പ്രതീക്ഷയുടെ യാത്ര 197: കാത്തിരിപ്പ്

ആധുനിക ലോകം എന്തിനുമേതിനും വേഗത ആഗ്രഹിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾക്കായി നാം നീണ്ട കാത്തിരിപ്പുകൾ നടത്തേണ്ടിവരുന്നു. രോഗസൗഖ്യത്തിനായി, നഷ്ടപ്പെട്ട ബന്ധങ്ങളുടെ തിരിച്ചുവരവിനായി, അല്ലെങ്കിൽ ജീവിതത്തിന്റെ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കുന്ന ആ നാളുകൾ വളരെ വേദനാജനകമാണ്. കാത്തിരിപ്പ് എന്നത് വെറുതെ സമയം കളയലല്ല, മറിച്ച് മനസ്സിന്റെ ക്ഷമയും വിശ്വാസവും പരീക്ഷിക്കപ്പെടുന്ന ഒരു വലിയ പ്രക്രിയയാണ്. ആ ദിനങ്ങളുടെ നീളം ഓരോ നിമിഷവും നമ്മുടെ ആത്മാവിനെ ഉലച്ചുകളഞ്ഞേക്കാം. എന്നാൽ, ആ കാത്തിരിപ്പിന്റെ ഒടുവിൽ ലഭിക്കുന്ന ഫലം പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരിക്കും.

ലോകപ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരൻ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘മോണ്ടെ ക്രിസ്റ്റോ’ (The Count of Monte Cristo) എന്ന നോവൽ കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും വലിയൊരു പാഠമാണ് ലോകത്തിനു നൽകുന്നത്. വഞ്ചിക്കപ്പെട്ട് 14 വർഷത്തോളം ഇരുണ്ട തടവറയിൽ കഴിയേണ്ടിവന്ന നായകനായ എഡ്മണ്ട് ഡാന്റസ്, പ്രതികാരത്തിനായോ, സ്വാതന്ത്ര്യത്തിനായോ ഉള്ള തന്റെ കാത്തിരിപ്പ് ഒരിക്കലും കൈവിട്ടില്ല. ജയിലിലെ കഠിനമായ ആ കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും നാളുകളിൽ ഒരു സന്ന്യാസിയുടെ കീഴിൽ അറിവ് നേടി മാനസികമായി അവൻ കൂടുതൽ ശക്തനായി മാറുന്നു. തടവറയിലെ ആ നീണ്ട കാത്തിരിപ്പാണ് ഒടുവിൽ അവന്റെ ജീവിതത്തെ പുതിയൊരു ദിശയിലേക്കു നയിച്ചത്.

അതുപോലെ, ഗ്രീക്ക് ഇതിഹാസമായ ഹോമറിന്റെ ‘ഒഡീസി’ എന്ന കൃതിയിൽ നായകനായ ഒഡീസിയസിന്റെ മടങ്ങിവരവിനായി 20 വർഷത്തോളം നോക്കിയിരിക്കുന്ന ഭാര്യ പെനെലോപ്പയുടെ കഥ കാത്തിരിപ്പിന്റെ പ്രതീകമാണ്. ചുറ്റുമുള്ളവരുടെയും ബന്ധുക്കളുടെയും സമ്മർദങ്ങൾക്കിടയിലും, തന്റെ ഭർത്താവ് ഒരുനാൾ തിരികെവരുമെന്ന അടിയുറച്ച വിശ്വാസത്തോടെ അവൾ വർഷങ്ങളോളം കാത്തിരുന്നു. ആ കാത്തിരിപ്പിലെ അചഞ്ചലമായ ക്ഷമയാണ് ഒടുവിൽ അവരെ വീണ്ടും ഒന്നിപ്പിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിൽ, കാത്തിരിപ്പിനെക്കുറിച്ചുള്ള നിരവധി ഓർമ്മപ്പെടുത്തലുകൾ കാണാം. ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് പുതിയ ശക്തി ലഭിക്കുമെന്ന് ഏശയ്യാ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

“എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ  40:31).

ഈ വാഗ്ദാനം നമ്മുടെ കാത്തിരിപ്പിന്റെ വേദനകളെ ലഘൂകരിക്കുകയും പുതിയൊരു പ്രത്യാശ നമ്മുടെ ഉള്ളിൽ നിറയ്ക്കുകയും ചെയ്യുന്നു.

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യങ്ങൾക്കോ, നന്മകൾക്കോ വേണ്ടിയുള്ള കാത്തിരിപ്പിൽ അക്ഷമരാകാതിരിക്കുക. ആ സമയം അസ്വസ്ഥതകളോടെ തള്ളിനീക്കാതെ, സ്വയം നന്നാകാനും പുതിയ അറിവുകൾ നേടാനുമുള്ള അവസരമായി അതിനെ മാറ്റുക.

ചിന്ത

ക്ഷമയോടെയുള്ള ഓരോ കാത്തിരിപ്പും നമ്മെ കൂടുതൽ കരുത്തുള്ളവരും പക്വതയുള്ളവരുമാക്കി മാറ്റുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.