
പോണ്ടസിലെ പ്രിയങ്കരനായ ബിഷപ്പും ആദ്യത്തെ ക്രിസ്ത്യൻ ജീവചരിത്രത്തിന്റെ രചയിതാവുമായ ഗ്രിഗറി തൗമറ്റൂർഗസ് അന്തരിച്ചത് 270 നവംബർ 17 നായിരുന്നു. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായ അലക്സാൻഡ്രിയയിലെ ഒറിഗന്റെ ജീവചരിത്രമായിരുന്നു അദ്ദേഹം രചിച്ചത്.
1869 നവംബർ 17 നാണ് സൂയസ് കനാലിന്റെ പണികൾ പൂർത്തിയായത്. ഈജിപ്ത് നെപ്പോളിയന്റെ അധീശത്വത്തിനു കീഴിലായിരുന്ന 1854 ലാണ് സൂയസ് കനാലിന്റെ നിർമാണം ആരംഭിക്കാൻ തീരുമാനമെടുത്തത്. 100 മൈൽ ദൂരത്തിൽ നിർമിച്ച കനാലിന്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും നിർമാണവിദഗ്ദ്ധരും ചേർന്നാണ് മാർഗനിർദേശം നൽകിയത്. ഈജിപ്തിൽ കോളറ പടർന്നുപിടിച്ചത് നിർമാണപ്രവർത്തനങ്ങൾ വൈകാൻ കാരണമായി. പത്തുവർഷത്തോളമെടുത്തു കനാലിന്റെ നിർമാണം പൂർത്തിയാക്കാൻ. നെപ്പോളിയൻ മൂന്നാമന്റെ പത്നിയും ഫ്രഞ്ച് ചക്രവർത്തിനിയുമായ യൂജിൻ ആണ് കനാൽ ഉദ്ഘാടനം ചെയ്തത്. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന സമുദ്രമാർഗം എന്നതാണ് സൂയസ് കനാലിന്റെ പ്രത്യേകത. ഇന്നും ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവികപാതയാണ് സൂയസ് കനാൽ. ഏതാണ്ട് 400 മില്യൺ ചരക്കുകൾ വഹിച്ചുകൊണ്ട് ദിവസേന അമ്പതോളം കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്.
1989 നവംബർ 17 നാണ് ചെക്കോസ്ലോവാക്യയിൽ വെൽവെറ്റ് വിപ്ലവം ആരംഭിക്കുന്നത്. ബെർലിൻ മതിൽ തകർന്ന് എട്ടുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. മതിൽ തകരാനിടയാക്കിയ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതേ ചിന്തകൾ, ചെക്കോസ്ലോവാക്യയുടെ തലസ്ഥാനനഗരിയിലേക്കും വ്യാപിക്കുകയായിരുന്നു. സ്വാതന്ത്ര്യം എന്ന ആവശ്യമുന്നയിച്ച് അന്ന് പ്രാഗിന്റെ തെരുവുകളിൽ തടിച്ചുകൂടിയ വിദ്യാർഥിപ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് പല വഴികൾ നോക്കിയെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുകയായിരുന്നു. വിദ്യാർഥികളോടൊപ്പം സാധാരണ ജനങ്ങളും പ്രക്ഷോഭത്തിൽ പങ്കുചേർന്നു. നവംബർ 20 ആയപ്പോഴേക്കും അര മില്യണോളം ചെക്കുകളും സ്ലോവാക്കുകളുമാണ് പ്രക്ഷോഭത്തിൽ അണിചേർന്നത്. അതിന്റെ ഫലമായി 1989 ന്റെ അന്ത്യത്തോടെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രസിഡന്റ് ചെക്കോസ്ലോവാക്യയുടെ ഭരണത്തിലെത്താനുള്ള സാധ്യത തെളിഞ്ഞു. 1948 നുശേഷം ആദ്യമായാണ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അധികാരത്തിലെത്തുന്നത്. വെൽവെറ്റ് വിപ്ലവം എന്ന പേരിലാണ് ഈ പ്രക്ഷോഭം ലോകചരിത്രത്തിൽ ഇടം പിടിച്ചത്.
തയ്യാറാക്കിയത്: സുനീഷ വി. എഫ്.




