മരണക്കിടക്കയിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഹോളിവുഡ് ഇതിഹാസം

അഞ്ച് പതിറ്റാണ്ടുകാലം നീണ്ടുനിന്ന ജോൺ വെയ്ന്റെ അവിശ്വസനീയമായ സിനിമാജീവിതത്തെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ, ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സംഭവം പലർക്കും അജ്ഞാതമാണ്. ‘ട്രൂ ഗ്രിറ്റ്’, ‘ദി ലോഗസ്റ്റ് ഡേ’, ‘ദി ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ്’ തുടങ്ങി നൂറ്റി അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങി. ഇതിൽ പകുതിയോളം വെസ്റ്റേൺ/കൗബോയ് ചിത്രങ്ങളായിരുന്നു.

1907-ൽ ഐയവയിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു പ്രസ്ബിറ്റീരിയൻ കുടുംബത്തിലാണ് മാരിയോൺ റോബർട്ട് മോറിസൺ എന്ന ജോൺ വെയ്ൻ ജനിച്ചത്. കത്തോലിക്കാ വിശ്വാസ പശ്ചാത്തലത്തിൽ വളർന്ന വ്യക്തിയായിരുന്നു അദ്ദേഹം. കോളേജ് ഫുട്ബോൾ ടീമിൽ കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് കളി ഉപേക്ഷിക്കേണ്ടിവന്ന ശേഷമാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടക്കുന്നത്. സിനിമകളിൽ പ്രോപ്പർട്ടികൾ ഒരുക്കാനും ജൂനിയർ ആർട്ടിസ്റ്റായും കരിയർ തുടങ്ങിയ അദ്ദേഹം ഒരു പതിറ്റാണ്ടിനുള്ളിൽ ഹോളിവുഡിലെ മുൻനിര സൂപ്പർതാരമായി മാറി.

കത്തോലിക്കാ വിശ്വാസവുമായുള്ള ആദ്യ സമ്പർക്കം

തന്റെ ആദ്യ ഭാര്യയായ ജോസഫിൻ അലീഷ്യ സെയ്ൻസിൽ നിന്നാണ് ജോൺ വെയ്ൻ ആദ്യമായി കത്തോലിക്കാ വിശ്വാസത്തെ അടുത്തറിയുന്നത്. 1933-ൽ വിവാഹിതരായ അവർക്ക് നാല് കുട്ടികളുണ്ടായി. ജോസഫിൻ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നതിനാൽ ഒരു കത്തോലിക്കാ ദൈവാലയത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. കുട്ടികളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ഹോളിവുഡിലെ കത്തോലിക്കരായ വൈദികരും സന്ന്യാസിനിമാരും ഉൾപ്പെടുന്ന വലിയൊരു സൗഹൃദവലയം ജോസഫിനുണ്ടായിരുന്നു. അവർ കുട്ടികളെ കത്തോലിക്കാ സ്കൂളുകളിലാണ് അയച്ചിരുന്നതും. പൊതുവെ, കത്തോലിക്കാ സാംസ്കാരികവൃത്തങ്ങളോട് ചേർന്നുനിന്ന വെയ്ൻ, കത്തോലിക്കാ ദൈവാലയങ്ങളിലും കത്തോലിക്കർക്കൊപ്പവും ധാരാളം സമയം ചെലവഴിച്ചിരുന്നു.

എങ്കിലും, 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 1945-ൽ അവർ വിവാഹമോചനം നേടി. എന്നാൽ ഒരു കത്തോലിക്കാ വിശ്വാസിയായ ജോസഫിൻ, വെയ്ന്റെ മരണം വരെയും മറ്റൊരു വിവാഹം കഴിച്ചില്ല – അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നതിനായി അവർ നിരന്തരം പ്രാർഥിച്ചുകൊണ്ടിരുന്നു.

പിന്നീട് ജോൺ വെയ്ൻ രണ്ടുതവണ കൂടി വിവാഹം കഴിക്കുകയും ചില അവിഹിതബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തു എന്നത് സങ്കടകരമായ വസ്തുതയാണ്. എങ്കിലും, മൂന്നാമത്തെ ഭാര്യയായ പിലാർ പാലറ്റിനൊപ്പമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ കാലം (25 വർഷം) ജീവിച്ചതും മരണം വരെ ഒപ്പമുണ്ടായിരുന്നതും. പിലാറും ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു.

ആത്മീയജീവിതവും സുഹൃദ്ബന്ധവും

ജീവിതത്തിൽ പല പ്രതിസന്ധികളുമുണ്ടായിരുന്നെങ്കിലും വെയ്ൻ എപ്പോഴും ആത്മീയത കാത്തുസൂക്ഷിച്ചുപോന്നു. പ്രാർഥനയുടെ ഭാഗമായി അദ്ദേഹം ദൈവത്തിന് സ്വന്തം കൈപ്പടയിൽ കത്തുകൾ എഴുതുമായിരുന്നു. കൂടാതെ, ഹോളിവുഡിൽ അസാന്മാർഗികതയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്ന കാലഘട്ടമായിരുന്നിട്ടു കൂടി, ധാർമ്മികതയ്ക്ക് നിരക്കാത്ത ചിത്രങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

1968-ൽ പനാമയിലെ രൂപതയിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് ലോസ് ആഞ്ചലസ് അതിരൂപതയുടെ ഭാഗമായി സേവനമനുഷ്ഠിച്ചിരുന്ന ആർച്ച്ബിഷപ്പ് തോമസ് ക്ലാവലുമായി ജോൺ വെയ്ൻ അടുത്ത സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദമാണ്, തനിക്കും കത്തോലിക്കാ സഭയുടെ ഭാഗമാകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമാക്കിയത്.

മരണക്കിടക്കയിലെ ആ വലിയ തീരുമാനം

അങ്ങനെ 1979-ൽ, ക്യാൻസർ ബാധിച്ച് മരണത്തോട് മല്ലിട്ട് സ്വന്തം വീട്ടിൽ കഴിയവെ, കത്തോലിക്കാ സഭയിൽ ചേരാൻ അദ്ദേഹം തീരുമാനമെടുത്തു. തന്റെ സുഹൃത്തായ ആർച്ച്ബിഷപ്പ് ക്ലാവലിനെ വീട്ടിലേക്ക് വരുത്താൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, ബിഷപ്പിന് അസുഖമായതിനാൽ വരാൻ കഴിഞ്ഞില്ല. പകരം രൂപതയിലെ മറ്റൊരു ആർച്ച്ബിഷപ്പിനെ അങ്ങോട്ട് അയച്ചു. വെയ്ൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ഔദ്യോഗികമായി സഭയിലേക്ക് പ്രവേശിച്ച് വെറും രണ്ടു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു.

തന്റെ തിരക്കേറിയ ജീവിതം മൂലമാണ് നേരത്തെ വിശ്വാസം സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയാതിരുന്നതെന്നും അതിൽ വെയ്ൻ ഖേദിച്ചിരുന്നതായും അദ്ദേഹത്തിന്റെ കൊച്ചുമകൻ പിന്നീട് വിശദീകരിക്കുകയുണ്ടായി. എങ്കിലും, ഒടുവിൽ അദ്ദേഹം ആ ലക്ഷ്യത്തിലെത്തി. ദൈവത്തിലേക്ക് മടങ്ങിവരാൻ ഒരിക്കലും വൈകിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.