്ന ‘അറ്റൻഷൻ ഇക്കണോമി’ നമ്മുടെ ചിന്താശേഷിയെ മാത്രമല്ല, പരസ്പര ആശയവിനിമയത്തിന്റെ ആഴത്തെയും മാറ്റിയെഴുതുകയാണ്” എന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
മറ്റുള്ളവരെ സ്നേഹത്തോടെ ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ ലോകത്തെയും മറ്റുള്ളവരെയും നമ്മളെത്തന്നെയും ക്രിസ്തു കാണുന്നതുപോലെ കാണാൻ – പേര് ചൊല്ലി വിളിക്കപ്പെട്ടവരായും സ്നേഹിക്കപ്പെടുന്നവരായും കാണാൻ നമുക്ക് സാധിക്കൂ. “മറ്റുള്ളവരെ വിധി കൽപിക്കുന്നതിനു പകരം അവരുമായി ഒരു സമ്പർക്കത്തിന് നമ്മുടെ കാഴ്ചപ്പാട് തയ്യാറാകുമ്പോൾ നമ്മുടെ ആശയവിനിമയം മാറുന്നു,” പ്രസ്താവന വ്യക്തമാക്കി.
ഡിജിറ്റൽ സംസ്കാരം മൂലം ദ്രുതപ്രതികരണങ്ങളും ഉപരിപ്ലവമായ ബന്ധങ്ങളും പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളിലൂടെയാണ് ആളുകൾ പ്രതിദിനം കടന്നുപോകുന്നത്. ഇത് യഥാർഥ ശ്രദ്ധയുടെ കുറവിലേക്ക് നയിക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. “ക്രിസ്തീയ ആശയവിനിമയത്തിന് ശ്രദ്ധയെ ഒരു ദാനമായും കാഴ്ചപ്പാടായും വീണ്ടും തിരിച്ചറിയാൻ കഴിയും – മറ്റുള്ളവരെ കാണുകയും സ്വയം സ്പർശിക്കപ്പെടാൻ അനുവദിക്കുകയും ചെയ്ത യേശുവിന്റെ കാഴ്ചപ്പാടാണത്.” മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം, ബന്ധങ്ങളുടെ വിലയേറിയ വിഭവമായി ആ ശ്രദ്ധയെ സംരക്ഷിക്കുക എന്നതാണ് ആശയവിനിമയം കൊണ്ട് ഉദ്ദേശിക്കുന്നത്.
‘ക്ലിക്ക് ബെയ്റ്റുകളുടെ’ ഈ ആധുനിക യുഗത്തിൽ, പരസ്പരം ശ്രദ്ധ നൽകാനും ആരോഗ്യമുള്ള ശ്രദ്ധയുടെ രീതികൾ വീണ്ടെടുക്കാനും ക്രിസ്ത്യാനികൾ ക്ഷണിക്കപ്പെടുന്നു. 2027 മേയ് ഒൻപതിനാണ് ലോകത്തിലെ ഭൂരിഭാഗം ഇടങ്ങളിലും (അമേരിക്ക, ഇംഗ്ലണ്ട്, വെയ്‌ൽസ്, ഫ്രാൻസ്, സ്പെയിൻ, പോളണ്ട്, ഇറ്റലി ഉൾപ്പെടെ) ലോക വാർത്താവിനിമയ ദിനം ആചരിക്കുന്നത്. എങ്കിലും, അതത് രാജ്യങ്ങളിലെ ബിഷപ്പുമാരുടെ കൗൺസിലിന്റെ തീരുമാനപ്രകാരം വിവിധ രാജ്യങ്ങളിൽ ഇത് വ്യത്യസ്ത ദിവസങ്ങളിലും ആചരിക്കാറുണ്ട്.




