റോമിലെ കോവിഡ് രോഗികളുടെ മലയാളി മാലാഖ 

സി. സൗമ്യ DSHJ

“ഞാൻ മരിച്ചാൽ പിന്നെ എന്റെ മക്കൾക്ക് ആരാണുള്ളത്? അവരെ പിന്നെ ആര് നോക്കും?”

45 വയസുള്ള മരണാസന്നനായ ഒരു കോവിഡ് രോഗിയുടെ കണ്ണീരോടെയുള്ള ചോദ്യം ഒരു വർഷം പിന്നിട്ടിട്ടും സി. ഡെയ്‌സിയുടെ കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്. മറുപടിയൊന്നും പറയാനാകാതെ നിറമിഴികളോടെ, പ്രാർത്ഥനയോടെ അദ്ദേഹത്തെ യാത്രയാക്കാനേ സിസ്റ്ററിന് സാധിച്ചുള്ളൂ.

ഇറ്റലിയിൽ ഇതുവരെ ഏകദേശം, 470 -ഓളം കോവിഡ് രോഗികളെ ശുശ്രൂഷിച്ച സി. ഡെയ്‌സി, ‘ഡോട്ടേഴ്സ് ഓഫ് സെന്റ് കമിലസ്’ (DIC) സന്യാസ സമൂഹത്തിലെ അംഗമാണ്. റോമിനടുത്തുള്ള ‘മാദ്രെ ജൂസെപ്പീന വന്നീനി’ ആശുപത്രിയിൽ കഴിഞ്ഞ 23 വർഷങ്ങളായി നേഴ്‌സായി ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റർ. ആരോഗ്യപരിപാലന രംഗത്തെ സിസ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വായിച്ചറിയാം…

കോവിഡ് രോഗികളെ ശുശ്രൂഷിച്ചിരുന്ന അവസരങ്ങളിൽ നിരവധി സാഹചര്യങ്ങളെ സിസ്റ്ററിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സിസ്റ്റർ സേവനം ചെയ്യുന്ന ‘മാദ്രെ ജൂസെപ്പീന വന്നീനി’ ആശുപത്രി കോവിഡ് രോഗികൾക്കു വേണ്ടി മാറ്റിവയ്‌ക്കേണ്ടിവരുമെന്നുള്ള ആവശ്യം ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നൽകിക്കഴിഞ്ഞു. സിസ്റ്റേഴ്സിന്റെ തന്നെ മേൽനോട്ടത്തിലാണ് ഈ ആശുപത്രിയുടെ നടത്തിപ്പ്.

ഇറ്റാലിയൻ ഗവൺമെൻറ് നൽകിയ ആദരവ്   

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിലെ മൂന്നു സന്യാസിനിമാരും അഞ്ചു നേഴ്‌സുമാരും കോവിഡ് വാർഡിൽ ജോലി ചെയ്തിരുന്നു. നമുക്കെല്ലാം അറിയാവുന്നതു പോലെ, അന്ന് ഇറ്റലിയിൽ നിലവിലിരുന്നത് ഇന്നത്തെ ഒരു സാഹചര്യമല്ലായിരുന്നു. അന്ന് കോവിഡ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമായിരുന്നു. ആവശ്യത്തിന് ചികിത്സോപകരണങ്ങളോ, ഓക്സിജനോ പോലും ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് അന്ന് ഇറ്റലി കടന്നുപോയത്.

ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ ആശങ്കയോടെയാണ് ലോകം കേട്ടത്. എന്നാൽ, ഇവയുടെയൊക്കെ മുൻപിൽ ഒട്ടും പതറാതെ നിലകൊണ്ട ചില വ്യക്തികളുണ്ട്. അവരെ പിന്നീട് ഇറ്റാലിയൻ ഗവൺമെന്റ് തന്നെ ആദരിക്കുകയുമുണ്ടായി. അവരിലൊരാളാണ് മലയാളിയായ സി. ഡെയ്സി അണ്ണാത്തുകുഴിയിൽ. വനിതാദിനത്തോട് അനുബന്ധിച്ചു നൽകിയ ആദരവായിരുന്നു ഇത്. ഈ സന്യാസിനീ സമൂഹത്തിലെ തന്നെ സി. തെരേസ എന്ന മലയാളി സന്യാസിനിയും ഈ ആദരവ് ഏറ്റുവാങ്ങിയിരുന്നു.

