അടച്ചുവച്ച പുസ്തകങ്ങൾ, നഷ്ടപ്പെട്ട സ്വപ്നങ്ങൾ; പ്രതീക്ഷ കൈവിടാതെ നിശബ്ദതയോടെ പൊരുതുന്ന അഫ്ഗാൻ സ്ത്രീകൾ

    താലിബാൻ അധികാരത്തിൽ തിരിച്ചെത്തി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം കടുത്ത യാതനകളിലൂടെയാണ് കടന്നുപോകുന്നത്. പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയും, ജോലിസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ പുറത്താക്കുകയും ചെയ്ത ഈ ദുരിതകാലത്ത്, കടുത്ത ഭയത്തിനിടയിലും തങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ ലോകത്തോട് വിളിച്ചുപറയുകയാണ് പന്ത്രണ്ട് അഫ്ഗാൻ സ്ത്രീകൾ.

    യൂണിഫോം നഷ്ടപ്പെട്ട പെൺപടയാളി

    താലിബാൻ ഭരണത്തിനു കീഴിൽ ജീവിതം ഭീതിയുടെയും നിശബ്ദതയുടെയും തടവറയായി മാറിയ അഫ്ഗാനിലെ മുൻ വനിതാ സൈനികയാണ് പരോസ്തു (യഥാർഥ പേരല്ല). ഹെറാത്തിൽ ആറ് വർഷം സൈനികയായി സേവനം അനുഷ്ഠിച്ചിരുന്ന പരോസ്തുവിന് പക്ഷെ താലിബാൻ നഗരം പിടിച്ചെടുത്തതോടെ ദുരിത ജീവിതം ആരംഭിക്കുകയായിരുന്നു. അവരുടെ യൂണിഫോം താലിബാൻ ബലമായി അഴിച്ചുവെപ്പിച്ചു. മുൻ സർക്കാരിൽ സേവനമനുഷ്ഠിച്ചതിനാൽ ഭർത്താവിനൊപ്പം നിരന്തരം വധഭീഷണികളും ചോദ്യം ചെയ്യലുകളും നേരിടുന്ന അവർ, എപ്പോൾ വേണമെങ്കിലും നാടുവിട്ടോടേണ്ടി വരുമെന്ന ഭയത്തിൽ ഇപ്പോഴും റെഡിയാക്കി വച്ചിരിക്കുന്ന ബാഗുകളുമായിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

    തടവറപോലെയുള്ള വീടിനുള്ളിൽ തനിച്ചായിരിക്കുന്ന പകൽ സമയങ്ങളിൽ തയ്ച്ചാണ് അവർ ഏകാന്തത മറികടക്കുന്നത്. വീടിന്റെ കർട്ടനുകൾ പോലും അടച്ചിട്ട് ലോകത്തുനിന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന പരോസ്തു, ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ പഴയ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് പോകുന്ന ദിവസങ്ങളെക്കുറിച്ചോർത്ത് നെടുവീർപ്പിടുന്നു. രാജ്യത്തിന് വേണ്ടി ഇനിയും സേവനം ചെയ്യണമെന്ന് സ്വപ്നം കണ്ട ആ പെൺപടയാളി, അടിച്ചമർത്തലുകൾക്കിടയിലും സ്വാതന്ത്ര്യത്തിനായി കൊതിക്കുന്ന അഫ്ഗാൻ സ്ത്രീകളുടെ കടുത്ത യാതനകളുടെ ജീവിക്കുന്ന പ്രതീകമാണ്.

