ഈ ഡോക്ടർ ഇനി വൈദികൻ; മനോഹരം ഈ ജീവിതം

എം.ബി.ബി.എസ് -നു ശേഷം, പി.ജി എൻട്രൻസിന്റെയും സെന്റ് ജോൺസിലെ സെലക്ഷന്റെയും ഇരട്ടിമധുരത്തിലായിരുന്ന കുടുംബാംഗങ്ങളോട് ജോസ് അക്കാലമത്രയും തന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന, പുരോഹിതനാകുക എന്ന ആഗ്രഹം വെളിപ്പെടുത്തി. ഒരു വെള്ളിടി വെട്ടിയപോലെയായിരുന്നു ആ കുടുംബം ഈ വാർത്ത സ്വീകരിച്ചത്.  വിൻസെൻഷൻ സന്യാസ സമൂഹത്തിൽ ഈ ഡിസംബർ 26 -ന് പൗരോഹിത്യം സ്വീകരിച്ച ഡോ. ജോസ് സംസാരിക്കുന്നു. മനോഹരം ഈ ജീവിതം! തുടർന്നു വായിക്കുക.

സി. നിമിഷ റോസ് CSN

അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്കുവന്ന പത്തുവയസ്സുകാരൻ ജോസിന്റെ ഏകസ്വപ്നം, തന്റെ ജീവൻ രക്ഷിക്കാൻ ആത്മാർഥമായി പരിശ്രമിച്ച ഡോക്ടറെപ്പോലെയൊരു ഡോക്ടറായിത്തീരണം എന്നതായിരുന്നു. ജോസിന്റെ സ്വപ്നങ്ങൾക്കൊടുവിൽ അവനെ പൗരോഹിത്യത്തിലേക്ക് ക്ഷണിക്കാൻ കാത്തിരുന്ന ദൈവം തന്റെ ജീവിതത്തിൽ ഇടപെട്ട നിമിഷങ്ങളെ ജോസ് എന്ന നവ വൈദികൻ ലൈഫ്ഡേയോട് പങ്കുവയ്ക്കുന്നു.

അഞ്ചാം ക്ലാസിലെ അപകടം

ഫാ. ജോസ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന  പ്രായത്തിലാണ് കുടുംബമൊന്നിച്ച് യാത്രചെയ്തിരുന്ന വാഹനം അപകടത്തിൽപെടുന്നത്. സാരമായ പരിക്കുകൾ ഏറ്റെങ്കിലും പെട്ടെന്നുതന്നെ എല്ലാവരും അപകടനില തരണം ചെയ്തു. എങ്കിലും അഞ്ചാം ക്ലാസ്സുകാരനായ ജോസ് മാത്രം അബോധാവസ്ഥയിൽ അഞ്ചുദിവസത്തോളം കഴിഞ്ഞു. അവൻ അഡ്മിറ്റ് ആയിരുന്ന ഗവൺമെന്റ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന ഡോ. റെജു തോമസ് ആയിരുന്നു ജോസിനെ ശുശ്രൂഷിച്ചിരുന്നത്. “അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എന്റെ അരികിൽ  ആ ഡോക്ടർ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ഒരു ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ എന്നതിനേക്കാൾ ആത്മാർഥമായി അദ്ദേഹം എനിക്കുവേണ്ടി നിലകൊണ്ടു” – അപകടനില തരണംചെയ്ത ജോസിന്റെ ആശുപത്രി ഓർമ്മകളായിരുന്നു ഇത്.

അങ്ങനെ ആ അഞ്ചാം ക്ലാസ്സുകാരന്റെ മനസ്സിൽ കയറിപ്പറ്റിയ ഡോക്ടർ, പിന്നീടുള്ള ജോസിന്റെ ജീവിതത്തിലെ ഹീറോ ആയിരുന്നു. ‘എനിക്കും ഒരു ഡോക്ടർ ആകണം’ എന്ന ചിന്ത ഒരു അഭിനിവേശമായി ജോസിന്റെ ഉള്ളിൽ വളർന്നു. അങ്ങനെ ജീവിതത്തിലെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചോദിക്കുന്നവരോടെല്ലാം ആ അഞ്ചാം ക്ലാസ്സുകാരന് പറയാനുള്ളത് ഒരേയൊരു ഉത്തരം മാത്രം, “എനിക്ക് നല്ലൊരു ഡോക്ടറാവണം.” അങ്ങനെ പത്താംതരം പിന്നിട്ട ജോസ്, ബയോ മാക്സ് വിഷയമായി എടുത്ത് +2 പഠനം ആരംഭിച്ചു. ഒപ്പം തൃശ്ശൂരുള്ള പി.സി തോമസ് സാറിന്റെ സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിംഗും.

