
ഇന്ത്യയിലെ വി. ജെറോമിന്റെ നാമധേയത്തിലുള്ള ഈ ദൈവാലയം ഗോവയിലെ മാപുസയിലാണ് സ്ഥിതി ചെയ്യുന്നത്. ദാമൻ അതിരൂപതയിലുള്ള ദൈവാലയം സഭാപിതാവായ വി. ജെറോമിനൊപ്പം അത്ഭുത മാതാവിന്റെ ദൈവാലയവും കൂടിയാണ്.
സെന്റ് ജെറോം പള്ളിയെ പോർച്ചുഗീസ് ഭാഷയിൽ ‘സാവോ ജെറോണിമോ ഇഗ്രേജ എം മാപുസ, ഗോവ’ എന്നാണ് വിളിക്കുന്നത്. ഫ്രാൻസിസ്കൻ സന്യാസിമാർ 1594-ൽ സ്ഥാപിച്ച മാപുസ പള്ളി, വി. ജെറോമിന് സമർപ്പിച്ചു. ഫ്രാൻസിസ്കൻ പുരോഹിതനായ ഫാ. ജെറോണിമോ ഡോ എസ്പിരിറ്റോ സാന്റോയാണ് ഈ ദൈവാലയം നിർമ്മിക്കാൻ മുൻകൈ എടുത്തത്. 1674-ൽ കൂടുതൽ ഇടവകക്കാരെ ഉൾക്കൊള്ളുന്നതിനായി പള്ളി വികസിപ്പിച്ചു. 1838 ഏപ്രിൽ 27-ന് ഉണ്ടായ ഒരു ആകസ്മിക തീപിടുത്തത്തിൽ പള്ളി ഭാഗികമായി നശിച്ചെങ്കിലും1839-ൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
ബറോക്ക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി അതിമനോഹരമായ ഒരു കെട്ടിടമാണ്. മൂന്ന് നിലകളുള്ള ഇതിന് മൂന്ന് വാതിലുകളും മൂന്ന് ജനാലകളുമുണ്ട്. ഓരോ നിലയിലും വൃത്താകൃതിയിലുള്ള ബാലസ്ട്രേഡ് ബാൽക്കണികളുണ്ട്. പള്ളിയുടെ പിൻഭാഗത്ത് മണി ഗോപുരത്തോടുകൂടിയ ഒരു താഴികക്കുടമുണ്ട്. മേൽക്കൂര മരപ്പലകകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ദൈവാലയത്തിൽ മൂന്ന് അൾത്താരകളുണ്ട്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഈ ദൈവാലയത്തിന്റെ തിരുനാൾ ദിനം.




