പലസ്‌തീൻ ജനതയെ ഇരകളാക്കുന്നത് ആരാണ്? 

ഫാ. വർഗീസ് വള്ളിക്കാട്ട്

ഒരുവശത്ത് ഇസ്രയേൽ എന്ന സ്വതന്ത്ര പരമാധികാരരാഷ്ട്രവും മറുഭാഗത്ത്  പലസ്‌തീൻ പ്രശ്നമെന്ന ലേബലിനുപിന്നിൽ  അനേകം മതതീവ്രവാദസംഘടനകളും അവയെ പിന്തുണയ്ക്കുന്ന അറബ് – ഇസ്ലാമികരാജ്യങ്ങളും അവരുടെ സ്വാധീനവലയത്തിലുള്ള സംഘടനകളും ആഗോളത്തലത്തിൽതന്നെ നേർക്കുനേർ നിൽക്കുകയാണ്! ഹോളോകോസ്റ്റിനേക്കാൾ ഭീതിജന്യമായ ഒരു സാഹചര്യമാണ് ഇസ്രയേലിനുമുന്നിലുള്ളത്! തുടർന്നു വായിക്കുക.  

ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധം മൂന്നുമാസങ്ങൾ പിന്നിടുമ്പോൾ, ഗാസ തരിപ്പണമായി എന്നതൊഴിച്ചാൽ, ഇസ്രായേൽ അതിന്റെ പ്രഖ്യാപിതലക്ഷ്യത്തിലേക്ക് എത്തിയോ? യുദ്ധം കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഇസ്രായേൽ – ഹമാസ് യുദ്ധത്തെ അതിസങ്കീർണമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഗാസയിലെ ഭൂഗർഭ ടണലുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയോ, നിർവീര്യമാക്കപ്പെടുകയോ ചെയ്തിട്ടും ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഗണ്യമായ വിജയംനേടിയതായി ഇസ്രയേലിന് അവകാശപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

സങ്കീർണതയുടെ വേരുകൾ

വടക്കൻ ലബനനിൽനിന്ന് ഹിസ്‌ബുള്ളയും ചെങ്കടലിൽ എമനികളായ ഹൂത്തികളും ഒപ്പം, സിറിയയും ഇറാനും ടർക്കിയും ഇതര അറബ് രാഷ്ട്രങ്ങളും നേരിട്ടും അല്ലാതെയും ഇസ്രയേലിനു ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ ഹമാസിനോടാണ് യുദ്ധമെങ്കിലും ഫലത്തിൽ, ആഗോളതലത്തിലുള്ള ഇസ്ലാമിക തീവ്രവാദസംഘങ്ങളുടെ അച്ചുതണ്ടുമായാണ് ഇസ്രായേൽ ഏറ്റുമുട്ടുന്നത്.

അന്താരാഷ്ട്ര നിയമങ്ങളാൽ നയിക്കപ്പെടുന്ന രണ്ടു രാജ്യങ്ങളോ, ശാക്തികചേരികളോ തമ്മിലുള്ള യുദ്ധമല്ല നടക്കുന്നത്. ഒരുവശത്ത് ഇസ്രയേൽ എന്ന സ്വതന്ത്ര പരമാധികാരരാഷ്ട്രവും മറുഭാഗത്ത് പലസ്‌തീൻ പ്രശ്നമെന്ന ലേബലിനുപിന്നിൽ അനേകം മതതീവ്രവാദസംഘടനകളും അവയെ പിന്തുണയ്ക്കുന്ന അറബ് – ഇസ്ലാമിക രാജ്യങ്ങളും അവരുടെ സ്വാധീനവലയത്തിലുള്ള സംഘടനകളും ആഗോളത്തലത്തിൽതന്നെ നേർക്കുനേർ നിൽക്കുകയാണ്. ഹോളോകോസ്റ്റിനേക്കാൾ ഭീതിജന്യമായ ഒരു സാഹചര്യമാണ് ഇസ്രയേലിനു മുന്നിലുള്ളത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്തമായ ഒരു രാജ്യവും തങ്ങളുടെമാത്രം യുക്തിയാൽ നയിക്കപ്പെടുന്ന തീവ്രവാദ ഭീകരപ്രസ്ഥാനങ്ങളും തമ്മിലാണ് യുദ്ധംനടക്കുന്നത്. അതുകൊണ്ടുതന്നെ, ഇസ്രയേൽ നടത്തുന്ന ‘മനുഷ്യാവകാശലംഘന’ങ്ങളെപ്പറ്റി മാത്രമാണ് ലോകമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്. ഇത് ആഗോളതലത്തിൽ ഇസ്രായേൽ ഒറ്റപ്പെടുന്നു എന്ന പ്രചാരണം നടത്താൻ തല്പരകക്ഷികളെ സഹായിക്കുന്നുണ്ട്. പലസ്‌തീൻ ജനതയുടെ നിസ്സഹായാവസ്ഥ ലോകത്തിനുമുൻപിൽ ഉയർത്തിക്കാട്ടാനും ഇസ്രയേലിനെതിരെ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാനും ഇസ്ലാമികരാജ്യങ്ങൾ ബോധപൂർവം ശ്രമിക്കുന്നുമുണ്ട്.

