ലീമയിലെ വി. റോസ് നല്‍കുന്ന മൂന്ന് ജീവിതപാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ലീമായിലെ വി. റോസയുടെ തിരുനാൾ ആഗസ്റ്റ് 23-ന് സഭ ആഘോഷിക്കുന്നു. ഈ ബഹുമതിക്ക് അർഹയാണെങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽനിന്നുള്ള ഈ വിശുദ്ധ കന്യക. വി. റോസായിൽനിന്നു പഠിക്കേണ്ട മൂന്ന് ജീവിതപാഠങ്ങൾ നമുക്കു പരിശോധിക്കാം.

1. ഭക്തകൃത്യങ്ങളിലുള്ള താല്പര്യവും സ്നേഹവും

പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ സ്പാനിഷ് മാതാപിതാക്കളുടെ മകളായി 1586-ൽ റോസാ ജനിച്ചു. ഇസബെൽ എന്നായിരുന്നു ജ്ഞാനസ്നാന നാമം. ഒരിക്കൽ അത്ഭുതകരമാംവിധം അവളുടെ മുഖം റോസപ്പൂവായി പരിണമിക്കുന്നതുകണ്ട ഒരു വേലക്കാരിയാണ് അവളെ റോസ എന്ന് ആദ്യം വിളിച്ചത്. സ്ഥൈര്യലേപനസമയത്ത് അവൾ റോസാ എന്ന പേര് സ്വീകരിച്ചു. ഭക്തയായ ഒരു കുട്ടിയായിരുന്നു റോസ, ചിട്ടയായ പ്രാർഥനാജീവിതവും വിശുദ്ധ കുർബാനയോടുള്ള ഭക്തിയും അവളുടെ ജീവിതത്തിന്റെ ആത്മീയവളർച്ചയ്ക്ക് അടിത്തറ പാകി. സിയന്നായിലെ വി. കത്രീനയെ തന്റെ പ്രത്യേക മധ്യസ്ഥയായി അവൾ സ്വീകരിച്ചിരുന്നു. ഡൊമിനിക്കൻ ആധ്യാത്മികതയോടും ജപമാലയോടും അനന്യസാധാരണമായ ഭക്തി അവൾ സൂക്ഷിച്ചിരുന്നു.

അനുദിന പ്രാർഥന, കൂടെകൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണം, ആത്മീയവായന, പരിശുദ്ധ അമ്മയോടുള്ള സ്നേഹം ഇവ ആത്മീയജീവിതത്തിൽ വളരാൻ ഏതുകാലത്തും ഫലപ്രദമായ മാർഗങ്ങളാണ്.

വ്യവസായത്തിൽ റോസായുടെ കുടുബത്തിന് നഷ്ടം സംഭവിച്ചതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി. കുടുംബത്തിന്റെ അതിജീവനത്തിനായി ഒരു പൂന്തോട്ടത്തിൽ അവൾ ജോലിക്കാരിയായി. ചിലപ്പോൾ എംബ്രോഡറി ജോലികളും അവൾ ഏറ്റെടുത്തു. ദുരിതങ്ങളിലും കഠിനാധ്വാനങ്ങളുടെ ഇടയിലും പ്രാർഥനയ്ക്ക്  വിശുദ്ധ കുർബാനയ്ക്കും റോസാ സമയം കണ്ടെത്തിയിരുന്നു. കഠിനധ്വാനങ്ങളുടെ ഇടയിലും അവളുടെ സൗന്ദര്യം വർധിച്ചതേയുള്ളൂ. വിവാഹാലോചനകളുമായി നിരവധി പേർ സമീപിച്ചെങ്കിലും ദൈവത്തിന് നിത്യകന്യകാത്വം വാഗ്ദാനം ചെയ്തിരുന്ന റോസ അതെല്ലാം നിരസിച്ചു. വ്യർഥതയ്ക്ക് അടിമപ്പെടാതിരിക്കാൻ ഇടയ്ക്കിടെ മുൾക്കിരീടം അണിഞ്ഞിരുന്ന അവൾ, വിവാഹാത്തിൽനിന്നു പിന്മാറാനായി പലപ്പോഴും തലമുടി സ്വയം മുറിച്ചുനീക്കിയിരുന്നു.

