ദൈവത്തിന്റെ കരംപിടിച്ച് നടന്നുനീങ്ങുന്ന ഒരു സമര്‍പ്പിത

സി. സൗമ്യ DSHJ

ക്ഷണിക്കപ്പെടാത്ത അതിഥിയായി കാൻസർ കടന്നുവന്നപ്പോൾ, ഇനി ആയുസ്സ് വെറും അഞ്ചുമാസം മാത്രമെന്ന് വിധിയെഴുതിയ ഡോക്ടർമാരും ഉണ്ടായിരുന്നു. എങ്കിലും, നാലാം ഘട്ട കാൻസറിൽനിന്നും ഗുരുതരമായ കോവിഡിന്റെ അവസ്ഥകളിൽനിന്നും സധൈര്യം അവര്‍ നടന്നുനീങ്ങി. ഈ കഴിഞ്ഞ നാളുകളിലൊന്നില്‍, രാജ്യാന്തര ഫിസിയോ തെറാപ്പി കോൺഫറൻസിൽ അവര്‍ പുരസ്കാരം നേടുകയും ചെയ്തു. കാരിത്താസ് ഫിസിയോ തെറാപ്പി വിഭാഗം മേധാവിയായ സി. ത്രേസ്യാമ്മ 25 വര്‍ഷങ്ങളിലെ തന്റെ ശുശ്രൂഷയെക്കുറിച്ചും ദൈവപരിപാലനയെക്കുറിച്ചും സംസാരിക്കുന്നു.

കൊച്ചിയിൽ നടന്ന ആദ്യ രാജ്യാന്തര ഫിസിയോ തെറാപ്പി കോൺഫറൻസ്. നീണ്ട കയ്യടികൾ. കരഘോഷത്തിനിടയിലൂടെ ഒരു സന്യാസിനി നടന്നുവരുന്നു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സി. ത്രേസ്യാമ്മ ആയിരുന്നു അത്. നീണ്ട 25 വർഷത്തെ സ്ത്യുത്യർഹസേവനത്തിനുള്ള ബഹുമതി ആദരവോടെ വാങ്ങുമ്പോൾ കാരിത്താസ് ഫിസിയോ തെറാപ്പി വിഭാഗം മേധാവിയായ സി. ത്രേസ്യാമ്മയുടെ കണ്ണുകളിൽ നിറഞ്ഞിരുന്നത് കൃതജ്ഞതയുടെ ഭാവം. ദൈവം നീട്ടിക്കൊടുത്ത ആയുസ്സിനും കടന്നുവന്ന കനൽവഴികളിലെ പ്രതിസന്ധികളിലും ഒപ്പംനിന്ന ദൈവത്തിനും നന്ദിയർപ്പിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ സി. ത്രേസ്യാമ്മ.

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സി. ത്രേസ്യാമ്മയുടെ ജീവിതത്തിലേക്ക്, ക്ഷണിക്കപ്പെടാത്ത അതിഥിയായി കാൻസർ കടന്നുവന്നപ്പോൾ, ഇനി ആയുസ്സ് വെറും അഞ്ചുമാസം മാത്രമെന്ന് വിധിയെഴുതിയ ഡോക്ടർമാരും ഉണ്ടായിരുന്നു. നാലാംഘട്ട കാൻസറിൽനിന്നും ഗുരുതരമായ കോവിഡിന്റെ അവസ്ഥകളിൽനിന്നും സധൈര്യം നടന്നുനീങ്ങിയ, ദൈവം കൈപിടിച്ചുനടത്തിയ ഈ സന്യാസിനിയുടെ ജീവിതത്തിലൂടെ ഒരു കടന്നുപോക്ക്.