ചിന്തകളിൽ വിരുന്നിനെത്തിയ പൗരോഹിത്യം

ഒരു ഡോക്ടർ ആകണം എന്ന ചിന്തയിൽ മുന്നോട്ടുപോയിരുന്ന ജോസിന്റെ മനസ്സിനെ പലപ്പോഴായി ആകർഷിച്ചിരുന്ന മറ്റൊരു ചിന്തയായിരുന്നു ‘കർത്താവിനെ പ്രഘോഷിക്കുന്ന ഒരു പുരോഹിതൻ ആകണം’ എന്നത്. “ഒരുപാട് ഹൃദയങ്ങളെ സൗഖ്യപ്പെടുത്തിക്കൊണ്ട് അവർ എത്ര എൻജോയ് ചെയ്താണ് ജീവിക്കുന്നതെന്ന് ഞാൻ പലപ്പോഴും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്” – വചനം പ്രഘോഷിക്കുന്ന പുരോഹിതരെ കാണുമ്പോഴൊക്കെ തന്റെ മനസ്സിലൂടെ കടന്നുപോയിരുന്ന ചിന്തകളെക്കുറിച്ച് ഫാ. ജോസ് പങ്കുവച്ചു. പി.സി തോമസ് സാറിന്റെ ക്ലാസ്സുകളും തന്നെ പലപ്പോഴും സ്വാധീനിച്ചിരുന്നുവെന്നും ഡോക്ടറായി പൗരോഹിത്യം സ്വീകരിച്ച ഫാ. ഫ്രാൻസിസ് ആലപ്പാട്ടും ഫാ. മാത്യു അബ്രാഹവും തമ്മിലുള്ള ബന്ധവും ജീസസ് യൂത്തിന്റെ പിൻബലവും, ഒരു ഡോക്ടർ ആയ പുരോഹിതനാകുക എന്ന തന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരുന്നു എന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു.

‘ഒരു കണ്ടീഷനുണ്ട് കർത്താവേ’

പ്ലസ് ടു പഠനത്തിനൊടുവിൽ ഒരു വൈദികൻ ആകാനുള്ള മോഹം ജോസിന്റെ ഉള്ളിൽ പലപ്പോഴും കടന്നുവന്നിരുന്നെങ്കിലും അതിലും വലിയ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക എന്നത്. അതുകൊണ്ടുതന്നെ ആദ്യം ഡോക്ടർ ആകാം എന്നു തീരുമാനിച്ചു. അങ്ങനെ രണ്ടാം തവണ എഴുതിയ എൻട്രൻസിന് ജോസ് 900-ാം റാങ്ക് കരസ്ഥമാക്കി. ഒരു പുരോഹിതനാവുക എന്ന ആഗ്രഹം ഉള്ളിൽ കനംവച്ചുതുടങ്ങിയതിനാൽതന്നെ സ്വതസിദ്ധമായ ശൈലിയിൽ ജോസ് ദൈവത്തോടു പറഞ്ഞു: “ഉള്ളതു പറയാലോ കർത്താവേ, എന്തായാലും എനിക്ക് ഡോക്ടറാകണം. നിന്റെ ആഗ്രഹം ഞാനൊരു പുരോഹിതനാകണം എന്നാണെങ്കിൽ നീ എന്നെ ചെലവില്ലാതെ എം.ബി.ബി.സ് പഠിപ്പിച്ചേക്കണം. ലോൺ എടുത്തു പഠിച്ച് വീടിന് ബാധ്യതയാക്കിയിട്ട് നിന്റെ കൂടെ പോരാൻ പറ്റില്ല. ഈ കണ്ടീഷൻ ഓക്കെ ആണെങ്കിൽ ഞാനും ഓക്കെ. അല്ലെങ്കിൽ നമുക്ക് രണ്ടുപേർക്കും നമ്മുടെ സ്വപ്നങ്ങൾ.”