തുടർപഠനം വേണ്ടെന്നു വച്ച് കോവിഡ് രോഗികൾക്കിടയിലേക്ക് 

സി. ഡെയ്‌സി നേഴ്സായിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാർഡിൽ ജോലി ചെയ്യേണ്ട യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. കാരണം, സിസ്റ്റർ ആ സമയങ്ങളിൽ ഇറ്റലിയിൽ തന്നെ എം.എസ്.സി നേഴ്‌സിംഗ് പഠനം ആരംഭിച്ചിരുന്നു. പഠനകാലഘട്ടമായതിനാൽ ജോലിക്കു പോകേണ്ട സാഹചര്യവുമായിരുന്നില്ല. എന്നാൽ കോവിഡ് കേസുകൾ വർദ്ധിച്ച അവസരത്തിലാണ് ‘കോവിഡ് രോഗികളെ  ശുശ്രൂഷിക്കാൻ പോകാമോ’ എന്ന് സന്യാസ സമൂഹത്തിലെ അധികാരികൾ ചോദിക്കുന്നത്. സിസ്റ്റർ അതിന് സമ്മതിക്കുകയായിരുന്നു.

കൂടെ ജോലി ചെയ്തിരുന്ന നേഴ്സുമാർക്കൊക്കെ ഭയങ്കര ഭയമായിരുന്നു. എന്നാൽ, സി. ഡെയ്സിക്ക് അത്ര ഭയം തോന്നിയില്ല. കാരണം ഇവരുടെ സന്യാസിനീ സമൂഹം നാലാമതായി എടുത്തിരിക്കുന്ന വ്രതം തന്നെ രോഗികൾക്കു വേണ്ടി ജീവൻ വരെ സമർപ്പിക്കാൻ തയ്യാറാവുക എന്നതായിരുന്നു. അതിനാൽ തന്നെ ആ ഒരു ചൈതന്യം ഓരോ രോഗിയെ ശുശ്രൂഷിക്കുമ്പോഴും സി. ഡെയ്സിക്ക് ഉണ്ടായിരുന്നു.

അത്മായരായ നേഴ്‌സുമാർക്ക് അവരുടെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ഒരു സന്യാസിനിയെ സംബന്ധിച്ച് ഇത്തരം ആശങ്കകൾ ഒന്നുമില്ലല്ലോ എന്ന് സിസ്റ്റർ പറയുന്നു. ചികിത്സ ഉപകരണങ്ങൾക്കും മാസ്ക്കിനും ഓക്സിജനും വരെ ക്ഷാമം ഉണ്ടായിരുന്ന സാഹചര്യത്തിൽ സിസ്റ്റേഴ്‌സായ നേഴ്‌സുമാർ അവ ഉപയോഗിക്കുന്നതു കുറിച്ചിട്ട് നേഴ്‌സുമാർക്ക് കൂടുതൽ സാധനങ്ങൾ എങ്ങനെയെങ്കിലും ലഭ്യമാക്കാനുള്ള പരിശ്രമമായിരുന്നു.

‘ഞാൻ മരിച്ചാൽ പിന്നെ എന്റെ മക്കൾക്ക് ആരാണുള്ളത്’

ആദ്യമൊക്കെ കോവിഡ് രോഗികൾ പ്രായമായവർ ആയിരുന്നെങ്കിൽ പിന്നീട് അത് നാല്പതിനും അറുപതിനുമിടയിൽ പ്രായമുള്ളവരായി. അവർക്ക് ആവശ്യമായ ചികിത്സ ഉപകരണങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ആ സമയങ്ങൾ കടന്നുപോകേണ്ടി വന്നത് വളരെ ബുദ്ധിമുട്ടേറിയ, ആകുലത നിറഞ്ഞ സമയങ്ങളിൽ കൂടിയായിരുന്നു. അങ്ങനെയുള്ള ഒരു അനുഭവം സിസ്റ്റർ വിവരിക്കുന്നത് ഇപ്രകാരമാണ്…