    രഹസ്യ അന്വേഷണ പത്രപ്രവർത്തക

    താലിബാൻ ഭരണത്തിൻ കീഴിൽ ഒളിവിൽക്കഴിഞ്ഞുകൊണ്ട് മാധ്യമപ്രവർത്തനം നടത്തുന്ന ഒരു അഫ്ഗാൻ യുവതിയുടെ ഭയവും യാതനകളും നിറഞ്ഞ ജീവിതം ഏറെ ഞെട്ടിക്കുന്നതാണ്. വടക്കൻ പ്രവിശ്യകളിലൊന്നിൽ വ്യാജപേരിൽ ജോലി ചെയ്യുന്ന ഇവർ, 12 ചതുരശ്ര മീറ്റർ മാത്രം വലിപ്പമുള്ള ഒരു ചെറിയ മുറിയിലിരുന്നാണ് തന്റെ ജോലികൾ ചെയ്യുന്നത്. താലിബാൻ ഉദ്യോഗസ്ഥരുടെ റെയ്‌ഡിനെ രണ്ട് തവണയാണ് അവർ അതിജീവിച്ചത്. ഗേറ്റിൽ എപ്പോഴെങ്കിലും ഒരു തട്ടുകേട്ടാൽ പോലും അവർ ഭയത്താൽ വിറയ്ക്കും. ലാപ്ടോപ്പിലെ ഉള്ളടക്കങ്ങൾ പിടിക്കപ്പെടുമെന്ന ഭയത്താൽ ഓരോ തവണയും അത് മെത്തയ്ക്കടിയിൽ ഒളിപ്പിച്ചുവച്ചാണ് അവർ ജീവിക്കുന്നത്.

    കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുകയോ, പീഡനത്തിനിരയായവരുടെ കഥകൾ എഴുതുകയോ ചെയ്യുമ്പോൾ ഏത് നിമിഷവും പിടിക്കപ്പെടാമെന്ന ആശങ്ക അവരെ വേട്ടയാടുന്നുണ്ട്. അതിക്രൂരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുകൊണ്ട് വിവരങ്ങൾ ശേഖരിക്കുന്നതും, ഒളിവിൽക്കരുതലോടെ യാത്ര ചെയ്യുന്നതും കടുത്ത വെല്ലുവിളിയാണ്. പ്രസിദ്ധീകരണത്തിന് ശേഷം താലിബാൻ നിരീക്ഷണ ക്യാമറകൾ വഴി തങ്ങളെ തിരിച്ചറിയുമോ എന്ന ഭയത്താൽ പല റിപ്പോർട്ടുകളും പുറത്തുവിടാൻ പോലും അവർക്ക് കഴിയുന്നില്ല. പത്രസ്വാതന്ത്ര്യം പൂർണ്ണമായി നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ, ജീവൻ പണയം വെച്ച് സത്യം വിളിച്ചുപറയാൻ ശ്രമിക്കുന്ന ധീരരായ മാധ്യമപ്രവർത്തകരുടെ നേർക്കാഴ്ചയാണിത്.

    നിശബ്ദമായി ജോലി ചെയ്യുന്ന ഹോം ബേക്കർ

    താലിബാൻ ഭരണത്തിനു കീഴിൽ കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന കാബൂളിലെ ഫാത്തിമയുടെയും സഹോദരി മാർഷിയയുടെയും കഷ്ടപ്പാടുകൾ പുലർച്ചെ നാല് മണിക്ക് തുടങ്ങും. വെളുപ്പിന് എഴുന്നേറ്റ് അടുപ്പ് കത്തിച്ച് അയൽവാസികൾക്കായി റൊട്ടി ചുട്ടുനൽകുന്ന ചെറിയൊരു ഹോം ബേക്കറിയാണ് പതിനാല് കുട്ടികളുടെ അമ്മമാരായ ഈ രണ്ട് സഹോദരിമാരുടെയും ഏക വരുമാന മാർഗം. തീച്ചൂടേറ്റ് പുരികങ്ങളും കൺപീലികളും നഷ്ടപ്പെടുകയും കഠിനമായ ശാരീരിക വേദനകൾ സഹിക്കുകയും ചെയ്ത് ജോലി ചെയ്യുന്ന അവർ, തങ്ങളുടെ പെൺമക്കൾക്കും ഇതേ ദുരിതപൂർണ്ണമായ ജീവിതം ഉണ്ടാകുമോ എന്ന ആകുലതയിലാണ് കഴിയുന്നത്.

