ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 30

1938 സെപ്റ്റംബർ 30 നാണ് മ്യൂണിക് ഉടമ്പടി ഒപ്പുവച്ചത്. ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ തമ്മിലായിരുന്നു ഉടമ്പടി. ഉടമ്പടിപ്രകാരം ചെക്കോസ്ലോവാക്യയിലെ സ്യൂഡെറ്റെൻ പ്രദേശം ജർമ്മനിയോട് കൂട്ടിച്ചേർത്തു. അതേവർഷം തന്നെ ഓസ്ട്രിയയെ ജർമ്മനിയുടെ ഭാഗമാക്കിയതിനു ശേഷമാണ് ചെക്കോസ്ലോവാക്യയെ ലക്ഷ്യംവച്ച് ഹിറ്റ്ലറുടെ സൈന്യം നീങ്ങിയത്. സുഡെറ്റെൻലാന്റിലെ മൂന്നുമില്യൺ ആളുകൾ ജർമ്മൻ വംശജരാണ് എന്നതായിരുന്നു പ്രദേശത്തെ ജർമ്മനിയോട് കൂട്ടിച്ചേർക്കുന്നതിന് ഹിറ്റ്ലർ മുന്നോട്ടുവച്ച വാദം. കേസ് ഗ്രീൻ – എന്നായിരുന്നു ആ സൈനിക നീക്കത്തിന്റെ രഹസ്യനാമം. സൈനികനീക്കത്തിൽ തങ്ങളെ സഹായിക്കുമെന്ന് ചെക്കോസ്ലോവാക്യ കരുതിയ രാജ്യങ്ങൾ ജർമ്മനിയുമായി ഉടമ്പടിയിലേർപ്പെട്ടതോടെ ജർമ്മൻ വംശജർ അധിവസിച്ചിരുന്ന പ്രദേശം ഹിറ്റ്ലറുടെ കീഴിലായി.

ബെർലിൻ എയർലിഫ്റ്റ് അവസാനിച്ചത് 1949 സെപ്റ്റംബർ 30 നായിരുന്നു. സോവിയറ്റ് യൂണിയൻ ജർമ്മനിയുടെമേൽ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്നായിരുന്നു എയർലിഫ്റ്റ് ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം നാമാവശേഷമായ ജർമ്മനിയെ പുനർനിർമ്മിക്കാൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ ജർമ്മനിയിലെ ഓരോ പ്രദേശങ്ങൾ ഏറ്റെടുത്തു. എന്നാൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് പുതിയ ജർമ്മനിയെ നിർമ്മിക്കാൻ അമേരിക്കയും ബ്രിട്ടനും ചേർന്ന് അവിടെ ഡ്യൂയിഷ്മാർക്ക് എന്ന പുതിയ നാണയം നടപ്പിൽവരുത്തി. അതോടെ 1948 ജൂൺ 24 ന് റഷ്യ ബർലിനിലേക്കുള്ള മറ്റു രാജ്യങ്ങളുടെ പ്രവേശനം നിരോധിച്ച് റോഡ്, റെയിൽ, ജലഗതാഗതമാർഗങ്ങൾ അടച്ചു. എന്നാൽ ആകാശമാർഗമുള്ള ഗതാഗതം തടയാൻ റഷ്യയ്ക്കു കഴിഞ്ഞില്ല. അതിനാൽ അമേരിക്കയും ബ്രിട്ടനും വ്യോമമാർഗം ബെർലിനിലേക്ക് ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാനാരംഭിച്ചു. ഇതാണ് ബെർലിൻ എയർലിഫ്റ്റ് എന്നറിയപ്പെടുന്നത്. 1949 മെയ് 11 ന് റഷ്യ ഉപരോധം നീക്കിയെങ്കിലും, സെപ്റ്റംബർ 30 വരെ എയർലിഫ്റ്റ് തുടർന്നു.

ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുക്കാർണോയെ അധികാരഭ്രഷ്ടനാക്കിയ സെപ്റ്റംബർ 30 മൂവ്മെന്റ് ആരംഭിച്ചത് 1965 സെപ്റ്റംബർ 30 നായിരുന്നു. ഇന്തോനേഷ്യൻ സൈന്യത്തിലെ ഒരുവിഭാഗം അന്നുരാത്രി ആറ് ആർമി ജനറൽമാരെ വധിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൈന്യത്തിനുള്ളിലെ ആഭ്യന്തരപ്രശ്നമാണത് എന്ന് അധികാരത്തിലിരുന്ന ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞെങ്കിലും, ജനറൽ സുഹാർതോയുടെ നേതൃത്വത്തിൽ രാജ്യത്തിന്റ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ സൈന്യം ആരംഭിച്ചിരുന്നു. 1970 വരെ നീണ്ട ഏറ്റുമുട്ടലുകളിൽ പത്തുലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. 1970 ജൂൺ 21 ന് പ്രസിഡന്റ് സുക്കാർണോയെ വീട്ടുതങ്കലിലാക്കി ജനറൽ സുഹാർത്തോ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.