45 വയസുള്ള ഒരു കോവിഡ് രോഗി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റായ സമയം. അഡ്മിറ്റായ ആദ്യത്തെ രണ്ടു ദിവസം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ കുഴപ്പമില്ലായിരുന്നു. എന്നാൽ, വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ആ സമയങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബവുമായി പരിചയപ്പെടുകയും സംസാരിക്കുകയും രോഗിയുമായി സംസാരിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന് മൂന്ന് ചെറിയ കുട്ടികളാണുള്ളത്; പത്ത്, ഏഴ്, മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുങ്ങൾ.

രോഗം മൂർച്ഛിച്ച അവസ്ഥയിൽ വെന്റിലേറ്ററിലേക്കു മാറ്റുന്നതിനു മുൻപ് രോഗിയോട്, ആരോഗ്യം മോശമാകുന്ന അവസ്ഥയിലാണുള്ളത് എന്ന് അറിയിക്കേണ്ടതുണ്ട്. ഓക്സിജൻ കൊടുത്തിട്ടും ആരോഗ്യം മെച്ചപ്പെടാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്റേത്. ഐ.സി.യു -വിൽ കയറ്റിയാൽ മരിക്കുമെന്ന് അറിയാം. മരിച്ചുപോകുമെന്ന അവസ്ഥയിലാണ് ആ മനുഷ്യൻ. അദ്ദേഹത്തോട് രോഗത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി. രോഗീലേപനമോ, മറ്റ് കൂദാശകളോ കൊടുക്കാൻ പറ്റാത്ത സാഹചര്യം. ശ്വാസകോശം മുഴുവൻ രോഗം വ്യാപിച്ചിരുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനകൾ ചൊല്ലി, മാതാവിനോട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞു.

അദ്ദേഹം സിസ്റ്ററിനെ വിളിച്ചിട്ടു പറഞ്ഞു: “ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക് പിന്നെ ആരാണുള്ളത് സിസ്റ്ററെ? അവരെ പിന്നെ ആര് നോക്കും?”

ആശുപത്രിയിൽ മരണക്കിടക്കയിൽ ആയിരിക്കുന്ന അദ്ദേഹത്തിന്റെ ആ ചോദ്യം നെഞ്ചുപിളർക്കുന്നതായിരുന്നു. മറുപടി പറയാനില്ലായിരുന്നു. കാരണം, അത്രക്കും ഹൃദയഭേദകമായിരുന്നു ആ അവസ്ഥ. അന്ന് ഞങ്ങളെല്ലാവരും തന്നെ കരഞ്ഞുപോയി” – സിസ്റ്റർ പറയുന്നു.

ഈ സമയത്ത് സമീപത്തുണ്ടായിരുന്ന പ്രധാന ഡോക്ടർ സിസ്റ്റർ, മറുപടി ഒന്നും പറഞ്ഞില്ല. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വെന്റിലേറ്ററിൽ കയറ്റി മൂന്നു ദിവസങ്ങൾക്കു ശേഷം അദ്ദേഹം മരണമടഞ്ഞു. മരണവിവരം അദ്ദേഹത്തിന്റെ ഭാര്യയെ അറിയിക്കുക എന്നതും വളരെ വേദന നിറഞ്ഞ സാഹചര്യമായിരുന്നു. എൺപതും എൺപത്തിയഞ്ചും വയസായ മാതാപിതാക്കളോടാണ് മകൻ മരിച്ച വിവരം അറിയിക്കേണ്ടത്.

“നമുക്ക് അവരെ ആശ്വസിപ്പിക്കാൻ പറ്റാത്ത ആ അവസ്ഥയെ അഭിമുഖീകരിക്കേണ്ടത് വളരെ ഹൃദയഭേദകമായിരുന്നു” – സിസ്റ്റർ വേദനയോടെ പറയുന്നു.