അസാധ്യതകളിൽ വഴിവെട്ടിയ ദൈവം

900-ാം റാങ്കുകാരനായ ജോസിന് ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ പഠിക്കാനുള്ള സാധ്യതയേ ഉണ്ടായിരുന്നുള്ളൂ; അതിന് വലിയ ചെലവും വരും. വീട്ടുകാരുടെ ആഗ്രഹപ്രകാരം ലോണെടുത്തു പഠിക്കാൻ തീരുമാനിച്ച ജോസ് ഒരിക്കൽകൂടി കർത്താവിനെ തന്റെ കണ്ടീഷൻ ഓർമ്മപ്പെടുത്തി. ആ സമയത്താണ് പ്രൈവറ്റ് മെഡിക്കൽ കോളേജുകളും ഗവൺമെന്റും തമ്മിലുള്ള ചില സംയുക്ത കരാറുകൾ പ്രാബല്യത്തിൽവരുന്നത്. അങ്ങനെ പഠനം ആരംഭിക്കാനിരുന്ന മൂന്നുമാസത്തിനുള്ളിൽതന്നെ ഗവൺമെന്റ് ചെലവിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠിക്കാനുള്ള സാഹചര്യം ദൈവം ജോസിന് ഒരുക്കിക്കൊടുത്തു. “അങ്ങനെ ഫീസ് ഇല്ലാതെ പഠിക്കാനുള്ള എന്റെ ആദ്യത്തെ കണ്ടീഷൻ പുള്ളി സാധിച്ചുതന്നുകൊണ്ട് പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ ആദ്യ അടയാളം തന്നു” എന്നാണ് തന്റെ എം.ബി.ബി.എസ് അഡ്മിഷനെക്കുറിച്ചുള്ള ഫാ. ജോസിന്റെ വാക്കുകൾ. എം.ബി.ബി.എസ് പഠനത്തോടൊപ്പം ജീസസ് യൂത്തിൽ ആക്ടീവ് ആയിക്കൊണ്ട് ദൈവവുമായി കൂടുതൽ ബന്ധത്തിൽ വളരാനും പ്രാർഥനയിൽ ആഴപ്പെടാനും ജോസിനു കഴിഞ്ഞു.

ഹൃദയത്തിൽ വേരൂന്നിയ ആഗ്രഹം

എം.ബി.ബി.എസ് പഠനത്തോടൊപ്പം ഒരു പുരോഹിതനാകണമെന്ന ആഗ്രഹവും ഫാ. ജോസിന്റെ ഹൃദയത്തിൽ വളർന്നുകൊണ്ടിരുന്നു. അങ്ങനെ 2012 -ൽ ജോസ് തന്റെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. പി.ജി. കൂടിയെടുക്കാൻ മനസ്സിൽ ആഗ്രഹം സൂക്ഷിച്ചിരുന്ന ജോസ് ഒരു പുരോഹിതനാകാനുള്ള തന്റെ ആഗ്രഹവുമായി ഒരു ധ്യാനത്തിനുപോയി. അവിടെ അദ്ദേഹത്തെ ധ്യാനിപ്പിച്ച പുരോഹിതൻ തുടർപഠനത്തിനുള്ള ജോസിന്റെ ആഗ്രഹമറിഞ്ഞ് പി.ജി പഠിക്കാൻ നിർദേശിച്ചു. അങ്ങനെ 2014 -ൽ പി.ജി പഠനത്തിനായുള്ള ആദ്യ എൻട്രൻസ് എഴുതി. പ്രതീക്ഷിച്ച റാങ്ക് ലഭിക്കാതെ പരാജിതനായ ജോസ് വീണ്ടും തന്റെ ധ്യാനഗുരുവിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തോൽവിയുടെ സങ്കടം നീ മനസ്സിലാക്കിയില്ലേ, ഇനി നീ പുരോഹിതനാകാൻ പൊയ്ക്കോളൂ” എന്നാൽ, ജോസിന്റെ മറുപടി മറ്റൊന്നായിരുന്നു: “ഞാനെന്റെ ആഗ്രഹത്തെക്കുറിച്ച് ഇതുവരെയും വീട്ടിൽ അറിയിച്ചിട്ടുപോലുമില്ല. ഈയൊരവസരത്തിൽ പൗരോഹിത്യം എന്ന എന്റെ ആഗ്രഹത്തെക്കുറിച്ച് ഞാൻ അവരോടു പറഞ്ഞാൽ പരാജയം അഭിമുഖീകരിക്കാനാവാതെ ഞാൻ ഒളിച്ചോടുകയാണെന്നേ എല്ലാവരും കരുതൂ. അതിനാൽ, ഞാനിപ്പോൾ എന്തായാലും പുരോഹിതനാകാൻ പോകുകയില്ല.” അങ്ങനെ ജോസ് വീണ്ടും എൻട്രൻസ് എഴുതാൻ തീരുമാനിച്ചു. ഒടുവിൽ കർണാടക എൻട്രൻസിന് നല്ല റാങ്ക് ലഭിച്ചു. ഒപ്പം സെന്റ് ജോൺസിൽ നിന്ന് ഇന്റർവ്യൂവിന് സെലക്ഷനും കിട്ടി.

