ലൂർദ് തീർഥാടനം പൂർത്തിയാക്കി ഡബ്ലിനിൽ നിന്നുള്ള 1,500 തീർഥാടകർ

552 സഹായികളുടെ പിന്തുണയോടും അനേകരുടെ പ്രാർഥനകളോടും കൂടി ഡബ്ലിനിൽ നിന്ന് രോഗികളായ 122 തീർഥാടകർ ലൂർദ് സന്ദർശിച്ചു. 1858-ലെ മാതാവിന്റെ ദർശനത്തിന് ശേഷം ഇതുവരെ 70-ലധികം അദ്ഭുത സൗഖ്യങ്ങളാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഡബ്ലിൻ അതിരൂപത വർഷം തോറും ലൂർദിലേക്ക് തീർഥാടനം സംഘടിപ്പിക്കാറുണ്ട്. ഈ വർഷം സെപ്റ്റംബർ 3 മുതൽ 8 വരെ നടന്ന അഞ്ചു ദിവസത്തെ തീർഥാടനത്തിൽ ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ, സഹായ ബിഷപ്പ് പോൾ ഡെംപ്സി എന്നിവർക്കൊപ്പം 1,500 തീർഥാടകരാണ് പങ്കെടുത്തത്.

മറ്റൊരു രൂപതാ പരിപാടിക്കും ഇത്രയധികം ആളുകളെ ഓരോ വർഷവും ഒന്നിച്ചുകൊണ്ടുവരാൻ സാധിച്ചിട്ടില്ല. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഐറിഷ് ജനതയുടെ അഗാധമായ ഭക്തിയുടെ പ്രതിഫലനമാണിത്. ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ജനസംഖ്യാനുപാതികമായി ലൂർദിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് അയർലൻഡിൽ നിന്നാണ്.

തീർഥാടകർക്കൊപ്പം 14 ഡോക്ടർമാർ, 45 നഴ്സുമാർ, 31 വൈദികർ, രണ്ട് വൈദികാർഥികർ, 32 സ്കൂൾ ലീഡർമാരുടെ നേതൃത്വത്തിൽ 250 ചെറുപ്പക്കാർ ഉൾപ്പെടെ 552 സഹായികളും ഇതിൽ പങ്കെടുത്തു. ഈ സന്നദ്ധപ്രവർത്തകർ നൽകിയ വൈദ്യസഹായവും പരിചരണവും ഇല്ലായിരുന്നെങ്കിൽ രോഗികളായ പലർക്കും ലൂർദ് സന്ദർശിക്കാൻ സാധിക്കുമായിരുന്നില്ല.

യാത്രാച്ചെലവുകൾ വർധിച്ചിട്ടും ഈ വർഷം തീർഥാടകരുടെ എണ്ണം വളരെ കൂടുതലായിരുന്നെന്ന് തീർഥാടന ഡയറക്ടർ കാനോൻ ജോൺ ഫ്ലാഹെർട്ടി പറഞ്ഞു. ‘അസോസിയേറ്റ് മെമ്പർഷിപ്പ്’ വഴി സാമ്പത്തികമായും പ്രാർഥനകൾ വഴിയും ഈ യാത്രയെ പിന്തുണച്ച ഡബ്ലിൻ അതിരൂപതയിലെ നിരവധി ഇടവകകളോട് അദ്ദേഹം കടപ്പാട് അറിയിച്ചു.

ഡബ്ലിൻ അതിരൂപത ലൂർദിലേക്ക് ആദ്യമായി തീർഥാടനം നടത്തിയത് 77 വർഷങ്ങൾക്ക് മുമ്പാണ്. 1949 മുതൽ മിക്കവാറും എല്ലാ വർഷവും ഈ തീർഥാടനം നടക്കാറുമുണ്ട്. എന്നാൽ 1953-ൽ ഫ്രാൻസിലെ റെയിൽവേ പണിമുടക്ക് മൂലവും, 2020-ലും 2021-ലും കോവിഡ്-19 നിയന്ത്രണങ്ങൾ കാരണവും ഡബ്ലിൻ സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.