പുരസ്കാര നിറവിൽ സി. ത്രേസ്യാമ്മ

കാരിത്താസ് ഫിസിയോ തെറപ്പി വിഭാഗത്തിന്റെ ആരംഭം മുതൽ സി. ത്രേസ്യാമ്മ നടത്തിയ സ്തുത്യർഹസേവനത്തെ മാനിച്ചാണ് രാജ്യാന്തര ഫിസിയോ തെറാപ്പി കോൺഫറൻസിൽ സിസ്റ്ററിനെ തേടി പുരസ്കാരമെത്തിയത്. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരിസം തന്നെ, രോഗികളിലും പാവപ്പെട്ടവരിലും ഈശോയുടെ കരുണാർദ്രസ്നേഹം പകർന്നുകൊടുക്കുക എന്നതാണ്. അതിന്റെ ഭാഗമായി ആതുരശുശ്രൂഷയിലും സാമൂഹ്യസേവനത്തിലും ഇവർ സജീവമാണ്. ഫിസിയോ തെറാപ്പി പഠനത്തിനുശേഷം കാരിത്താസിൽ ഫിസിയോ തെറാപ്പി ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നത് സി. ത്രേസ്യാമ്മയാണ്. തുടർന്ന് ബിരുദാനന്തരബിരുദ പഠനത്തിനുശേഷം പഠിച്ചുകൊണ്ടിരുന്ന യൂണിവേഴ്‌സിറ്റിയിൽതന്നെ സി. ത്രേസ്യാമ്മയ്ക്ക് ലെക്ചറർ ആയി ജോലിലഭിച്ചു. അതോടൊപ്പം അവിടുത്തെ ഡിപ്പാർട്മെന്റ് ഹെഡ് ആയും സിസ്റ്റർ മാറി. പതിനൊന്നു വർഷത്തോളം സിസ്റ്റർ അവിടെ പഠിപ്പിച്ചു.

ഈ കാലയളവിൽതന്നെ കാരിത്താസ് ആശുപത്രിയിലെ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളുമായും സിസ്റ്റര്‍ സഹകരിച്ചിരുന്നു. പിന്നീട്, കാരിത്താസിൽ ജോലിക്കാരുടെ അഭാവം വന്നപ്പോൾ, 2010 -ല്‍, ലെക്ചറർ ജോലി രാജിവച്ച് കാരിത്താസില്‍ മുഴുവന്‍സമയ പ്രവര്‍ത്തനം ആരംഭിച്ചു.

ഡോക്ടർമാർ പറഞ്ഞത് അഞ്ചുമാസത്തെ ആയുസ്സ്

2017 മുതൽ സി. ത്രേസ്യാമ്മ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ ജനറൽ ആയിരുന്നു. ഇവരുടെ സന്യാസ സമൂഹത്തിൽ ഈ പദവി ‘ഡിറക്ടർ ജനറൽ’ എന്നാണ് അറിയപ്പെടുന്നത്. ഈ ഉത്തരവാദിത്വം വഹിച്ചുവരവെ 2019 അവസാനമായപ്പോഴേക്കും സിസ്റ്ററിന് കാൻസർ സ്ഥിരീകരിച്ചു. ശരീരത്തിൽ പലയിടത്തായി കാൻസർ വ്യാപിച്ചതായി ഡോക്ടർമാർ വെളിപ്പെടുത്തി. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഓപ്പറേഷൻ കൊണ്ടോ, കീമോ തെറാപ്പികൊണ്ടോ ഭേദപ്പെടാൻ പറ്റാത്ത സാഹചര്യം. ‘കൂടിപ്പോയാൽ ഒരു അഞ്ചാറുമാസം കൂടിയേ സിസ്റ്റർ ജീവിക്കുകയുള്ളൂ’ എന്ന് ഡോക്ടർമാർ വിധിയെഴുതി! ഈ വിവരം ആ സമര്‍പ്പിതസമൂഹത്തെ ആകെ വിഷമത്തിലാക്കി.