അപ്രതീക്ഷിത വെളിപ്പെടുത്തലിന്റെ ദിനം

പി.ജി എൻട്രൻസിന്റെയും സെന്റ് ജോൺസിലെ സെലക്ഷന്റെയും ഇരട്ടിമധുരത്തിലായിരുന്ന കുടുംബാംഗങ്ങളോട് ജോസ് അക്കാലമത്രയും തന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന, പുരോഹിതനാകുക എന്ന ആഗ്രഹം വെളിപ്പെടുത്തി. ഒരു വെള്ളിടി വെട്ടിയപോലെയായിരുന്നു ആ കുടുംബം ഈ വാർത്ത സ്വീകരിച്ചത്. കാരണം, വലിയ സ്വപ്നങ്ങളോടെയായിരുന്നു ‘ഒരു ഡോക്ടർ ആകുക’ എന്ന തങ്ങളുടെ ഇളയമകന്റെ ആഗ്രഹത്തിന് മാതാപിതാക്കൾ കൂട്ടുനിന്നത്. ഇടപ്പിള്ളിക്കാരനായ അപ്പൻ തയ്യിൽ പൈലോച്ചനും അമ്മ റാണിക്കും കൂടപ്പിറപ്പായ ഫിലിപ്പിനും ജോസിന്റെ വിജയം ഒരു അഭിമാനമായിരുന്നു. തന്റെ ആഗ്രഹം പറഞ്ഞ നിമിഷംമുതൽ വീട്ടിലെ അന്തരീക്ഷം ആകെ ശോകമൂകമായി. “അപ്പൻ അധികം സംസാരിച്ചിട്ടില്ലെങ്കിലും എന്റെ തീരുമാനത്തിൽ അദ്ദേഹം ഏറെ സങ്കടപ്പെട്ടിരുന്നു. എല്ലാ അമ്മമാരെയുംപോലെ ‘ഞങ്ങളെ വിട്ടുപോകല്ലേ മോനേ’ എന്നുംപറഞ്ഞ് അമ്മ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഒരു മരണവീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നതുപോലെ തന്നെയായിരുന്നു സെമിനാരിയിലേക്കുള്ള എന്റെ യാത്ര.”

അനിശ്ചിതത്വങ്ങളിൽ ആത്മധൈര്യത്തോടെ

“ഒരു മകൻ എന്ന നിലയിൽ ഏറെ ആശങ്കകളോടെയാണ് ഞാൻ സെമിനാരിയിലേക്ക് യാത്രയായത്. രോഗങ്ങളുള്ള മാതാപിതാക്കൾ തന്നെയായിരുന്നു എന്റെ ആദ്യത്തെ ആകുലത. എങ്കിലും, ദൈവം ഒന്നും വരുത്തില്ല എന്ന ഒരു ആത്മധൈര്യമായിരുന്നു എന്നെ മുന്നോട്ടുനയിച്ചത്” – സെമിനാരി പ്രവേശനകാലത്തെക്കുറിച്ചുള്ള ജോസിന്റെ അനുഭവമായിരുന്നു ഇത്.

“ഈ ഡിസംബർ 26 -ന് ഞാൻ കർത്താവിന്റെ പുരോഹിതനായപ്പോൾ, വീട്ടിൽനിന്നും യാത്രതിരിച്ചിട്ടും എന്റെ മെഡിക്കൽ പ്രൊഫഷനിൽനിന്ന് മാറിനിന്നിട്ടും ഏകദേശം 10 വർഷത്തോളമായി. പക്ഷേ, ഞാൻ വന്ന വഴിയെക്കുറിച്ചോ, എടുത്ത തീരുമാനത്തെക്കുറിച്ചോ ഒരിക്കൽപോലും ഞാൻ പരിതപിച്ചിട്ടില്ല” എന്നുപറയുന്ന ഫാ. ജോസിന്റെ  വാക്കുകളിൽ ദൈവത്തോടൊപ്പം ഇറങ്ങിത്തിരിച്ചതിന്റെ ആത്മനിർവൃതിയുണ്ട്.