യഥാർഥത്തിൽ ഇസ്രായേലിന്റെ യുദ്ധം പലസ്‌തീൻ ജനതയ്ക്കെതിരെയാണോ അതോ ഹമാസ് എന്ന തീവ്രമതരാഷ്ട്ര സംഘടനയ്ക്കെതിരെയാണോ? ഇസ്രായേലിന്റെ യുദ്ധം ഹമാസിനെതിരെയാണെങ്കിൽ, അത് പലസ്‌തീൻ ജനതയ്ക്കെതിരെയാണ് എന്ന് പ്രചരിപ്പിക്കുന്നതാരാണ്? അവരുടെ ലക്ഷ്യമെന്താണ്? പലസ്‌തീൻ ജനതയാണോ ഹമാസ്? പലസ്‌തീൻ ജനതയും ഹമാസും ഒന്നാണോ?

ആരാണ് ഹമാസ്? 

ആരാണ് ഹമാസ് എന്ന ചോദ്യം ആഴത്തിൽ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. ഹമാസ്‌ ഒരു തീവ്ര ഇസ്ലാമിക മതരാഷ്ട്രസംഘടനയാണ്. 1928-ൽ ഈജിപ്തിൽ പ്രവർത്തനം ആരംഭിച്ച മുസ്ലീം ബ്രദർഹൂഡാണ് ഹമാസിന്റെയും ഹമാസ് മാതൃകയിൽ പ്രവർത്തിക്കുന്ന ഇതര തീവ്ര മതരാഷ്ട്രസംഘടനകളുടെയും മാതൃകയും സ്രോതസ്സും. 1936 – 38 കാലത്തുനടന്ന അറബ് – യഹൂദ സംഘർഷങ്ങളിൽ അറബ് പക്ഷ കലാപകാരികൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് ഇസ്ലാമിക് ബ്രദർഹൂഡ് ഈജിപ്തിനു പുറത്തേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചത്. തുടർന്ന് 1947-48, 1967,  1972, 1987 മുതൽ 2018, 2022, 2023 വർഷങ്ങളിലും ഇപ്പോഴും തുടരുന്ന ഇസ്രായേൽ – പലസ്‌തീൻ സംഘർഷത്തിനും യുദ്ധങ്ങൾക്കും ചുക്കാൻപിടിച്ചത് ഇസ്ലാമിക് ബ്രദർഹൂഡും പി.എൽ.ഒ ഉൾപ്പെടെയുള്ള അതിന്റെ പ്രാദേശിക വകഭേദങ്ങളും 1987 മുതൽ ഇസ്ലാമിക് ബ്രദർഹൂഡിന്റെ പലസ്തീനിയൻ രൂപമായ ഹമാസുമാണ്.

ഹമാസിന്റെ സങ്കീർണമായ സവിശേഷതകൾ  

ഹമാസ് ഇന്നത്തെ രീതിയിൽ രൂപംപ്രാപിക്കുന്നത് അതിന്റെ മാതൃസംഘടനയായ ഇസ്ലാമിക് ബ്രദർഹൂഡിനെ മാതൃകയാക്കിയാണ്. ഇസ്ലാമിക് ബ്രദർഹൂഡ് പ്രവർത്തനം തുടങ്ങിയത് ഈജിപ്തിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ്. ദാരിദ്ര്യനിർമ്മാർജനം, വിദ്യാഭ്യാസം, ആതുരസേവനം, തുടങ്ങിയവയ്ക്ക് വലിയതോതിൽ നേതൃത്വം നൽകിക്കൊണ്ട് ഇസ്ലാമികസമുദായത്തിന്റെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിലൂടെ സമുദായത്തിന്റെ വിശ്വാസവും പിന്തുണയും ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ഒന്നാം ഘട്ടം.