കുഞ്ഞു ജനിച്ചത് കാണാതെ കോവിഡ് ബാധിച്ചു മരിക്കേണ്ടി വന്ന മനുഷ്യൻ

ബംഗ്ളാദേശുകാരായ ഒരു ഭാര്യയും ഭർത്താവും. ബാക്കി ബന്ധുക്കളൊക്കെ ബംഗ്ലാദേശിലാണ്. ഭാര്യ പൂർണ്ണഗർഭിണി ആയിരിക്കുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. കുഞ്ഞുണ്ടായപ്പോൾ പിതാവ് കോവിഡ് ബാധിച്ച് സീരിയസ് ആയി ആശുപത്രിയിലാണ്. പ്രസവസമയത്ത് ആ അമ്മ ഒറ്റക്കാണ് ഉണ്ടായിരുന്നത്. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ അവർക്ക് വേണ്ട സഹായമെല്ലാം നൽകി. കുഞ്ഞുണ്ടായ ആ ആഴ്ചയിൽ തന്നെ അപ്പൻ മരിച്ചു. ആ അമ്മയുടെ വേദന കണ്ടുനിൽക്കാൻ വലിയ പ്രയാസമായിരുന്നു. ഇതൊക്കെ ഹൃദയം പിളർക്കുന്ന അനുഭവങ്ങളായിരുന്നെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

കോവിഡ് വീണ്ടും കൂടിയ സാഹചര്യം

ക്രിസ്തുമസിനു ശേഷമുള്ള ആഴ്ചയിൽ ഇറ്റലിയിൽ വീണ്ടും കോവിഡ് കൂടുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഈ ആശുപത്രിയും മിക്കവാറും അടുത്ത ആഴ്ചയോടെ കോവിഡ് രോഗികൾക്കായി തുറന്നുകൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനായി മാനസികമായുള്ള തയ്യാറെടുപ്പും ഈ സിസ്റ്റേഴ്സിന് ആവശ്യമാണ്.

കോവിഡ് രോഗികൾ കൂടുതലായ സാഹചര്യത്തിൽ മണിക്കൂറുകളോളം ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ജോലിയായല്ല; തങ്ങളുടെ ഉത്തരവാദിത്വമായാണ് സി. ഡെയ്‌സി ഈ സേവനത്തെ കാണുന്നത്. ഭക്ഷണം കഴിക്കാൻ മാത്രം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ സമയമുണ്ട്. രാത്രിയിലും രോഗികൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ സഹായിക്കാൻ ഇവർ തയ്യാറാണ്. ഒരു ദിവസം എട്ടോ, ഒൻപതോ മണിക്കൂറുകൾ വരെ തുടരെ ജോലി ചെയ്തിട്ടുണ്ട് ആ നാളുകളിൽ ഈ സിസ്റ്റർ.

മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ് സി. ഡെയ്സി അണ്ണാത്തുകുഴിയിൽ. വി. കമില്ലസിന്റെ ആദ്ധ്യാത്മികതയിൽ അടിസ്ഥാനമാക്കി വാഴ്ത്തപ്പെട്ട ലൂയി ടെസയും വിശുദ്ധ ജുസേപ്പീന വന്നീനിയും ചേർന്നു സ്ഥാപിച്ച സന്യാസിനീ സമൂഹമാണ് ‘ഡോട്ടേഴ്സ് ഓഫ് സെന്റ് കമിലസ്.’ ഇറ്റലിയിൽ സ്ഥാപിതമായതാണ് ഈ സന്യാസിനീ സമൂഹം.

വീണ്ടും കോവിഡ് രോഗികൾക്കിടയിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ സമർപ്പിത. മാനസികമായി സിസ്റ്റർ അതിനായി തയ്യാറെടുത്തു കഴിഞ്ഞു. ഒരു സാധാരണ നേഴ്‌സിനുള്ള ഉത്തരവാദിത്വമല്ല ഒരു സമർപ്പിതയായ നേഴ്‌സിന് ഉള്ളതെന്ന് സിസ്റ്ററിന് നന്നായി അറിയാം. ലോകത്തിൽ എവിടെ ആയിരുന്നാലും ക്രിസ്തുസ്നേഹത്തിന് സാക്ഷിയാകാൻ സിസ്റ്റർ തയ്യാറാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.