ദൈവത്തിന്റെ വഴികളിലെ നിഗൂഢത

“ദൈവം എത്ര കണക്കുകൂട്ടലുകളോടെയാണ് എന്റെ ജീവിതത്തിൽ ഇടപെട്ടതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. കാരണം, എം.ബി.ബി.എസ് പാസായ വർഷമാണ് ഞാൻ സെമിനാരിയിൽ ചേരുന്നതെങ്കിൽ തീർച്ചയായും ഞാൻ എന്റെ അപ്പന്റെ ആരോഗ്യപ്രശ്നങ്ങൾമൂലം വീട്ടിൽ തിരിച്ചെത്തുമായിരുന്നു” എന്നാണ് ഫാ. ജോസിന്റെ വാക്കുകൾ. ഹൃദ്രോഗിയായിരുന്ന ഫാ. ജോസിന്റെ അപ്പന് പെട്ടെന്നുതന്നെ ബൈപ്പാസ് സർജറി വേണ്ടിവന്നത് ആ വർഷത്തിൽ ആയിരുന്നു. അന്നാളുകളിൽ അപ്പനെ പരിചരിച്ചതും ശുശ്രൂഷകൾ ചെയ്തതും ഫാ. ജോസ് ആയിരുന്നു. അമ്മയും നട്ടെല്ലിന് സർജറി കഴിഞ്ഞ ഒരാളായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ആശങ്കയോടെ സെമിനാരിയിലേക്ക് ഇറങ്ങിത്തിരിച്ച ഫാ. ജോസിന്റെ ആകുലതകൾക്കും ദൈവത്തിനൊരു പോംവഴി ഉണ്ടായിരുന്നു. ” അപ്പന്റെ പ്രഷർ സ്റ്റേബിൾ അല്ലായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായും പരിശോധനകൾ നടത്തണമായിരുന്നു. ഞാൻ സെമിനാരിയിൽ പോകുന്നവർഷം അപ്രതീക്ഷിതമായി എന്റെ സഹപാഠിക്ക് ഇടപ്പിള്ളിയിലെ ഒരു ഹോസ്പിറ്റലിൽ ജോലികിട്ടി. അതുകൊണ്ടുതന്നെ എല്ലാ മാസവും എന്റെ മാതാപിതാക്കളുടെ പരിശോധനകൾ കൃത്യമായി നടന്നു.”

ആത്മാവിന്റെയും ശരീരത്തിന്റെയും വൈദ്യൻ

ഒരു ഡോക്ടർ ആകണമെന്ന തന്റെ ആഗ്രഹത്തിനുവേണ്ടിയാണ് ജോസ് ആദ്യം നിലകൊണ്ടതെങ്കിലും പൗരോഹിത്യം എന്ന ദൈവനിയോഗത്തിലേക്ക് വളർന്ന ഫാ. ജോസിന്റെ ആഗ്രഹം “എന്റെ അരികിൽ വരുന്നവർക്ക് ആത്മാവിലും ശരീരത്തിലും സൗഖ്യം നൽകണം” എന്നാണ്. “കർത്താവിനെ പ്രഘോഷിക്കുന്ന ഒരു പുരോഹിതനാവുക എന്ന നിയോഗം മനസ്സിൽ ഉള്ളതുകൊണ്ടാണ് വചനപ്രഘോഷണം കാരിസമായിട്ടുള്ള വിൻസൻഷൻ സന്യാസ സമൂഹം തിരഞ്ഞെടുത്തത്” എന്നാണ് ഫാ. ജോസ് പങ്കുവയ്ക്കുന്നത്. തന്റെ വിളിയെക്കുറിച്ചും നിയോഗത്തെക്കുറിച്ചും വ്യക്തതയുള്ള ഈ പുരോഹിതന് എം.ബി.ബി.എസ് ഒരു പ്രൊഫഷനായിമാത്രം മുന്നോട്ടുകൊണ്ടുപോകുന്നതിനേക്കാൾ, കർത്താവിനെ പ്രഘോഷിച്ചുകൊണ്ട് കണ്ടുമുട്ടുന്നവർക്ക് ആത്മാവിലും ശരീരത്തിലും സൗഖ്യംപകരുന്ന ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ഒരു പുരോഹിതനാകാനാണ് ആഗ്രഹം.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.