    വർദ്ധിച്ചുവരുന്ന വിറകിന്റെ വില കാരണം അണ്ടിപ്പരിപ്പിന്റെ തോടുകൾ ഇന്ധനമായി ഉപയോഗിച്ചാണ് ഇവർ അടുപ്പ് കത്തിക്കുന്നത്. തങ്ങളുടെ അടുക്കൽ റൊട്ടി ചുടാൻ എത്തുന്ന സ്ത്രീകളിൽ നിന്ന് താലിബാൻ അതിക്രമങ്ങളെക്കുറിച്ചുള്ള ഭീതിജനകമായ കഥകൾ കേൾക്കുന്ന ഫാത്തിമ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജീവിതം ഒരു നരകതുല്യമായി മാറിയിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പെൺമക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കകളും കടുത്ത ദാരിദ്ര്യവും പേറി, ഈ പ്രതിസന്ധികൾക്കിടയിലും പൊരുതി മുന്നേറുകയാണ് ഈ കഠിനാധ്വാനികളായ അമ്മമാർ.

    12 വയസ്സുള്ള ബ്ലോഗർ

    ആറാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി തൻ്റെ നിത്യജീവിതത്തിലെ നിറങ്ങളും സ്വപ്നങ്ങളുമല്ല പകരം ഭയങ്ങളും ദുസ്വപ്നങ്ങളുമാണ് തന്റെ ബ്ലോ​ഗിലൂടെ പങ്കുവയ്ക്കുന്നത്. വിദ്യാലയങ്ങളുടെ വാതിലുകൾ പെൺകുട്ടികൾക്ക് മുന്നിൽ അടച്ചപ്പോൾ, തൻ്റെ മൂത്ത സഹോദരിമാരെപ്പോലെ താനും അധികം വൈകാതെ വീടിനുള്ളിൽ ഒതുക്കപ്പെടുമെന്ന് അവൾ ഭയപ്പെടുന്നു. വസ്ത്രധാരണത്തിലെ കർശന നിബന്ധനകളും സമൂഹത്തിൻ്റെ ഭയവും കാരണം ജീവശ്വാസം പോലും കിട്ടാത്ത അവസ്ഥയിലാണ് അവർ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. എന്നിരുന്നാലും, ഈ നിശബ്ദതയോട് പൊരുതാൻ അവൾ തന്റെ ബ്ലോഗിലൂടെ ശബ്ദമുയർത്തുന്നു.

    സ്കൂളിലെ യാതനകളും പെൺകുട്ടികളുടെ അടച്ചുപൂട്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും അവൾ ലോകത്തോട് വിളിച്ചുപറയുമ്പോൾ ബന്ധുക്കൾ അതിനെ എതിർക്കുകയും കുടുംബത്തിൻ്റെ പേരിൽ ഭയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും തിരിച്ചറിയപ്പെടുമോ എന്ന ഭയത്തിനിടയിലും, ഭാവിയിൽ ഏഴാം ക്ലാസിലേക്ക് തിരികെപ്പോകാനും ഭയമില്ലാതെ പേന പിടിക്കാനും കഴിയുമെന്ന പ്രതീക്ഷ അവൾ കൈവിടുന്നില്ല. തങ്ങളുടെ നിശബ്ദ മുറികൾ സ്വപ്നങ്ങളുടെ ശ്മശാനമാകുന്നതിന് മുൻപ് ലോകം തങ്ങളുടെ ശബ്ദം കേൾക്കണമെന്ന അപേക്ഷയാണ് അവൾക്കുള്ളത്.

