ലെയോ പാപ്പയുടെ ഫ്രാൻസ് സന്ദർശനം സൃഷ്ടിച്ച വിപ്ലവകരമായ ആത്മീയതരംഗം

“ഇന്നത്തെ ഫ്രാൻസിൽ മാർപാപ്പയ്ക്കല്ലാതെ മറ്റാർക്കാണ് ആറുലക്ഷം മനുഷ്യരെ ഒരൊറ്റ വേദിയിൽ അണിനിരത്താൻ സാധിക്കുക? നമ്മുടെ രാജ്യത്ത് ദേശീയ ഐക്യത്തിന്റെ വികാരം ഉണർത്താൻ അവിടുത്തേക്കല്ലാതെ മറ്റാർക്കാണ് കഴിയുക?” ഫ്രാൻസിലെ സാംസ്കാരികപൈതൃക സംരക്ഷണരംഗത്തെ പ്രമുഖനും പ്രശസ്ത മാധ്യമപ്രവർത്തകനുമായ സ്തേഫാൻ ബെർനാണ് ഈ ചോദ്യം ചോദിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് സന്ദർശനത്തിന് (സെപ്റ്റംബർ 25-28) തൊട്ടുമുൻപായിരുന്നു ഇത്.

മതേതരത്വത്തിന്റെ കടുംപിടുത്തങ്ങൾക്ക് പേരുകേട്ട പാരീസിലെ വാർത്താമുറികൾക്ക് ഈ വാക്കുകൾ ഒരുപക്ഷേ ദഹിക്കാൻ പ്രയാസമായിരുന്നിരിക്കാം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ ഫ്രാൻസ് കണ്ട കാഴ്ചകൾ ആ സംശയങ്ങളെയെല്ലാം കാറ്റിൽപറത്തുന്നതായിരുന്നു!

ജനസാഗരമായി മാറിയ തെരുവുകൾ

സെപ്റ്റംബർ 26 ന് പാരീസിലെ ഐതിഹാസികമായ പ്ലേസ് ഡി ലാ കോൺകോർഡിലും ഷാങ്സ് എലിസേ തെരുവുകളിലും മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത് എട്ടുലക്ഷത്തിലധികം മനുഷ്യരാണ്! പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടിത്തന്നെ തീർന്നുപോയിരുന്നെങ്കിലും, അവസാന നിമിഷം ഒരു നോക്ക് കാണാനായി മാത്രം എത്തിയത് രണ്ടുലക്ഷത്തോളം പേർ. അതിനും തലേന്ന്, സെപ്റ്റംബർ 25 ന് സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ നടന്ന ജാഗരണ പ്രാർഥനയിൽ പങ്കെടുത്തത് എൺപതിനായിരത്തോളം ചെറുപ്പക്കാരായിരുന്നു.

ഇതൊരു കേവലം സന്ദർശനം മാത്രമായിരുന്നില്ല, മറിച്ച് ഫ്രാൻസിൽ നിശ്ശബ്ദമായി അലയടിക്കുന്ന വലിയൊരു ആത്മീയ ഉണർവിന്റെയും കത്തോലിക്കാ പുനരുജ്ജീവനത്തിന്റെയും പ്രകടമായ വിളംബരമായിരുന്നു.

സ്നേഹത്തിന്റെ പുതിയ ഭാഷ

മാർപാപ്പ കുഞ്ഞുങ്ങളെയും ഭിന്നശേഷിക്കാരെയും കെട്ടിപ്പുണരുകയും ആശീർവദിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചവരിൽ വിശ്വാസികളല്ലാത്ത രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും ഉണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിനും വംശീയതയ്ക്കുമപ്പുറം പാരീസിന്റെ തെരുവുകളിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു പുതിയ തരംഗം വീശിയടിച്ചു.

സ്റ്റേഡിയത്തിൽ നടന്ന പ്രാർഥനാചടങ്ങിനൊടുവിൽ അവതാരകൻ ഉദ്ഘോഷിച്ച ആ വരികൾ നാടിന്റെ വികാരമായി മാറി: ‘ഫ്രാൻസ് എന്നാൽ അത് പ്രതീക്ഷയാണ്, എന്ന് ഒരിക്കലും മറക്കരുത്!’

