പാക്കിസ്ഥാനിൽ നീതിനിഷേധിക്കപ്പെടുന്ന ക്രൈസ്തവർ; ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി, നിർബന്ധിത വിവാഹം

പാക്കിസ്ഥാനിലെ ലാഹോറിൽ പതിമൂന്നുകാരിയായ സർവിയ പെർവെയ്‌സ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ സ്വന്തം വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയശേഷം ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റുകയും വിവാഹം കഴിക്കുകയും ചെയ്തു . എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും പെൺകുട്ടിയുടെ കുടുംബത്തിന് യാതൊരു നീതിയും ലഭ്യമാകുന്നില്ല.

മുസ്ലിം ദമ്പതികളായ ഇമ്രാൻ ഷഹ്‌സാദിനെയും ഭാര്യ അദിബയെയും മൂന്ന് മക്കളെയും ഇവർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന സമയത്ത് സർവിയയുടെ കുടുംബം വീട്ടിൽ താമസിപ്പിച്ചിരുന്നു. എന്നാൽ, ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്ന ഇമ്രാന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ സർവിയയുടെ മാതാവ് യാസ്മി പിന്നീട് ഈ മുസ്ലീം കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം, ഏപ്രിൽ 30-ന്, ഷോപ്പിംഗ് നടത്താൻ സർവിയയെ കൂട്ടുവിടണമെന്ന് ആവശ്യപ്പെട്ട് അദിബ, സർവിയയുടെ വീട്ടിൽ വന്നു. പെൺകുട്ടിയെ കൂടെ കൊണ്ടുപോയെങ്കിലും സന്ധ്യയായിട്ടും തിരികെ വീട്ടിൽ വരാത്തപ്പോൾ, മാതാപിതാക്കൾ സർവിയയെ മാർക്കറ്റിൽ അന്വേഷിച്ചു. പക്ഷേ സർവിയ ഇതിനകം തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു. സർവിയയെ ഇനി ഒരിക്കലും തിരികെ നൽകില്ലെന്ന് ഇമ്രാൻ ഷഹ്സാദ്, അമ്മ യാസ്മീന് വാട്ട്‌സ്ആപ്പ് വഴി ഒരു വോയ്‌സ് മെസ്സേജ് അയക്കുകയും ചെയ്തു.

അടുത്ത ദിവസം സർവിയയുടെ കുടുംബം റാവൽപിണ്ടിയിലെ സാദിഖാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും രണ്ടാഴ്ചയ്ക്കുള്ളിൽ ഈ മുസ്ലീം ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ റാവൽപിണ്ടി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ “താൻ ഇസ്ലാം മതം സ്വീകരിക്കുകയും ഇമ്രാൻ ഷഹ്‌സാദുമായി സ്വതന്ത്രവും സമ്മതപ്രകാരമുള്ള വിവാഹവും ഉറപ്പിക്കുകയും ചെയ്തു” എന്ന് സർവിയ വെളിപ്പെടുത്തി.

യഥാർത്ഥത്തിൽ, ഇമ്രാൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തനിക്ക് മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഇപ്രകാരം പറയേണ്ടി വന്നതെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. സർവിയ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ അവളുടെ സഹോദരങ്ങൾ കൊല്ലപ്പെടുമായിരുന്നു. മകളുടെ സംരക്ഷണം വീണ്ടെടുക്കാൻ യാസ്മിൻ പെർവൈസ് നിയമ പോരാട്ടം ആരംഭിച്ചു. എന്നാൽ ജൂലൈ 13 -ന് റാവൽപിണ്ടി ജഡ്ജി അവളുടെ അപേക്ഷ നിരസിച്ചു.

നിർബന്ധിത വിവാഹത്തിനും ലൈംഗികാതിക്രമത്തിനും എതിരായ നിലവിലുള്ള നിയമങ്ങൾ അവഗണിച്ച് മുസ്ലീം സമുദായത്തിലെ ഉത്തരവാദപ്പെട്ടവർക്ക് അനുകൂലമായി പോലീസും കോടതിയും തുടരുന്നതിനാൽ ന്യൂനപക്ഷങ്ങൾക്ക് ന്യായമായും പൂർണ്ണമായും നീതി ലഭിക്കുന്നില്ല. അന്വേഷണങ്ങളിലും വിചാരണകളിലും വിവേചനപരമായ സമ്പ്രദായം ന്യൂനപക്ഷ പെൺകുട്ടികളുടെ നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നു.” – യാസ്മിൻ പെർവൈസ് പറഞ്ഞു.

“നിർബന്ധിത മതപരിവർത്തനം, ശൈശവ വിവാഹം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിന്തുണയ്ക്കാൻ ഭരണകൂട സംവിധാനങ്ങൾ പ്രവണത കാണിക്കുന്നു.” – മുസ്ലീം മനുഷ്യാവകാശ പ്രവർത്തകനായ ഷെർക്കൻ മാലിക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.