    പോളിയോ രോഗബാധയിലും തളരാതെ

    പത്താം വയസ്സിൽ പോളിയോ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട ഒരു പെൺകുട്ടി തന്റെ കഠിനാധ്വാനം കൊണ്ട് ഒരു തയ്യൽ വിദ​ഗ്ദയായി മാറുകയായിരുന്നു. ദാരിദ്ര്യവും യുദ്ധവും നിറഞ്ഞ ഒരു ഗ്രാമത്തിൽ വളർന്ന അവൾക്ക് വൈദ്യസഹായം ലഭിച്ചില്ല. ശാരീരിക വളർച്ച മുരടിച്ചതിനെത്തുടർന്ന് സമൂഹത്തിൽ നിന്ന് അവഗണന നേരിട്ട അവൾ, ആശ്വാസത്തിനായി തന്റെ പാവകൾക്കും കുടുംബാംഗങ്ങൾക്കും വസ്ത്രങ്ങൾ തുന്നാൻ തുടങ്ങി. സഹോദരി സമ്മാനിച്ച തയ്യൽ മെഷീനും സ്വന്തം പ്രയത്നവും അവളുടെ ജീവിതം മാറ്റിമറിച്ചു.

    ആളുകൾ ആദ്യം തന്നെ സംശയത്തോടെയും സഹതാപത്തോടെയും നോക്കിയെങ്കിലും, തൻ്റെ മികച്ച തയ്യൽ വൈഭവം കൊണ്ട് അവൾ അവരുടെ വിശ്വാസം പിടിച്ചുപറ്റി. സ്വയം പഠിച്ചെഴുത്തും വസ്ത്ര നിർമ്മാണ വൈഭവവും വഴി അവൾ സ്വന്തമായി കുടുംബം പുലർത്താൻ തുടങ്ങി. മാതാപിതാക്കളുടെ വിയോഗത്തിനുശേഷവും പോളിയോയെ തോൽപ്പിച്ച് സ്വന്തം കാലിൽ നിൽക്കുന്ന ഈ പെൺകുട്ടി, ഇന്ന് ഗ്രാമത്തിലെ ഏറ്റവും വിശ്വസ്തയായ തയ്യൽക്കാരിയായി അഭിമാനത്തോടെ ജീവിക്കുന്നു.

    നോവലിസ്റ്റാകാനുള്ള സ്വപ്നങ്ങൾ അകലെ

    അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിൽ നിന്നുള്ള 23-കാരിയായ മാഹ്താബ് (യഥാർഥപേരല്ല) എന്ന പെൺകുട്ടി തൻ്റെ മുറിയുടെ ജനലരികിലിരുന്ന് കഥകളും നോവലുകളും എഴുതുന്നതിലൂടെ ജീവിതത്തെയും പ്രതീക്ഷയോടെ നോക്കുകയാണ്. നഗരത്തിലൂടെ കടന്നുപോകുന്ന സാധാരണക്കാരുടെ ജീവിതങ്ങളും മുഖങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് അവൾ തൻ്റെ എഴുത്ത് ആരംഭിക്കുന്നത്. വിദ്യഭ്യാസത്തിനുള്ള വഴികൾ അടഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും ഓൺലൈൻ ക്ലാസുകളിലൂടെ എഴുത്ത് തുടരാൻ അവൾ പരിശ്രമിക്കുന്നുണ്ട്.

    പലപ്പോഴും തടസ്സങ്ങളും ഭയങ്ങളും നേരിടേണ്ടി വരുമ്പോഴും, പുസ്തകശാല സന്ദർശിച്ചും പുസ്തകങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചും അവൾ തൻ്റെ സ്വപ്നങ്ങളെ സംരക്ഷിക്കുന്നു. എഴുത്ത് വെറും വാക്കുകളുടെ കോർക്കലല്ലെന്നും, തകർന്നുകൊണ്ടിരിക്കുന്ന സ്വപ്നങ്ങളെയും ഓർമ്മകളെയും നിലനിർത്താനുള്ള വഴിയാണെന്നും അവൾ വിശ്വസിക്കുന്നു. എത്രയൊക്കെ നിയന്ത്രണങ്ങളുണ്ടായാലും ഭാവിയിലേക്കുള്ള ഒരു ജനൽ തുറന്നിടാൻ തനിക്ക് കഴിയുമെന്ന് ഈ യുവ എഴുത്തുകാരി ഉറച്ചുവിശ്വസിക്കുന്നു.

