മികച്ച 10 ക്രിസ്തുമസ് സിനിമകള്‍ – ഭാഗം 2

ഈ ക്രിസ്തുമസ് കാലത്ത് കാണുന്നതിനായി ലോകത്തെ മികച്ച പത്ത് ക്രിസ്തുമസ് സിനിമകള്‍ ലൈഫ് ഡേ പരിചയപ്പെടുത്തുന്നു. ആദ്യ അഞ്ചെണ്ണം കഴിഞ്ഞ എപ്പിസോഡില്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു. അടുത്ത അഞ്ചെണ്ണം ഏതൊക്കെയാണെന്ന് നമുക്ക് ഇന്ന് കാണാം.

6. ഹോം എലോണ്‍ – 1990

അതൊരു ക്രിസ്തുമസ് സമയമായിരുന്നു. കെവിന്റെ വീട് പാരീസിലേക്ക് ഒരു ക്രിസ്തുമസ് യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. മൂത്ത സഹോദരനുമായുണ്ടായ ചെറിയ വഴക്കിനെതുടര്‍ന്ന് വീടിന്റെ മൂന്നാം നിലയില്‍ കെവിന്‍ അകപ്പെട്ടതറിയാതെ വീട്ടിലുള്ളവരെല്ലാം യാത്രപോകുന്നു. കെവിന്‍ വീട്ടില്‍ തനിച്ചാകുന്നു. സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുന്ന കെവിന്, വീട്ടില്‍ ആരുമില്ലെന്നുകരുതി കവര്‍ച്ചയ്‌ക്കെത്തുന്ന രണ്ടുപേരെ നേരിടേണ്ടിവരുന്നു. തമാശയും നാടകീയതയും നിറഞ്ഞ ഈ സിനിമ 1990 -ലാണ് പ്രേക്ഷകരിലെത്തിയത്.

7. ദ് സാന്റാ ക്ലോസ് – 1994

1994 -ല്‍ തിയേറ്ററിലെത്തിയ ഈ ക്രിസ്തുമസ് ഫാന്റസി സിനിമയുടെ തുടര്‍ച്ചയായി രണ്ട് സിനിമകള്‍കൂടിയുണ്ട്. ഫാമിലി – കോമഡി – ഡ്രാമ ഗണത്തിലാണ് ചിത്രം.

ഭാര്യയുമായി പിരിഞ്ഞ് മകനോടൊപ്പം കഴിയുന്ന സ്‌കോട്ട് കാല്‍വിനു സംഭവിക്കുന്ന കയ്യബദ്ധത്തില്‍ ക്രിസ്തുമസിന്റെ തലേന്ന് പുരപ്പുറത്തുണ്ടായിരുന്ന സാന്താക്ലോസ് നിലംപതിക്കുകയാണ്. സാന്താക്ലോസിന്റെ സമ്മാനവിതരണജോലി മകന്‍ ചാര്‍ളിയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നതും ഒടുവില്‍ സ്‌കോട്ട് പുതിയ സാന്താ ആയിത്തീരുകയും ചെയ്യുന്നതാണ് കഥ.

2002 -ലെ ദ് മിസ്റ്റര്‍ ക്ലോസ്, 2006 -ലെ ദി എസ്‌കേപ്പ് ക്ലോസ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തമായ ഈ സാന്താ സിനിമയ്ക്ക് തുടര്‍ച്ചയുമുണ്ടായി.

8. ജാക്ക് ഫ്രോസ്റ്റ് – 1998

വാക്കുപാലിക്കാനാവാതെ മരിച്ചുപോകുന്ന പിതാവ് മഞ്ഞുമനുഷ്യനായി തിരിച്ചെത്തി മകനോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് സിനിമയില്‍. 1998 -ലാണ് ഈ സിനിമ തിയേറ്ററിലെത്തിയത്. എന്നേയ്ക്കുമായി തിരിച്ചുപോകുംമുന്‍പ് അദ്ദേഹം എന്തെല്ലാമാകും ചെയ്യുക?

9. പോളാര്‍ എക്‌സപ്രസ് – 2004 

ദക്ഷിണധ്രുവത്തിലേക്ക് ഒരു ക്രിസ്തുമസ് സന്ധ്യയ്ക്ക് പോളാര്‍ എക്‌സ്പ്രസില്‍ അത്ഭുതകരമായ യാത്രപോവുകയാണ് ഒരു കുട്ടി. അവിടെയാണ് സാന്താക്ലോസിന്റെ വനം. അത്യന്തം ഉദ്വേഗജനകമായ ട്രെയിന്‍യാത്ര. ആനിമേഷന്‍ സിനിമയാണിത്.

പ്രധാന കഥാപാത്രമായ ടിക്കറ്റ് ചെക്കറിന് ശബ്ദംനല്‍കിയിരിക്കുന്നത് ടോം ഹാങ്ക്‌സാണ്. മോഷന്‍ ക്യാപ്ച്ചര്‍ രീതിയില്‍ ചെയ്ത സിനിമ, ശരിക്കും ഷൂട്ട് ചെയ്ത അനുഭവമാണ് നല്‍കുന്നത്. സാന്താക്ലോസിനെ ആധാരമാക്കിയ സിനിമ മുതിര്‍ന്നവരെയും കുട്ടികളെളേയും ഒരേപോലെ ആകര്‍ഷിക്കും. 2004 -ല്‍ ഈ സിനിമ തിയേറ്ററുകളിലെത്തി.

10. എ ക്രിസ്മസ് കരോള്‍  – 2009

ചാള്‍സ് ഡിക്കന്‍സിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണിത്. വിക്ടോറിയന്‍ കാലത്തുള്ള ഒരു ശുദ്ധപിശുക്കന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.