സാധാരണക്കാരായ ജനങ്ങളുടെയിടയിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രചാരണം നൽകിക്കൊണ്ട്, സമുദായത്തിന്റെ ഭാവി തങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണെന്നും അത് ഉറപ്പുവരുത്താൻ തങ്ങൾക്കുമാത്രമേ കഴിയൂ എന്നും മുസ്ലീം സമുദായത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഒന്നാം ഘട്ടത്തിൽ സംഘടന ലക്ഷ്യംവച്ചതെങ്കിൽ, ജനമനസ്സുകളിൽ സ്വീകാര്യത നേടിക്കൊണ്ട് രണ്ടാം ഘട്ട പ്രവർത്തനമായ ഇസ്ലാമികരാഷ്ട്രീയത്തിന് അടിത്തറ സൃഷ്ടിക്കുകയും തുടർന്ന് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൃത്യമായ ലക്ഷ്യവും ദിശാബോധവും നൽകിക്കൊണ്ടുമാണ് രണ്ടാം ഘട്ടമായ പൊളിറ്റിക്കൽ ഇസ്ലാമൈസേഷന് സംഘടന ആക്കംകൂട്ടിയത്.

മുസ്ലീംസമുദായത്തെ അതിന്റെ അടിതൊട്ടു മുടിവരെ ഇസ്ലാമികവൽക്കരിച്ചുകൊണ്ടാണ് പൊളിറ്റിക്കൽ ഇസ്ലാം അതിന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും. വ്യക്തികളെ നൂറുശതമാനം ഇസ്ലാമികവൽക്കരിക്കുക എന്നതാണ് അതിന് ഉപയോഗിക്കുന്ന രീതിശാസ്ത്രം. വേഷത്തിലും ഭക്ഷണത്തിലും സാമൂഹിക കാഴ്ചപ്പാടിലുമെല്ലാം ഇസ്ലാമികവൽക്കരണം നടപ്പാക്കുന്നു. അനിസ്ലാമികമായതെന്തും പരിത്യജിക്കപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണ് എന്ന നിലപാട് പരസ്യമായി സ്വീകരിച്ചുകൊണ്ട്, സമൂഹത്തെ ഇസ്ലാമികവൽക്കരിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രീയത്തെ തിരിച്ചുവിടുന്നു. തുടർന്ന്, ഇസ്ലാമിക നിയമം അഥവാ ‘ശരി-അത്ത്’ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനുമേൽ നടപ്പാക്കിക്കൊണ്ട്, ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന മൂന്നാം ഘട്ട രാഷ്ട്രീയലക്ഷ്യത്തിലേക്കുള്ള നീക്കങ്ങൾ ശക്തമാക്കുന്നു. രാഷ്ട്രത്തെ സമൂലം ഇസ്ലാമികവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.

ഇത് നിലവിലുള്ള രാഷ്ട്രീയ നിയമസംവിധാനങ്ങളുമായും ഇതരമത-സമുദായങ്ങളുമായും സംഘർഷമുണ്ടാകാൻ അവസരമൊരുക്കുന്നു. മനുഷ്യാവകാശം, മതസ്വാതന്ത്ര്യം, സ്ത്രീവിമോചനം, സാംസ്‌കാരിക നവോത്ഥാനം എന്നിങ്ങനെ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാവുന്ന മേഖലകളിൽ ഇസ്ലാമിന്റെ സംഭാവനകളും നേട്ടങ്ങളും തനിമയും ഉയർത്തിക്കാട്ടാൻ ശ്രമിച്ചുകൊണ്ടും സാമൂഹികതിന്മകളെ എതിർക്കാനെന്ന രീതിയിലും നിലവിലുള്ള നിയമവ്യവസ്ഥയെയും രാഷ്ട്രീയസംവിധാനങ്ങളെയും വെല്ലുവിളിക്കുകയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