    കഷ്ടപ്പാടുകൾക്കിടയിലും മക്കളുടെ സ്വപ്നങ്ങൾക്കായി പൊരുതുന്ന അമ്മ

    അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെയും നാല് മക്കളെയും സംരക്ഷിക്കാൻ ലെയ്ൽമ എന്ന 33-കാരിയായ അഫ്ഗാൻ സ്ത്രീ പോരാടുകയാണ്. പുലർച്ചെ മുതൽ രാത്രി വൈകുവോളം ജോലികൾ ചെയ്യുന്ന അവൾ, ഒരു ഹോട്ടലിൽ വെെയ്റ്ററായും ക്ലീനറായും ജോലി ചെയ്ത് ദിവസേന വളരെ ചെറിയ തുക മാത്രമാണ് സമ്പാദിക്കുന്നത്. ഈ തുച്ഛമായ വരുമാനം കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് തികയാതെ വരുമ്പോൾ, വീടിനൊരു മുറി കൂടി പണിയാൻ ഒഴിവുസമയങ്ങളിൽ അവൾ കല്ലുകൾ നിർമ്മിക്കുന്ന ജോലിയും ചെയ്യുന്നു.

    തന്റെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ലെയ്ൽമ ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. തന്നെപ്പോലെ മക്കളുടെ ഭാവി അറിവില്ലായ്മയും ദാരിദ്ര്യവും കൊണ്ട് തകരുരുതെന്ന ആഗ്രഹത്താൽ, അയൽക്കാരുടെ മുന്നറിയിപ്പുകളെ പോലും അവഗണിച്ച് അവൾ ഈ കഠിനാധ്വാനം തുടരുന്നു. തന്റെ മക്കളുടെ കൈകളിൽ അവരുടെ പ്രതീക്ഷകൾ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ഈ അമ്മയുടെ ജീവിതം അഫ്ഗാൻ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.

    തടസ്സങ്ങൾക്കിടയിലും അഫ്ഗാൻ കുട്ടികൾക്കായി അക്ഷരം പകരുന്ന അധ്യാപിക

    പുലർച്ചെ നാലു മണിക്ക് ആരംഭിച്ച് അതികഠിനമായ ജോലികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന സെദീഖ എന്ന 41-കാരിയായ അഫ്ഗാൻ അധ്യാപിക പോരാട്ടങ്ങളുടെ നടുവിലാണ്. ദായ് പ്രവിശ്യയിലെ ഒരു ഉൾഗ്രാമത്തിൽ താമസിക്കുന്ന അവളെ വിവാഹശേഷം ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സ്വന്തം വീട് കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ പല ദുരിതങ്ങളും അവൾക്ക് താണ്ടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും കുട്ടികൾക്ക് വിദ്യാഭ്യാസം പകർന്നു നൽകാൻ അവൾ സധൈര്യം മുന്നോട്ടു വന്നു. പഴയ താലിബാൻ ഭരണത്തിന് ശേഷം വൈകി പഠനം തുടങ്ങി അധ്യാപികയായി മാറിയ അവൾ, നിലവിലെ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കിടയിലും തൻ്റെ അധ്യാപന ജോലി തുടരുന്നു.

    ഇന്ന് പെൺകുട്ടികൾക്ക് ആറാം ക്ലാസിനു മുകളിൽ പഠനം നിഷേധിക്കപ്പെട്ടിരിക്കുന്ന വിദ്യാലയത്തിൽ ഒന്നാം ക്ലാസ് കുട്ടികളെയാണ് അവൾ പഠിപ്പിക്കുന്നത്. തന്റെ മുന്നിൽ അറിവിനായി ഇരിക്കുന്ന ആ കുരുന്നുകളുടെ സന്തോഷവും ചിരിയുമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് സെദീഖ പറയുന്നു.