2. വിശുദ്ധസൗഹൃദങ്ങൾ

2018-ൽ ഫ്രാൻസിസ് പാപ്പ ലീമാ സന്ദർശിച്ചപ്പോൾ പെറുവിനെ ‘വിശുദ്ധരുടെ നാട്’ (Peru is a land of saints) എന്നാണ് വിശേഷിപ്പിച്ചത്. റോസയ്ക്ക് സ്ഥൈര്യലേപനം നൽകിയത് ടൂറിബിയസ് ദേ മോഗ്രോബെജോ (St. Turibius de Mogrobejo) എന്ന വിശുദ്ധനാണ്. അദ്ദേഹം ലീമായിലെ ആർച്ചുബിഷപ്പായിരുന്നു. റോസയുടെ ജീവിതകാലത്ത് ലീമായിൽ മൂന്നു വിശുദ്ധർ ജീവിച്ചിരുന്നു.

വി. ടൂറിബിയസ്

ടൂറിബിയസ് എന്ന വിശുദ്ധൻ അമേരിക്കൻ ഭാഷകൾ പഠിക്കുന്നതിൽ പ്രശസ്തനായിരുന്നു. അതിനാൽ തന്റെ അജഗണത്തിലെ തദ്ദേശീയരുമായി നന്നായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ആശുപത്രികൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്ക്കുപുറമേ, അമേരിക്കയിലെ ആദ്യത്തെ സെമിനാരി സ്ഥാപിച്ചതും ടൂറിബിയസാണ്. വരേണ്യവർഗമോ, പുരോഹിതന്മാരോ, തദ്ദേശവാസികളോടു നല്ല രീതിയിൽ പെരുമാറിയിരുന്ന ടൂറിബിയസിനെ യഥാർഥത്തിൽ മനസിലാക്കിയിരുന്നില്ല.

മാർട്ടിൻ ഡീ പോറസ്

പെറുവിലെ ലിമാ നഗരത്തിൽ 1579-ൽ മാർട്ടിൻ ജനിച്ചു. പന്ത്രണ്ടാം വയസിൽ തലമുടി മുറിക്കുക, ദന്തഡോക്ടറെ സഹായിക്കുക തുടങ്ങിയ ജോലികൾ ചെയ്തുതുടങ്ങി. പിന്നീട്, ജപമാലറാണിയുടെ ആശ്രമത്തിൽ ഒരു തുണസഹോദരനായി ചേർന്നു. മാർട്ടിന്റെ കറുത്തനിറം കാരണം ഒരു സന്യാസ സഹോദരാകാൻ ആദ്യം അനുവാദം ലഭിച്ചിരുന്നില്ല. മാർട്ടിനെ അംഗീകരിക്കാത്ത സഹോദരന്മാരെ ശുശ്രൂഷിക്കാനും സന്യാസഭവനം വൃത്തിയാക്കലുമായിരുന്നു ജോലികൾ. മറ്റുള്ളവർ അപമാനിക്കുമ്പോൾ പുഞ്ചിരിയായിരുന്നു മാർട്ടിന്റെ മറുപടി. ഒരു സന്യാസ സഹോദരനാകാൻ ക്രമേണ മാർട്ടിന് അനുവാദം കിട്ടി. പിന്നിടുള്ള ജീവിതം ദരിദ്രർക്കും രോഗികൾക്കുമായി മാറ്റിവച്ചു. മുടി മുറിക്കുന്നവരുടെയും പരിസരം ശുചിയാക്കുന്നവരുടെയും നേഴ്സുമാരുടെയും മധ്യസ്ഥനാണ് വി. മാർട്ടിൻ.

വി. ജോൺ മാസിയാസ്

വി. ജോൺ മാസിയാസ് സ്പെയിനിൽ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ചെങ്കിലും ചെറുപ്പത്തിൽത്തന്നെ അനാഥനായി. ലിമായിലെ ഡൊമിനിക്കൻ മൂന്നാംസഭയിൽ തുണസഹോദരനായി ചേർന്ന ജോൺ, ആദ്യം ഒരു ഡോർകീപ്പറായി ജോലിചെയ്തു. അപ്പോസ്തലനായ യോഹന്നാനുമായി ജോണിന് അമാനുഷിക ബന്ധമുണ്ടായിരുന്നു. പലപ്പോഴും യോഹന്നാൻ, ജോണിനെ സന്ദർശിച്ചിരുന്നതായും സഹായം നൽകിയിരുന്നതായും പാരമ്പര്യത്തിൽ പറയുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിൽ പ്രത്യേക താല്പര്യം വി. ജോൺ മാസിയാസിനുണ്ടായിരുന്നു.

വി. ഫ്രാൻസീസ് സോളാനോ

റോസയ്ക്ക് 15 വയസുള്ളപ്പോഴാണ് 1601-ൽ ലീമായിൽ എത്തിയത്. തനിക്കു ലഭിച്ചിരുന്ന അമിതമായ പ്രശസ്തി വലിച്ചെറിഞ്ഞ് ലീമായിലെത്തിയ ഒരു സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറി വൈദികനായിരുന്നു ഫ്രാൻസിസ്. തദ്ദേശവാസികളെ സംരക്ഷിക്കാനും അവരെ ജ്ഞാനസ്നാന ചുമതലകളിലേക്കും വാഗ്ദാനങ്ങളിലേക്കും തിരിച്ചുവിളിക്കാനും വിശുദ്ധന് സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു.

