
ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ തവളയായ ഗോലിയാത്ത് തവളകളെ ആദ്യമായ് കണ്ടെത്തുന്നത് 1960 ഓഗസ്റ്റ് 23 നാണ്. ഇവയ്ക്ക് 12.5 ഇഞ്ച് അഥവാ 32 സെ.മീ. വരെ നീളവും 3.3 കി.ഗ്രാം വരെ ഭാരവുമുണ്ടാകും. വാൽമാക്രികൾ സാധാരണ തവളകളെപ്പോലെ ചെറുതു തന്നെയാണ്. പിന്നീട് വരുന്ന വളർച്ചാകാലഘട്ടത്തിൽ മറ്റിനങ്ങളെക്കൾ ഇവയ്ക്ക് വലുപ്പം കൂടുന്നു. മനുഷ്യരെക്കാൾ ആയുസ്സുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും കൂടുതൽ പഠനങ്ങൾ നടന്നുവരുന്നു. സ്വന്തം ശരീരഭാരത്തെക്കൾ മൂന്നിൽ രണ്ടു ഭാരമുള്ള മണലും കല്ലും ചലിപ്പിക്കുമെന്നും മറ്റു തവളകളെ അപേക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൂടുതൽ സംരക്ഷണം ഇവർ നൽകുന്നുണ്ടെന്നും ശാസ്ത്രഞർ കണ്ടെത്തിക്കഴിഞ്ഞു.
1966 ഓഗസ്റ്റ് 23 നാണ് ചന്ദ്രന്റെ സമീപത്തുനിന്നും ഒരു ബഹിരാകാശ പേടകം ഭൂമിയുടെ ആദ്യചിത്രം പകർത്തുന്നത്. സ്പെയിനിലെ മാഡ്രിഡിനടുത്തുള്ള റോബ്ലെഡോ ഡി ഷാവേലയിലുള്ള നാസ ട്രാക്കിംഗ് സ്റ്റേഷനിലാണ് ഈ ഫോട്ടോ ലഭിച്ചത്. ലൂണാർ ഓർബിറ്റർ 1 ആയിരുന്നു ഭൂമിയിലേക്ക് ചിത്രം കൈമാറിയ ബഹിരാകാശ പേടകം. ചിത്രത്തിൽ, ഇസ്താംബൂൾ മുതൽ കേപ് ടൗൺ വരെയുള്ള കിഴക്കൻ പ്രദേശങ്ങൾ ദൃശ്യമാണ്. 1960 കളിൽ നാസ ചന്ദ്രനിലേക്കയച്ച അഞ്ച് ചാന്ദ്ര ഓർബിറ്ററുകളിലൊന്നാണ് ലൂണാർ ഓർബിറ്റർ 1. മൂന്നുവർഷത്തിനു ശേഷം മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കുന്ന അപ്പോളോ മിഷനു മുന്നോടിയായി ചന്ദ്രന്റെ ഫോട്ടോ എടുക്കുക എന്നതായിരുന്നു ലൂണാർ ഓർബിറ്ററിന്റെ പ്രധാനപ്പെട്ട ദൗത്യം.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിനു പാവപ്പെട്ടവർക്ക് ഉപജീവനമാർഗം ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2004 ഓഗസ്റ്റ് 23 നാണ് ലോക്സഭാ പാസ്സാക്കിയത്. 2005 ഓഗസ്റ്റ് 25 ന് രാജ്യസഭയും ഈ നിയമം പാസ്സാക്കി. ഒടുവിൽ 2005 സെപ്റ്റംബർ അഞ്ചിന് ഇന്ത്യൻ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിൽവന്നു. 2006 ഫെബ്രുവരി രണ്ടിന് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഈ പദ്ധതിക്കു തുടക്കം കുറിച്ചു. ഏറ്റവും ദരിദ്രമായ 200 ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. പിന്നീട് പദ്ധതി ഇന്ത്യയൊട്ടാകെ വ്യാപിപ്പിച്ചു.
സുനീഷ വി എഫ്