    കോളേജ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട യുവതിയുടെ വേദന

    സർവകലാശാലകൾ അടച്ചതിനെത്തുടർന്ന് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ട് വീടിനുള്ളിൽ അടച്ചുപൂട്ടപ്പെട്ട 24കാരിയായ ലെയ്മയുടെ അനുഭവം ഹൃദയഭേദകമാണ്. നംഗർഹാർ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്ന അവൾ, പഠനം പൂർത്തിയാക്കാൻ കഴിയാത്ത നിരാശയിലും മാനസിക സമ്മർദത്തിലുമാണ്. സഹോദരന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കുടുംബത്തിന് രാജ്യം വിട്ടുപോകാൻ കഴിയാതെ വന്നതോടെ അവളുടെ എല്ലാ വഴികളും അടഞ്ഞു.

    നാളെയെക്കുറിച്ചുള്ള ആകുലതകളിൽ കണ്ണീരൊഴുക്കി ദിവസങ്ങൾ തള്ളിനീക്കുന്ന അവൾ, പഴയകാലത്തെ സന്തോഷങ്ങളും സ്വപ്നങ്ങളും ഓർത്ത് വിതുമ്പുന്നു. എങ്കിലും രാത്രിയിലെ നിശബ്ദ ആകാശവും പഴയ പെർഫ്യൂമിന്റെ സുഗന്ധവുമൊക്കെ അവളെ പഴയൊരു കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, ഏതെങ്കിലും ഒരു ദിവസം കാര്യങ്ങളെല്ലാം ശരിയാകുമെന്ന പ്രതീക്ഷ അവളിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

    വൈകല്യമുള്ളവർക്ക് തുണയാകുമ്പോഴും മകളുടെ ഓർമ്മകളിൽ നീറുന്ന അമ്മ

    കഴിഞ്ഞ 25 വർഷമായി കൃത്രിമ അവയവങ്ങളും ഓർത്തോപീഡിക് ഉപകരണങ്ങളും നിർമ്മിക്കുന്ന നാസെൻ എന്ന 42കാരിയായ ടെക്നീഷ്യൻ നിരവധി സ്ത്രീകൾക്ക് താങ്ങും തണലുമാണ്. നാല് മക്കളുടെ അമ്മയായ അവൾ, ശാരീരിക വൈകല്യമുള്ള നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം കാലിൽ നിൽക്കാൻ സഹായമേകുന്നു. കൃത്രിമക്കാൽ ലഭിച്ച ഒരു അമ്മ പച്ചക്കറിത്തോട്ടത്തിലും ചന്തയിലും സ്വന്തം കാലിൽ നടന്നുപോയ സന്തോഷം പങ്കുവച്ചത് അവളുടെ പ്രയത്നത്തിന്റെ ഫലം വ്യക്തമാക്കുന്നു.

    എന്നാൽ, തന്റെ ഇളയ മകൾ സ്കൂളിൽ പോകുമ്പോൾ, 13 കാരിയായ മൂത്ത മകൾക്ക് പഠനം നിഷേധിക്കപ്പെട്ട് വീടിനുള്ളിൽ അടച്ചുപൂട്ടപ്പെട്ടതിലുള്ള വേദനയിലാണ് ഈ അമ്മ ജീവിക്കുന്നത്. ജോലിസ്ഥലത്തും മകളുടെ ഭാവിയെക്കുറിച്ചുള്ള ആധികളാണ് അവളുടെ മനസ്സിൽ നിറയെ. എങ്കിലും ഭർത്താവിന്റെ പിന്തുണയോടെയും, ദുരിതമനുഭവിക്കുന്ന മറ്റ് സ്ത്രീകൾക്ക് താങ്ങാവുന്നുണ്ടെന്ന സന്തോഷത്തോടെയും അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.

