
നേതൃത്വം എന്നാൽ എങ്ങനെയുള്ളതാണ്? ഏറ്റവും ഉച്ചത്തിൽ സംസാരിക്കുന്ന ആളാണോ അതോ തീരുമാനങ്ങൾ എടുക്കുന്നതിൽ എപ്പോഴും ആധിപത്യം പുലർത്തുന്നയാളോ നേതാവ്? യഥാർഥത്തിൽ നേതൃത്വം എന്നത് ശരിയായ രീതിയിൽ കൊണ്ടുപോകാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ സ്വേച്ഛാധിപത്യപരമായി അവഗണിക്കാനും ആരോടും ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കാനും നിരുപാധികമായ അനുസരണം ആവശ്യപ്പെടാനുമുള്ള ഒരു ഒഴികഴിവായി അത് മാറിയാൽ, അവിടെ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഒരു യഥാർഥ നേതാവ് ഒരിക്കലും അങ്ങനെ പെരുമാറില്ല.
മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു എന്ന കുറ്റപ്പെടുത്തൽ ഭയന്ന്, നേതൃത്വത്തിലേക്ക് വരേണ്ട പലരും ഇന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കൾ കുട്ടികളുടെ ധാർമ്മിക വളർച്ചയ്ക്ക് ആവശ്യമായ അച്ചടക്കവും മാർഗനിർദേശവും നൽകാൻ മടിക്കുന്നു. ആരും മറ്റുള്ളവരുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ‘വിഷലിപ്തമായ ഒരു സാന്നിധ്യമായി’ മാറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ ഭയം അതിരുകടക്കുമ്പോൾ, അത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാറുന്നു. ആത്യന്തികമായി, എല്ലാവരുടെയും നന്മയ്ക്കായിട്ടാണ് ദൈവം ചില വ്യക്തികളെ ചില സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നത്.
നേതാക്കൾ നല്ലവരും സമൂഹത്തിന് അത്യാവശ്യവുമാണ്. അവരില്ലെങ്കിൽ കൂട്ടായ്മകൾക്ക് മുന്നോട്ടുള്ള ഊർജം നഷ്ടപ്പെടും, തീരുമാനങ്ങൾ വൈകും, സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ ഇല്ലാതാകും. ഒരു നല്ല നേതാവില്ലാത്ത മീറ്റിംഗുകളിൽ നിങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കറിയാം അവിടെ, അനന്തമായ സംസാരങ്ങളും വഴിതിരിഞ്ഞുപോകലുകളും ഒന്നിലും ഒരു തീർച്ചയും തീരുമാനവും ഇല്ലാത്ത അവസ്ഥ സംജാതമാകും. ദൈവം അധികാരത്തിൽ ഇരുത്തിയിരിക്കുന്നവരെ അംഗീകരിക്കാൻ നമ്മൾ ഭയപ്പെടേണ്ടതില്ല ഉദാഹരണത്തിന്, മക്കൾ മാതാപിതാക്കളെ അനുസരിക്കണം, വൈദികർ യഥാർഥ അധികാരമുള്ള ആത്മീയ പിതാക്കന്മാരാണ്, പിതാക്കന്മാർ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരുമാണ്.
നേതൃത്വം എന്നത് ശരിയായി കൊണ്ടുപോകാൻ പ്രയാസമാണെന്ന് നമുക്കറിയാം, എന്നാൽ അതിനർഥം ആ ആശയത്തെ പൂർണ്ണമായി തള്ളിക്കളയണം എന്നല്ല. പകരം, എന്താണ് യഥാർഥ നേതൃത്വമെന്നും അത് എങ്ങനെ പ്രാവർത്തികമാക്കണമെന്നും നമ്മൾ മനസ്സിലാക്കുകയാണ് വേണ്ടത്.
ഒരു യഥാർഥ നേതാവ് മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കുന്നവനോ സ്വാർഥനോ അല്ല, എല്ലാവരോടും എന്തുചെയ്യണമെന്ന് ആജ്ഞാപിക്കുന്ന ഒരാൾ മാത്രമല്ല അവൻ. എന്നാൽ, ഒരു മനുഷ്യനോടും നിരുപാധികമായ അനുസരണം കാണിക്കേണ്ടതുമില്ല (അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്). മറിച്ച്, ഒരു നേതാവ് എന്നാൽ താൻ നയിക്കുന്നവരെ സേവിക്കുന്നവനും, തന്റെ ഓരോ തീരുമാനവും അവരുടെ നന്മയ്ക്കായി എടുക്കുന്നവനുമാണ്.