1948 ആയപ്പോഴേക്കും ഇസ്ലാമിക് ബ്രദർഹൂഡും ഈജിപ്ഷ്യൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചു. ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ അനിവാര്യമായതോടെ, ബ്രദർഹൂഡ് അതിന്റെ ‘മൂന്നാം മുറ’ പുറത്തെടുത്തു. അതുവരെയും രഹസ്യമായി പ്രവർത്തിച്ചുവന്നിരുന്ന സായുധവിഭാഗം (മിലീഷ്യ) പരസ്യമായി രംഗത്തുവന്നു. ഇങ്ങനെ ചാരിറ്റി, പൊളിറ്റിക്സ്, മിലീഷ്യ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളും ഒരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഹയരാർക്കിയും ഭരണക്രമവും പ്രവർത്തനസംവിധാനങ്ങളുമുള്ള സങ്കീർണ്ണമായ ഒരു സംഘടനയാണ് ഇന്ന് ഈജിപ്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള, എന്നാൽ പലസ്‌തീൻ ജനതയുടെ ഗാസയിൽ ഭരണംനടത്തുന്ന ഇസ്ലാമിക് ബ്രദർഹൂഡിന്റെ പലസ്തീനിയൻ രൂപമായ ഹമാസ്.

ഹമാസ് മൂന്നു തലകളുള്ള ഒരു വിചിത്രജീവിയാണ്. തലകൾ മൂന്നാണെങ്കിലും ഒറ്റശരീരമുള്ള ജീവിയാണ്. ഇത്തരമൊരു സംഘടനയെ സായുധമായി നേരിടുക എന്നതുയർത്തുന്ന പ്രയോഗികമായ വെല്ലുവിളി ചെറുതല്ല. ഇതിൽ ഏതു തലയാണ് ഇസ്രായേൽ ലക്ഷ്യംവച്ചിരിക്കുന്നത്. ഭൂമിക്കടിയിൽ സമാന്തര രാജ്യമുള്ള ഹമാസിനെയാണോ, ഭരണവും ക്രമസമാധാനവും ‘മനുഷ്യാവകാശ’ പ്രവർത്തനവും നടത്തുന്ന രാഷ്ട്രീയ ഹമാസിനെയാണോ, അതോ നാട്ടിൽ വിദ്യാഭ്യാസവും ആരോഗ്യ-ക്ഷേമപ്രവർത്തനങ്ങളും സാംസ്‌കാരിക പ്രവർത്തനവും നടത്തുന്ന ചാരിറ്റബിൾ അഥവാ ഹ്യുമാനിറ്റേറിയൻ ഹമാസിനെയാണോ? ഹമാസ് എന്ന ഒറ്റസംഘടന പരസ്പരം യാതൊരു ബന്ധവുമില്ലാത്തവപോലെ ആഗോളതലത്തിലുള്ള മനുഷ്യാവകാശ സംഘടനകളുമായും, വിദ്യാഭ്യാസ-രാഷ്ട്രീയതലങ്ങളിൽ സ്വാധീനമുള്ള അന്താരാഷ്ട്ര സംഘടനകളുമായും വിവിധ രാജ്യങ്ങളും മാധ്യമലോകവുമായും പാർട്ണർഷിപ്പുകളും സ്ക്കോളർഷിപ്പുകളും സാമ്പത്തികസഹകരണവുംവഴി ബന്ധങ്ങൾ സ്ഥാപിച്ചു പ്രവർത്തിച്ചുവരികയാണ്. സാമ്പത്തികശക്തികൊണ്ടും കയ്യയച്ചുള്ള സാമ്പത്തികസഹകരണംവഴിയും പാശ്ചാത്യലോകത്തു പ്രവർത്തിക്കുന്ന ശക്തമായ അന്താരാഷ്ട്രസംഘടനകളേയും യൂണിവേഴ്സിറ്റികളെയും മാധ്യമരാജാക്കന്മാരെയുംവരെ വരുതിയിലാക്കാൻ പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്പോൺസർമാരായ രാഷ്ട്രങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുന്നു.

ഗാസയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസമേഖലകളും അഭയാർഥിക്യാമ്പുകളും മുതൽ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുംവരെ നിയന്ത്രിക്കുന്നതും അവയെ മറയാക്കി ആയുധസന്നാഹമൊരുക്കുന്നതും അവയ്ക്കുപിന്നിൽ ടണലുകളുടെ അതിസങ്കീർണമായ സംവിധാനമൊരുക്കി ഒളിപ്പോരിനുള്ള സംവിധാനങ്ങൾ നിർമ്മിച്ചെടുക്കുന്നതുമെല്ലാം ഹമാസ് എന്ന സംഘടനയുടെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അതിശയകരമായ ഏകോപനത്തിലൂടെയാണ്. എന്നാൽ തീർത്തും വ്യത്യസ്തമായ സംഘടനകൾപോലെ ലോകത്തിനു മുൻപിൽ അവതരിക്കുകയും സ്വതന്ത്രമായി എന്നപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. വിവിധ വിഭാഗങ്ങളുടെ തലവന്മാർ വിവിധ രാജ്യങ്ങളിൽ സാങ്കേതങ്ങളൊരുക്കി  സ്വതന്ത്രമായി പ്രവർത്തിക്കുകയും കൃത്യമായ ഏകോപനത്തോടെ സംഘടനയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