“സമാധാനം, പ്രതീക്ഷ, സന്തോഷം… ഈ വാക്കുകളാണ് ചടങ്ങിൽ പങ്കെടുത്ത ചെറുപ്പക്കാരുടെ നാവിൽ നിറഞ്ഞുനിന്നത്. തിരുസഭ എത്രത്തോളം ജീവസ്സുറ്റതാണെന്ന് അവർ തിരിച്ചറിയുകയായിരുന്നു” എന്ന് കത്തോലിക്കാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പിയറി ലോംബാർഡ് സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു പ്രമുഖ ഡിജിറ്റൽ സുവിശേഷകനായ ജൂലിയൻ ഡോഡെമാന്റെ വാക്കുകളിൽ: “മാറോടടുക്കി ക്രൂശിതരൂപം ഒളിപ്പിച്ചുവയ്‌ക്കേണ്ട ഒന്നല്ല കത്തോലിക്കാ വിശ്വാസമെന്ന് ഈ വേദി തെളിയിച്ചു. പാരീസിലെ തെരുവിൽ എൺപതിനായിരം ചെറുപ്പക്കാർ ക്രിസ്തുവിനോടുള്ള സ്നേഹം വിളിച്ചോതി. സ്വകാര്യതയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഫ്രഞ്ച് വിശ്വാസത്തിന് ഇതൊരു ചരിത്ര വഴിത്തിരിവാണ്.”

വീണ്ടെടുത്ത ആത്മാഭിമാനം!

രണ്ടു വർഷങ്ങൾക്കു മുൻപ്, 2024 ലെ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ക്രിസ്തീയവിശ്വാസത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇന്ന് അതേ പാരീസിൽ ഉയർന്നുകേൾക്കുന്നത് കത്തോലിക്കാ ആത്മാഭിമാനത്തിന്റെ സ്വരമാണ്. അമേരിക്കൻ എഴുത്തുകാരനായ റോഡ് ഡ്രെഹർ ഉൾപ്പെടെയുള്ള വിദേശ നിരീക്ഷണകർ ഈ മാറ്റത്തെ ഒരു “അദ്ഭുതം” എന്നാണ് വിശേഷിപ്പിച്ചത്.

ആഗോള സംഘർഷങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ആത്മീയനേതാവിന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജാപ്പനീസ് പത്രമായ ‘അസാഹി ഷിംബൂൺ’ മാധ്യമപ്രവർത്തകൻ സുസുമു സകാമോട്ടോ നിരീക്ഷിക്കുന്നു.

തലമുറകളുടെ മാറ്റം; ‘ജെൻ സി’യുടെ ആവേശം

തങ്ങളുടെ വിശ്വാസം തുറന്നുപറയാൻ മടിച്ചിരുന്ന ഒരു പഴയ തലമുറയിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഫ്രഞ്ച് തലമുറ (Generation Z) തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുൻപോട്ടു വരുന്നത്.

33-ാം വയസ്സിൽ ഈസ്റ്റർ ദിനത്തിൽ മാമോദീസ സ്വീകരിച്ച പോൾ ക്രിനർ പറയുന്നു: “പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് കാണാത്തവർ അന്ധർ മാത്രമാണ്. ഇത് പരമ്പരാഗതമായി കൈമാറിക്കിട്ടിയ വിശ്വാസമല്ല, മറിച്ച് പുതിയ തലമുറ സ്വന്തം ഇഷ്ടപ്രകാരം നെഞ്ചിലേറ്റിയ വിശ്വാസമാണ്. തികച്ചും മനോഹരമായ ഒന്നാണ് ഇവിടെ രൂപപ്പെടുന്നത്. ഇത് തുടക്കം മാത്രമാണ്.”

സെപ്റ്റംബർ 24 ന് മാർപാപ്പയുടെ വരവിനു മുന്നോടിയായി പാരീസിലെ സെന്റ് സൾപ്പിസ് പള്ളിയിൽ നടന്ന ഡിജിറ്റൽ സുവിശേഷകരുടെ സംഗമത്തിൽ പങ്കെടുത്തത് 2,500 ഓളം പേരാണ്. ലക്ഷത്തിലധികം ആളുകൾ ഇത് ഓൺലൈനായി കണ്ടു.

ഈ പുതിയ പെന്തക്കുസ്താ അനുഭവം ഫ്രാൻസിന്റെ സാമൂഹിക അന്തരീക്ഷത്തിൽ വരുത്തുന്ന മാറ്റങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. ജൂലിയൻ ഡോഡെമാൻ കുറിച്ചതുപോലെ: “നമുക്ക് ഈ താബോർ മലമുകളിൽ തന്നെ ഒതുങ്ങിക്കൂടാൻ കഴിയില്ല. നമ്മൾ മലയിറങ്ങി ലോകത്തിലേക്ക് പോകേണ്ടതുണ്ട്. ഈ ആത്മീയ ഉണർവിന്റെ വെളിച്ചം സമൂഹത്തിലെ ഓരോ മനുഷ്യനിലേക്കും എത്തിക്കേണ്ടതുണ്ട്.”

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.