തിരക്കുകൾക്കിടയിലും ദൈവത്തോട് ചേർന്നുനിൽക്കാൻ അമ്മമാരെ സഹായിക്കുന്ന അഞ്ചു മാർഗങ്ങൾ

കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കൽ, വീട്ടുജോലികൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ… ഒരു അമ്മയുടെ ജീവിതത്തിൽ ശാന്തമായി അല്പസമയം ഇരുന്ന് പ്രാർഥിക്കുക എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമായി മാറാറുണ്ട്. മുൻപ് മണിക്കൂറുകളോളം പ്രാർഥനയിൽ ചെലവഴിച്ചിരുന്നവർ പോലും അമ്മയാകുന്നതോടെ “അയ്യോ, ഇന്ന് എനിക്ക് പ്രാർഥിക്കാൻ പറ്റിയില്ലല്ലോ” എന്ന കുറ്റബോധത്തിലാകാറുണ്ട്.

എന്നാൽ, പ്രാർഥന എന്നത് ഏകാന്തമായ ഒരു മുറിയിൽ മണിക്കൂറുകളോളം തിരി കത്തിച്ചുവച്ച് നടത്തുന്ന ഒന്നിൽ മാത്രം ഒതുങ്ങേണ്ടതില്ല. നമ്മുടെ ദൈനംദിന തിരക്കുകൾക്കിടയിലും ദൈവത്തോട് ചേർന്നുനിൽക്കാൻ സഹായിക്കുന്ന അഞ്ചു പ്രായോഗിക വഴികൾ ഇതാ:

1 . പ്രാർഥനയെ ദിവസത്തിൽ പല സമയങ്ങളിലായി ക്രമീകരിക്കുക

മുഴുവനായി ഒരു മണിക്കൂർ പ്രാർഥനയ്ക്കായി മാറ്റിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. പകരം, ആ സമയം ദിവസത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോ പതിനഞ്ചോ മിനിറ്റുകൾ വീതം വീതിച്ചെടുക്കുക. രാവിലത്തെ ശാന്തമായ 10 മിനിറ്റ്, ഉച്ചയ്ക്ക് കുട്ടികൾ ഉറങ്ങുമ്പോഴുള്ള കുറച്ചു സമയം, രാത്രിയിലെ അല്പസമയം — ഇങ്ങനെ ദിവസത്തിലുടനീളം പ്രാർഥനയെ കൂടെക്കൂട്ടുന്നത് വലിയൊരു ഭാരമായി തോന്നുകയുമില്ല, പ്രാർഥനാജീവിതം തടസ്സപ്പെടുകയുമില്ല.

2 . ജീവിത പങ്കാളിയുടെ സഹായം തേടുക

പ്രാർഥനയ്ക്കായി നിങ്ങൾക്കും സമയം ആവശ്യമാണ്. ആഴ്ചയിൽ ഒരു ദിവസമോ അല്ലെങ്കിൽ സൗകര്യപ്രദമായ ഒരു സമയത്തോ കുട്ടികളെ നോക്കാനും വീട്ടുജോലികളിൽ സഹായിക്കാനും ഭർത്താവിനോട് തുറന്നു സംസാരിക്കുക. ആ സമയത്ത് നിങ്ങൾക്ക് സ്വസ്ഥമായി പള്ളിയിൽ പോകാനോ, വ്യക്തിപരമായ ധ്യാനത്തിൽ ഏർപ്പെടാനോ സാധിക്കും. പരസ്പരം മാറിമാറി ഇത്തരം സമയങ്ങൾ കണ്ടെത്തുന്നത് രണ്ടുപേരുടെയും ആത്മീയ ജീവിതത്തിന് കരുത്തേകും.

3 . കുടുംബത്തോടൊപ്പം പ്രാർഥിക്കുക

ചെറിയ കുട്ടികളുള്ള വീട്ടിൽ എല്ലാവരും ഒന്നിച്ച് പ്രാർഥിക്കുമ്പോൾ അവർ അടങ്ങിയിരിക്കണമെന്നില്ല; കുസൃതികളും ബഹളങ്ങളും ഉണ്ടായേക്കാം. എന്നാൽ അതിൽ നിരാശരാകാതിരിക്കുക. കുട്ടികൾ വളരുന്നതിനനുസരിച്ച് അവർ നിശബ്ദരായി പ്രാർഥിക്കാൻ പഠിച്ചുകൊള്ളും. പൂർണതയുള്ള പ്രാർഥനയേക്കാൾ പ്രധാനം, കുടുംബമായി ഒരുമിച്ചിരുന്ന് പ്രാർഥിക്കുന്ന ആ ശീലം നിലനിർത്തുക എന്നതാണ്.

4 . യാത്രകളെ പ്രാർഥനാ സമയമാക്കുക

കുട്ടികളെ സ്കൂളിലോ മറ്റ് ക്ലാസുകളിലോ കൊണ്ടുപോകുന്നതിനായി വാഹനങ്ങൾ ഓടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഉള്ള സമയം കാര്യക്ഷമമായി ഉപയോഗിക്കാം. റേഡിയോയോ മറ്റ് വിനോദങ്ങളോ കേൾക്കുന്നതിന് പകരം, കുടുംബമായി ഒരു ജപമാല ചൊല്ലാനോ, നല്ല ഭക്തിഗാനങ്ങളോ കുട്ടികൾക്കായുള്ള ആത്മീയ കഥകളോ (Podcasts) കേൾക്കാനോ ഈ സമയം ഉപയോഗപ്പെടുത്താം.

5 . ദൈനംദിന ജോലികളെ പ്രാർഥനയാക്കി മാറ്റുക

വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ “ഇന്നത്തെ എന്റെ ജോലി ഇന്നയാളുടെ ആവശ്യങ്ങൾക്കായി ഞാൻ കാഴ്ചവെക്കുന്നു” എന്ന് മനസ്സിൽ വിചാരിക്കുക. ഇത്തരത്തിൽ ജോലികളെ പ്രാർഥനയാക്കുന്നത് ദൈനംദിന കടമകളെ കൂടുതൽ അർഥവത്താക്കുകയും ദൈവ സാന്നിധ്യം എപ്പോഴും അനുഭവപ്പെടാൻ സഹായിക്കുകയും ചെയ്യും.

ഓർക്കുക ദൈവം ഒരു അമ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നത് മണിക്കൂറുകളോളം നീളുന്ന പ്രാർഥനകളല്ല; മറിച്ച്, നിങ്ങളുടെ ഈ വലിയ ഉത്തരവാദിത്വത്തിനിടയിലും അവനിലേക്ക് ഉയരുന്ന സ്നേഹവും നന്ദിയുമുള്ള ചെറിയൊരു മനസ്സിനെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.