ലീമായിലെ റോസിനെ മനസിലാക്കുന്നതിൽ ഈ ബന്ധങ്ങൾ നിർണ്ണായകമാണ്. കാരണം, ഒരു വിശുദ്ധനും തനിയെ വിശുദ്ധനാകുന്നില്ല. വിശുദ്ധസൗഹൃങ്ങളാണ് അതിനു അവരെ സഹായിച്ചിരുന്നത്. ഏറ്റവും കഠിനമായ സന്യാസിക്കുപോലും ശിഷ്യന്മാരും സന്ദർശകരുമുണ്ടായിരുന്നു. നമ്മുടെ ഏകാന്തതയുടെ സമയങ്ങളിൽ, യഥാർഥവും വിശുദ്ധവുമായ സുഹൃദ്‌ബന്ധങ്ങൾ എങ്ങനെ വളർത്താമെന്ന് പഠിക്കുന്നത് ആത്മീയജീവിതത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായഘടകമാണ്.

റോസ, വി. ഫ്രാൻസിസ് സോളാനോയുമായോ, വി. ജോൺ മാസിയാസുമായോ കൂടിക്കാഴ്ച്ച നടത്തിയതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും ലീമാ നഗരത്തെ വിശുദ്ധീകരിക്കുന്നതിൽ അവർ കാണിച്ച തീക്ഷ്ണത റോസയെയും സ്വാധീനിച്ചു എന്നു നിസംശയം പറയാം.

3. ദൈവഹിതത്തോടുള്ള വിധേയത്വവും കുരിശുവഹിക്കലും

വിവാഹം കഴിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം റോസ് തുടക്കത്തിലെ നിരസിച്ചിരുന്നു. കന്യാസ്ത്രീയാകാനായിരുന്നു അവളുടെ ആഗ്രഹം. തന്മൂലം, അവൾ കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടുത്ത പീഡനങ്ങൾ നേരിട്ടു. ഒടുവിൽ അവളുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ മാതാപിതാക്കൾ കീഴടങ്ങി. റോസിന്റെ പ്രത്യേക മധ്യസ്ഥയായ സീയന്നായിലെ വി. കത്രീനയെപ്പോലെ ഡൊമിനിക്കൻ മൂന്നാം സഭയിലൂടെ റോസാ യേശുവിന് സ്വയം സമർപ്പിച്ചു. കത്രീനയെപ്പോലെ റോസും യേശുവിനോട് രഹസ്യമായി സംസാരിച്ചിരുന്നു. ഒരിക്കൽ യേശു അവളോട്, “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക” എന്നുപറഞ്ഞു.

യേശുവുമായുള്ള സംഭാഷണം പതിവായി തുടർന്നതിനാൽ റോസാ ചില സഹസന്യാസിനിമാരുടെ അസൂയയ്ക്കു പാത്രീഭൂതയായി. സഭാധികാരികളുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയയായ റോസയെ ആത്മീയതയുടെ ഏറ്റവും ഉയർന്നപദവി നേടിയ വ്യക്തിയായി അവർ കണ്ടെത്തി.

നീണ്ട 15 വർഷം, ആത്മാവിന്റെ ഇരുണ്ടരാത്രിയിലൂടെ കടന്നുപോയ റോസയ്ക്ക് യേശു അനുഭവിച്ച വേദനകൾ നന്നായി മനസിലാക്കാൻ സാധിച്ചു. ഈ സമയത്ത് യേശു അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി: “കഷ്ടതകൾക്കുശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ. വേദനകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല. സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർധിക്കുന്നു. വഴിതെറ്റാതിരിക്കാനോ, വഞ്ചിക്കപ്പെടാതിരിക്കാനോ മനുഷ്യർ ശ്രദ്ധിക്കട്ടെ. പറുദീസയിലേക്കുള്ള ഏക യഥാർഥ ഗോവണി കുരിശാണ്; കുരിശില്ലാതെ സ്വർഗത്തിലേക്കു കയറാൻ മറ്റൊരു വഴിയുമില്ല.”

വിശുദ്ധ കന്യകയായ ലീമായിലെ വി. റോസ നൽകുന്ന ജീവിതപാഠങ്ങൾ വിശുദ്ധജീവിതം നയിക്കാൻ നമുക്ക് പ്രചോദനമാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.