1987-ൽ ഹമാസ് ഇന്നത്തെ രൂപത്തിൽ നിലവിൽ വന്നപ്പോൾമുതൽ അതിന്റെ പ്രഖ്യാപിതലക്ഷ്യം, ഒന്നാമതായി, ‘ഇസ്രായേൽ രാഷ്ട്രത്തിന്റെ ഉന്മൂലനം ഉറപ്പാക്കുക എന്നതും രണ്ടാമതായി, ജോർദാൻനദി മുതൽ മെഡിറ്ററേനിയൻ സമുദ്രം വരെയുള്ള ഭൂമി മുഴുവൻ ‘അള്ളാഹുവിന്റെ വഖഫും’ ഇസ്ലാമികലോകത്തിന്റെ പൊതുസ്വത്തുമാക്കി മാറ്റുകയുംചെയ്യുക എന്നതുമാണ്. ഈ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന ഹമാസിനും അതിന് പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന അറബ് – ടർക്കി – ഇറാൻ അച്ചുതണ്ടിനും, പലസ്‌തീൻ ജനതയോ, പലസ്‌തീൻ രാഷ്ട്രമോ വിഷയമാണോ. യഥാർഥത്തിൽ പലസ്‌തീൻ ജനതയെ ഇരകളാക്കുന്നത് ആരാണ്.

ഇസ്രയേൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി 

ഇസ്രയേലിനു നിലനിൽക്കണമെങ്കിൽ, ഹമാസിനെ തകർത്തുകൊണ്ടേ അതിനു കഴിയൂ എന്ന സാഹചര്യം മിഡിൽ ഈസ്റ്റിൽ സൃഷ്ടിച്ചെടുക്കുന്നതും സാമാന്തരമായി, മിഡിൽ ഈസ്റ്റിൽ രക്തപ്പുഴ ഒഴുക്കാൻ ഹൂത്തികളെയും ഹെസ്ബുള്ളയേയും ഇതര ചാവേർസംഘടനകളേയും വളർത്തിക്കൊണ്ടുവരുന്നതും ആര് എന്ന ചോദ്യം മാറ്റാരേയുംകാൾ അഭിമുഖീകരിക്കുന്നത് ഇസ്രയേലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ചോരപ്പുഴയിൽ മുക്കാനുള്ള ശ്രമം തുടക്കംമുതൽ മിഡിൽ ഈസ്റ്റിൽ ദൃശ്യമാണ്. ഈ അസ്വസ്ഥതയെ ലോകംമുഴുവൻ കയറ്റി അയയ്ക്കാനുള്ള ശ്രമങ്ങളും ദൃശ്യമാണ്. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും ഈ കെണിയിൽ വീഴുകയുംചെയ്തു. അവർ ഇപ്പോൾ അതിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ ഈ ദുരന്തം നേരിട്ടനുഭവിക്കുന്നത് പലസ്‌തീൻ ജനതയും ഇസ്രയേലുമാണ്. അറബ് രാജ്യങ്ങൾപോലും ഇപ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിനേയും അതിന്റെ തീവ്രരൂപങ്ങളേയും ഭയപ്പാടോടെ വീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. ഇവിടെയാണ് ഇറാനും ടർക്കിയും ലോകരാഷ്ട്രങ്ങളുടെ കണ്ണിൽ വേറിട്ട ചിത്രങ്ങളാകുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധം നീളുമ്പോൾ, പലസ്‌തീൻ പ്രശ്നത്തേക്കാൾ ലോകത്തെ അസ്വസ്ഥമാക്കുന്നത് ഹമാസ് മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശേഷിക്കുന്ന വർഷങ്ങളെ എങ്ങിനെയെല്ലാം മാറ്റിമറിക്കുമെന്നും അത് കൂടുതൽ വ്യാപകമായ രക്തച്ചൊരിച്ചിലുകൾക്ക് വഴിവയ്ക്കുമോ എന്നുമാണ്. അതോ, ഇസ്രായേൽ അതിനെ ലോകത്തിനുമുൻപിൽ തുറന്നുകാട്ടുമോ?

ഫാ. വർഗീസ് വള്ളിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.