വെല്ലുവിളികൾക്ക് ഇടയിലും അടിപതറാത്ത വിശ്വാസം: ചൈനയിൽ നിന്നുള്ള മാതൃക

വെല്ലുവിളികൾ കടുത്തതാകുമ്പോൾ വിശ്വാസവും ആഴമുള്ളതായി മാറുന്നു എന്നതിന്റെ തെളിവാണ് ചൈനയിൽ നിന്ന് ലോകം ദർശിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും നയങ്ങൾക്കും നടുവിലും ചൈനയിലെ കത്തോലിക്കാ സഭ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. “നൂറുവട്ടം വളഞ്ഞാലും ഞങ്ങൾ തകരില്ല” (Bend a hundred times but never break) എന്ന പ്രശസ്തമായ ചൈനീസ് പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന പോരാട്ട വീര്യമാണ് അവിടുത്തെ വിശ്വാസികളും വൈദികരും ലോകത്തിനു പകരുന്നത്.

സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്ന പഠന ക്ലാസുകളും. ഇന്ന് ചൈനയിലെ ക്രൈസ്തവ വിശ്വാസികൾ പോരാടുന്നത് ഇത്തരം പ്രതിസന്ധികളോടാണ്. ഇവിടെ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് തടവും പീഡനങ്ങളും മരണവും ആണെന്ന് ഇവർക്കറിയാം. എങ്കിലും തങ്ങളുടെ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാൻ ഇവർ തയ്യാറല്ല.

‘ഭരണകൂട നയങ്ങൾക്ക് മുൻപിൽ പണയം വയ്ക്കാത്ത വിശ്വാസം’

കത്തോലിക്കാ വിശ്വാസത്തെക്കാൾ ദേശീയതയ്ക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോടുള്ള കൂറിനും പ്രാധാന്യം നൽകാൻ സഭയ്ക്ക് മേൽ കടുത്ത സമ്മർദമുണ്ട്. “ആദ്യം ചൈനക്കാരൻ, രണ്ടാമത് മാത്രം കത്തോലിക്കൻ” എന്ന പ്രചാരണം ശക്തമാക്കാൻ ഭരണകൂടം ശ്രമിക്കുന്നു. കൂടാതെ വൈദികരും സന്യാസിനികളും നിരന്തരം പാർട്ടിയുടെ രാഷ്ട്രീയ ക്ലാസുകളിൽ പങ്കെടുക്കാനും റിപ്പോർട്ടുകൾ സമർപ്പിക്കാനും നിർബന്ധിതരാകുന്നു. ഇതിനൊക്കെ നടുവിലും ഭൂഗർഭ സഭയിലൂടെ ഇവർ വിശ്വാസത്തെ ചേർത്തു പിടിക്കുകയാണ്. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും അവിടുത്തെ വൈദികരുടെ ത്യാഗോജ്വലമായ ജീവിതം തന്നെയാണ്.

ഫാ. ഷൂ ഹോങ്ഷെങ് എന്ന വൈദികൻ 31 വർഷത്തിലേറെ തടവറയിൽ കഴിഞ്ഞിട്ടും വിശ്വാസം ഉപേക്ഷിച്ചില്ല. ഗവണ്മെന്റ് അനുകൂല പേട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചുകൊണ്ടും തന്റെ വിശ്വാസം നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടും അദ്ദേഹം വലിയ പ്രചോദനം ആണ് വിശ്വാസികൾക്ക് നൽകിയത്. ബിഷപ്പ് പീറ്റർ ഷാവോ ഷുമിൻ പേട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനാൽ തുടർച്ചയായ അറസ്റ്റുകൾക്ക് ഇരയാകുന്നു. വത്തിക്കാനുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട വ്യക്തിയാണ് ഫാ. സ്റ്റാനിസ്ലാസ് ഷെൻ ബൈഷുൻ. വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടവരുടെ ലിസ്റ്റുകൾ ഇനിയും നീളും. ആ ലിസ്റ്റുകൾ നീളും തോറും ഇവിടെയുള്ള വിശ്വാസികളുടെ വിശ്വാസവും ആഴമേറിയതായി മാറുന്ന കാഴ്ചയാണ് അനുദിനം നമുക്ക് കാണാൻ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.