നല്ല നേതാക്കളുടെ സ്വാർഥതയില്ലാത്ത ഈ മനോഭാവം കൊണ്ടാണ്, അവരുടെ തീരുമാനങ്ങളോട് നമുക്ക് വിയോജിപ്പ് തോന്നുമ്പോൾ പോലും അവരെ വിശ്വസിക്കാനും അനുസരിക്കാനും നമ്മൾ തയ്യാറാകേണ്ടത്. അവരുടെ എല്ലാ തീരുമാനങ്ങളും നമുക്ക് വേണ്ടിയാണെങ്കിൽ, അവരെ വിശ്വസിക്കുന്നത് എളുപ്പമാണ്. ഉദാഹരണത്തിന്, ഒരു നല്ല പിതാവ് എപ്പോഴും ദയയുള്ളവനും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവനുമായിരിക്കും. തന്റെ മക്കളുടെ അന്തസ്സിന് നിരക്കാത്തതോ അവരെ പാപത്തിലേക്ക് നയിക്കുന്നതോ ആയ യാതൊന്നും അവൻ ആവശ്യപ്പെടില്ല. അവന് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം, അച്ചടക്കം പഠിപ്പിക്കേണ്ടിവന്നേക്കാം. എന്നാൽ അതെല്ലാം മക്കളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും. ചുരുക്കത്തിൽ, ‘അധികാരശ്രേണി’ (Hierarchy) എന്നത് ഒരു പഴയ ചിന്താഗതിയല്ല. നല്ല ക്രമത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യം നിലനിർത്താൻ നേതൃത്വം വളരെ പ്രധാനമായതുകൊണ്ടാണ് ദൈവം നമുക്ക് അധികാരത്തിന്റെ ഒരു ക്രമം നൽകിയിരിക്കുന്നത്.
നേതൃത്വം എന്നാൽ സ്നേഹിക്കാനും ത്യാഗം ചെയ്യാനുമുള്ള കഴിവാണ്. ഒരു നല്ല നേതാവ് തന്റെ സംരക്ഷണയിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മളെല്ലാവരും ഒരേ കൃപയുടെ ഉറവിടത്തിൽ പങ്കുപറ്റിക്കൊണ്ട് ഒന്നിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് നേതാക്കൾ നയിക്കപ്പെടുന്നവരേക്കാൾ കൂടുതൽ വിശുദ്ധരോ ശ്രേഷ്ഠരോ ആണെന്ന് കരുതുന്നത് തെറ്റാണ്. മാതാപിതാക്കളെപ്പോലെ തന്നെ ദൈവം ഒരു കുഞ്ഞിനെയും സ്നേഹിക്കുന്നുണ്ട്. തങ്ങളുടെ പദവി ദൈവത്തെ സേവിക്കാനുള്ളതാണെന്നും സ്വയം വലിയവനാകാനല്ലെന്നുമുള്ള ബോധ്യം എല്ലാ നേതാക്കൾക്കും ഉണ്ടായിരിക്കണം. നേതൃത്വം എന്നത് ദൈവത്തിന് മുന്നിൽ എല്ലാവർക്കുമുള്ള തുല്യതയ്ക്ക് എതിരല്ല.
യഥാർഥ നേതൃത്വം ദൈവത്തെ അനുകരിക്കുന്നു. നമ്മുടെ കർത്താവ് താൻ നയിക്കുന്നവർക്കായി സ്വയം ശൂന്യനാക്കിയെങ്കിൽ, നമ്മൾ അതിന് യോഗ്യരല്ലെങ്കിൽപോലും നമുക്കായി ജീവൻ ബലിനൽകിയെങ്കിൽ, പൂർണ്ണരല്ലാത്ത നമ്മൾ നേതാക്കളും ആ മാതൃക പിന്തുടരാൻ ബാധ്യസ്ഥരുമാണ്. ഒരു പിതാവ് എന്ന നിലയിൽ അവൻ തന്റെ കുടുംബത്തെക്കുറിച്ച് ആദ്യം ചിന്തിക്കുകയും അവർക്കായി ജീവൻ സമർപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അവരെ നയിക്കാൻ അദ്ദേഹം യോഗ്യനല്ല.
നേതൃത്വം എന്നത് ദൈവത്തിലേക്കുള്ള ആത്മീയമായ ഉയർച്ചയെ ലക്ഷ്യം വച്ചുള്ളതാണ്. നേതാക്കൾ അധികാരം കൈക്കലാക്കി വെക്കുകയോ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയോ ഇല്ല. അവർ മറ്റുള്ളവരെ ഉയർത്തുന്നവരാണ്, കാരണം അവർ സ്വയം താഴാനും വിനയമുള്ളവരാകാനും സേവിക്കാനും തയ്യാറുള്ളവരാണ്. യഥാർഥത്തിൽ നേതൃത്വം എന്നാൽ ക്രിസ്തുവിന്റെ തന്നെ പ്രതിഫലനമാണ്. അധികാരം നൽകപ്പെട്ടിരിക്കുന്നത് ഭരിക്കാനല്ല സ്നേഹിക്കാനാണ്, ആധിപത്യം സ്ഥാപിക്കാനല്ല സേവിക്കാനാണ്.