    സർജനാകാൻ ആഗ്രഹിച്ചു, പക്ഷെ ഡെന്റൽ അസിസ്റ്റന്റായ അഫ്ഗാൻ യുവതി

    സർജനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സാഹചര്യങ്ങളുടെ സമ്മർദം മൂലം ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്യേണ്ടി വന്ന വ്യക്തിയാണ് മാർവ. താലിബാൻ ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളും പരിശോധനകളും നിറഞ്ഞ വഴികളിലൂടെയാണ് അവൾ ജോലിസ്ഥലത്തേക്ക് എത്തിച്ചേരുന്നത്. തന്നെപ്പോലുള്ള സ്ത്രീകൾ പുറത്തിറങ്ങുന്നത് ഇഷ്ടപ്പെടാത്ത പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങളും ഭയപ്പെടുത്തുന്ന യാഥാർഥ്യങ്ങളും നേരിട്ടാണ് അവൾ തന്റെ കർത്തവ്യം നിർവഹിക്കുന്നത്.

    താലിബാൻ കമാൻഡർമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ ചികിത്സയ്ക്കായി എത്തുമ്പോൾ അവൾക്ക് ആശങ്കകളും ഭയവും ഉണ്ടാകാറുണ്ട്. മുൻകാലങ്ങളിലെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. നാളെയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും, വിവാഹത്തിലൂടെ ഒരു അഭയം തേടുന്നതിന് പകരം തനിക്ക് സ്വന്തമായി ഒരു അഭയമാകാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയോടെ മുന്നോട്ട് പോകുന്ന ഒരു അഫ്ഗാൻ യുവതിയുടെ നിശ്ചയദാർഢ്യമാണിത്.

    വിദ്യാഭ്യാസം നിലച്ചപ്പോഴും തളരാതെ മുന്നോട്ട്

    താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെത്തുടർന്ന് തന്റെ നിയമപഠനം ഫതാനയ്ക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഉപരിപഠനം നിഷേധിക്കപ്പെട്ടതോടെ ജീവിതം ഇരുളടഞ്ഞതായി മാറിയ അവൾ, ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്താണ് ജീവിക്കുന്നത്. ഒപ്പം പഠനത്തിൽ മിടുക്കിയായ ഒരു വിദ്യാർഥിനിക്ക് വാട്സാപ്പ് വഴി സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

    എന്നാൽ ദാരിദ്ര്യവും കുടുംബപരമായ സമ്മർദവും കാരണം തന്റെ പ്രിയപ്പെട്ട വിദ്യാർഥിനികൾ ബാലവിവാഹങ്ങൾക്ക് ഇരകളാക്കപ്പെടുമോ എന്ന ഭയമാണ് ഈ അധ്യാപികയെ എപ്പോഴും വേട്ടയാടുന്നത്. ആറാം ക്ലാസ് പഠനം പൂർത്തിയാക്കി വിദ്യാലയത്തോട് വിടപറയുന്ന കുട്ടികളുടെ സങ്കടം നിറഞ്ഞ മുഖങ്ങൾ കാണുമ്പോൾ അവളുടെ മനസ്സ് നീറുന്നു. പെൺകുട്ടികളുടെ സ്വപ്നങ്ങളും വിദ്യാഭ്യാസവും അടിച്ചമർത്തപ്പെടുന്ന ഈ കാലത്ത് അവരുടെ ഭാവിയെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടുകയാണ് ഫതാന.

    കടുംപിടുത്തങ്ങളുടെയും അടിച്ചമർത്തലുകളുടെയും മധ്യത്തിലും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ ജീവൻ പോലും പണയം വച്ച് പോരാടുകയാണ് ഈ അഫ്ഗാൻ സ്ത്രീകൾ. പുറംലോകത്തേക്ക് വിവരങ്ങൾ എത്തിക്കുകപോലും ദുഷ്കരമായ ഈ സാഹചര്യത്തിൽ, ഒരറ്റം വെളിച്ചത്തിനായി അവർ നടത്തുന്ന ചെറുത്തുനിൽപ്പുകൾ ഭാവിയുടെ പ്രതീക്ഷകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കാതെ, പ്രതിസന്ധികളെ അതിജീവിച്ച് അവർ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ഈ യാഥാർഥ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾ ആവശ്യപ്പെടുന്നുണ്ട്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.