മുൻപ് അശ്ളീല വീഡിയോ രംഗത്ത്; ഇന്ന് ഈശോയെ ആദ്യമായി സ്വീകരിച്ച സന്തോഷത്തിൽ ഒരു അഭിനേത്രി

“എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തൻറെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകലതലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. ശക്തനായവൻ എനിക്ക് വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും കരുണവർഷിക്കും” നൂറ്റാണ്ടുകൾക്കുമുൻപ് മറിയം പാടിയ സ്തോത്ര ഗീതം ബ്രീ സോൾസ്റ്റാൻഡ് ഇന്ന് പാടുകയാണ്. കാരണം, അനുതപിച്ചു ക്രിസ്തുവിലേക്കെത്തിയ ഒരു പാപിയായിട്ടു തന്നെയാണ് അവർ തന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. വളരെക്കാലം മുൻപ് തന്നെ പോൺവീഡിയോകളിൽ അഭിനയിക്കുകയും അത് സംവിധാനം ചെയ്യുകയും ചെയ്ത ബ്രീ തന്റെ ജീവിതത്തിൽ ദൈവത്തെ കണ്ടെത്തിയിരിക്കുകയാണ്. ‘മിസ് ബി കൺവെർട്ടഡ്’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ തന്നെ വീണ്ടും ‘പുതിയതായി’ അടയാളപ്പെടുത്തുകയാണിവർ.

“എന്റെ എല്ലാ സമ്പത്തും ഉപേക്ഷിക്കുകയും ക്രിസ്തുവിൽ ഒരു നവ സൃഷ്ടിയാകാനും തീരുമാനിച്ചു. ദൈവാനുഗ്രഹത്താൽ സത്യത്തിന്റെ ഒരു ജീവിതവും, സൗന്ദര്യവും, അനുസരണവും എനിക്ക് ദൈവ ഹിതത്താൽ ലഭ്യമായി,” മിസ് ബി പറയുന്നു. തികച്ചും പാപകരമായ ഒരു സാഹചര്യത്തിലായിരുന്നു താനെന്നു അസീസിയിലേയ്ക്കും റോമിലേയ്ക്കും നടത്തിയ ഒരു യാത്രയിലായിരുന്നു അവർ മനസ്സിലാക്കിയത്. ഇറ്റലിയിലെ വിവിധ ദൈവാലയങ്ങൾ സന്ദർശിച്ചപ്പോൾ എല്ലായിടത്തും അവർക്ക് പരിശുദ്ധ അമ്മയുടെ രൂപങ്ങൾ കാണാൻ സാധിച്ചു. “പരിശുദ്ധ അമ്മ എന്നെ വിളിക്കുന്നതുപോലെയും ഇതുവരെയുള്ള എന്റെ ജീവിതത്തിലെ എല്ലാ തെറ്റുകളിൽ നിന്നും ദുഖങ്ങളിൽ നിന്നും പുറത്തുകടക്കാൻ അമ്മ എന്നെ സഹായിക്കും എന്നെനിക്ക് തോന്നി,” മിസ് ബി തന്റെ ആദ്യ ദൈവാനുഭവം വെളിപ്പെടുത്തി.

അസ്സീസിയിലെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. “വി. ഫ്രാൻസിസും വി. ക്ലാരയും എന്നെ വല്ലാതെയാകർഷിച്ചു. അവരുടെ ജീവിതം എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ അവിടെ ശവകുടീരത്തിനു മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചു. വി. ക്ലാര എന്റെ എല്ലാ ദുഃഖങ്ങളെയും ഏറ്റെടുത്ത് ദൈവത്തിനു സമർപ്പിച്ചു എനിക്ക് എന്റെ പ്രശ്നങ്ങളിൽ നിന്നും മോചനം നൽകുമെന്ന് ഞാൻ വിശ്വസിച്ചു. പിന്നീട് വീട്ടിലെത്തിയപ്പോൾ എനിക്കെന്റെ പഴയ ജോലിയിലേക്ക് തിരികെ പോകാൻ തോന്നിയില്ല. എനിക്കെന്റെ ജീവിതത്തെ ഓർത്ത് പശ്ചാത്താപം തോന്നി. അങ്ങനെ ഒരു പുരോഹിതനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയുടേയും അടുക്കലെത്തി ഞാൻ സംസാരിച്ചു. അവരുടെ സംസാരത്തിന്റെ കാതൽ ഇപ്രകാരമായിരുന്നു: ‘ദൈവം എന്നെ സ്നേഹിക്കുന്നു.’ കത്തോലിക്കാ തിരുസഭയിൽ ഞാൻ എന്റെ വിശ്വാസത്തെ കണ്ടെത്തി. പിതാവും പുത്രനും പരിശുദ്ധാത്മാവും, പരിശുദ്ധ അമ്മയും നിരവധി വിശുദ്ധരും കൂദാശകളും ചരിത്രവും സർവ്വോപരി പരിശുദ്ധ കുർബാനയും എന്നെ സ്പർശിച്ചു,” മിസ് ബി തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. അതിന്റെ ബഹിർസ്ഫുരണമെന്നവണ്ണം കഴിഞ്ഞ വിശുദ്ധ വാരത്തിൽ അവർ ആദ്യമായി പരിശുദ്ധ കുർബാന സ്വീകരിച്ചു.

“എന്റെ ഹൃദയത്തിലും ആത്മാവിലും മനസ്സിലും എക്കാലവും നിലനിൽക്കുന്നത് ആദ്യമായി ഞാൻ ഈശോയെ സ്വീകരിച്ച ആ അഞ്ചു സെക്കന്റുകളാണ്. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം. എന്റെ ആദ്യകുർബാന സ്വീകരണം എന്നെ മാറ്റിമറിച്ചു. ഇപ്പോൾ എന്റെ പ്രാർഥന, എന്റെ ഈശോയുടെ അടുക്കൽ നിന്നും ഒരു സെന്റിമീറ്റർ പോലും ഞാൻ അകന്നുപോകരുതേ എന്നാണ്” അവർ പറഞ്ഞു.

മിസ് ബി ഇപ്പോൾ വിശുദ്ധ വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടെ ഉടമസ്ഥയും നടത്തിപ്പുകാരിയുമാണ്. അത് മാത്രമാണ് അവരുടെ ജീവനോപാധിയും.

വിവർത്തനം: സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.