ആഗസ്റ്റ് 17: മൊന്തേഫാള്‍ക്കോയിലെ വിശുദ്ധ ക്ലാര

ക്രൂശിതനെ ഹൃദയത്തിലും ജീവിതത്തിലും ഏറ്റുവാങ്ങിയ പുണ്യചരിതയാണ് ഏഴു നൂറ്റാണ്ടിനുശേഷവും അക്ഷയമായ ശരീരത്തിനുടമയായ വി. ക്ലാര. അവളുടെ മരണശേഷം ശരീരം പിളര്‍ന്ന് പുറത്തെടുത്ത ഹൃദയത്തില്‍, രക്ഷകന്റെ ചിത്രം പതിഞ്ഞിരുന്നു. ശിരസ്സില്‍ മുള്‍മുടി, കൈകാലുകളില്‍ ആണികള്‍, ഹൃദയത്തില്‍ മുറിവ് എന്ന് വ്യാഖ്യാനിക്കുന്നതരത്തിലുള്ള മൂന്നു മുറിവുകളും അവളുടെ ശരീരത്തിലുണ്ടായിരുന്നു.

1268-ല്‍ ജനിച്ച ക്ലാര, കുട്ടിക്കാലത്തുതന്നെ അനിതരസാധാരണമായ വിശുദ്ധി പ്രകടിപ്പിച്ചിരുന്നു. ഏഴാംവയസ്സില്‍ തന്നെ അവള്‍ പരിത്യാഗജീവിതം ആരംഭിച്ചു. 13-ാം വയസ്സില്‍ സ്‌പൊളേറ്റോയിലെ മെത്രാന്റെ അനുമതിയോടെ അവള്‍, ചേച്ചി ജൊവാന്റെ അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു. ചേച്ചി മരിച്ചപ്പോള്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനുവഴങ്ങി ആബസായി. അഗസ്റ്റീനിയന്‍ സഭയുടെ നിയമങ്ങള്‍ അവര്‍ ഏറെ തീക്ഷ്ണമായി നടപ്പാക്കുകയും അഭ്യസിക്കുകയും ചെയ്തു. ചേച്ചിയുടെ തീക്ഷ്ണത അനിയത്തിക്കും മാതൃകയായി.

ജീവിതകാലത്തുതന്നെ ധാരാളം അത്ഭുതങ്ങള്‍ ദൈവം അവരിലൂടെ പ്രവര്‍ത്തിച്ചിരുന്നു. 1308 ആഗസ്റ്റ് 17-ന് വിശുദ്ധ മരിച്ചു. ജീവിതകാലത്ത് വിശുദ്ധ പറഞ്ഞിരുന്നു: “നിങ്ങള്‍ ക്രിസ്തുവിന്റെ കുരിശ് തേടുന്നുവെങ്കില്‍ എന്റെ ഹൃദയം എടുക്കുക. അവിടെ നിങ്ങള്‍ കര്‍ത്താവിന്റെ സഹനം കാണും.” ഈ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത സഹസന്യാസിനികള്‍ വിശുദ്ധയുടെ മരണശേഷം അവളുടെ ശരീരം പിളര്‍ന്ന് ഹൃദയം പുറത്തെടുത്തു. അതില്‍ കര്‍ത്താവിന്റെ സഹനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ഹൃദയത്തിന്റെ പേശികളിലാണ് ആ ചിത്രം ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നത്.

ക്ലാരയുടെ ശരീരം മൊന്തേഫാള്‍ക്കോയിലെ വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ അഴുകാത്ത നിലയില്‍ സൂക്ഷിക്കപ്പെടുന്നു. 1968-ല്‍ ശരീരം പരസ്യവണക്കത്തിനുവച്ചപ്പോഴും ശരീരം അഴുകിയിരുന്നില്ല. 1881-ല്‍ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം: ”നിനക്ക് ദൈവത്തോടുള്ള സ്‌നേഹം നിര്‍മ്മലവും പരമാര്‍ഥവും ക്രമാനുസൃതവുമാണങ്കില്‍ നീ യാതൊന്നിനും അടിമപ്പെടുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.