റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പത്താം കത്തോലിക്ക യുവജന ദേശീയസമ്മേളനത്തിനു തുടക്കമായി

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പത്താം കത്തോലിക്ക യുവജന ദേശീയസമ്മേളനത്തിനു തുടക്കമായി. ഫെഡറേഷന്റെ 54 നഗരങ്ങളിൽ നിന്നുള്ള 350-ലധികം പേർ അവിടെ സമ്മേളിച്ചിട്ടുണ്ട്. യുവജനശുശ്രൂഷയുടെ ഉത്തരവാദിത്വമുള്ള അഞ്ച് മെത്രാന്മാരും വൈദികരും സന്യാസിനീ-സന്യാസികളും അവരോടൊപ്പമുണ്ട്. ആഗസ്റ്റ് 27-ന് സമാപിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ലിസ്ബണിലെ ലോക യുവജനദിനത്തിന്റെ പ്രമേയമായ ‘മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പോയി’ (ലൂക്കാ 1:39) എന്നതാണ്.

“രണ്ട് പരിപാടികളും ഒരൊറ്റ തീർഥാടനമാക്കുക എന്നതാണ് ആശയം” – മോസ്കോ അതിരൂപതയിലെ യുവജനശുശ്രൂഷയുടെ ചുമതലയുള്ള ഒക്സാന പിമെനോവ വിശദീകരിച്ചു. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ലിസ്ബണിലെ ആഗോള യുവജനസംഗമത്തിൽ പങ്കെടുത്ത 17 റഷ്യൻ യുവാക്കൾ ഈ ദിവസങ്ങളിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന മീറ്റിംഗിൽ സന്നിഹിതരാകുന്ന യുവജനങ്ങൾക്ക് തങ്ങളുടെ സാക്ഷ്യം നൽകും. അങ്ങനെ അവിടെ സന്നിഹിതരായിരിക്കുന്ന യുവാക്കൾക്ക് അവരുടെ ഇടവകകളിലേക്കും സമൂഹങ്ങളിലേക്കും ആ സാക്ഷ്യം കൊണ്ടെത്തിക്കാൻ കഴിയും.

എല്ലാ ദിവസവും രാവിലെ 25-30 ആളുകൾ വീതം സമഗ്ര പരിസ്ഥിതി-സാമൂഹിക-സൗഹൃദം, ദൈവത്തിന്റെ കരുണ എന്ന പ്രമേയത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ചർച്ചാവേദികൾ ഇന്നലെ മുതൽ സജീവമായി. യുവജനങ്ങളുമായുള്ള സിനഡൽ രീതി അവർക്ക് കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ദൗത്യത്തിന്റെയും അർഥം അനുഭവിക്കാൻ ഇടവരുത്തുമെന്ന് സംഘാടകർ വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.