“എനിക്കെന്തോ ഇതുകേട്ടിട്ട് വിഷമമൊന്നും തോന്നിയില്ല. കാരണം, ദൈവത്തിന്റെ വിധിയെ തിരുത്തിയെഴുതാൻ ആർക്കുമാവില്ലല്ലോ. എങ്കിലും എന്തോ ഒരു ധൈര്യം തോന്നിയിരുന്നു. ഒന്നരവർഷത്തോളം കാൻസർ ചികിത്സയുമായി മുൻപോട്ടുപോയി. അഞ്ചുമാസത്തെ മാത്രം ആയുസ്സ് പറഞ്ഞിരുന്നതിനാൽ കീമോ തെറാപ്പി എടുത്തുകൊണ്ടിരുന്നു. 20 ദിവസം കൂടുമ്പോളായിരുന്നു കീമോ തെറാപ്പി. ചികിത്സയ്ക്കിടയിലും ജോലിക്കുപോയിരുന്നു. കീമോ എടുക്കുന്ന ദിവസംമാത്രം വിശ്രമിക്കും. പിറ്റേന്നുമുതൽ ജോലിയിൽ പ്രവേശിക്കും. കീമോയുടെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും സാധിക്കുന്നത്ര ജോലിചെയ്യാൻതന്നെ ഞാൻ നിശ്ചയിച്ചു. എനിക്ക് പ്രതീക്ഷയും ആത്മവിശ്വാസവും കൂടിവന്നു” – സിസ്റ്റർ ആ ദിവസങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു.

വില്ലനായി വന്ന കോവിഡ്

ഇടയ്ക്കൊക്കെ രോഗനിർണ്ണയത്തിനുവേണ്ടിയുള്ള സ്കാൻ ചെയ്തുനോക്കും. മുൻപ് കണ്ടതുപോലെയുള്ള അവസ്ഥ തന്നെയാണ് വീണ്ടും കാണിക്കുന്നത്. അവസാനം കീമോ നിർത്തി, ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചു; അതിനുശേഷം റേഡിയേഷനും ചെയ്തു. കാൻസർ നാലാംഘട്ടം ആണെന്നറിഞ്ഞപ്പോഴും സർജറിയുടെ സമയത്തും സിസ്റ്റർ തന്റെ ആത്മധൈര്യം കൈവിട്ടില്ല. ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചു. അങ്ങനെ ആ രോഗത്തിന്റെ അവസ്ഥകളെ അതിജീവിക്കാൻ സിസ്റ്ററിനു സാധിച്ചു.

കാൻസർ ചികിത്സയ്ക്കിടയിൽ പ്രതിസന്ധികൾ പലതായിരുന്നു. കീമോ തെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സിസ്റ്ററിന് കോവിഡ് പിടിപെട്ടു; അതും വളരെ ഗുരുതരമായി തന്നെ ബാധിച്ചു. ശ്വാസംമുട്ടൽ കനത്തു. എക്സ്റേ എടുത്തിട്ട് ഡോക്ടർമാർ പറഞ്ഞത്, ലങ്സ് ഇല്ല; മുഴുവൻ പുകമയം ആണെന്നാണ്. മരണം മാത്രമാണ് മുന്നിലെന്ന് എല്ലാവരും വിധിയെഴുതിയപ്പോഴും ദൈവം സിസ്റ്ററിന്റെ പക്ഷത്തായിരുന്നു. വീണ്ടും മരണത്തെ തോല്പിച്ചുകൊണ്ട് സിസ്റ്റർ തിരിച്ചുവന്നു. വിശ്രമത്തിനുശേഷം വീണ്ടും സിസ്റ്റർ ജോലിക്കു പോയിത്തുടങ്ങി.

“ഞാൻ കുറെയേറെ പ്രാർഥിക്കുന്ന ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട് ദൈവം എനിക്ക് ധൈര്യം തന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ ഞാൻ മനസ്സിലോർത്തു, ഞാൻ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. ഞാൻ ഈശോയ്ക്കുവേണ്ടി ഇറങ്ങിയ ആളല്ലേ. അതിനാൽ എന്തെങ്കിലും വന്നാലും പോയാലും അങ്ങോട്ടല്ലേ പോകുന്നത്. അങ്ങനെയൊരു ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു” – സിസ്റ്റർ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാൽ കോവിഡിൽ നിന്നും കാൻസറിന്റെ വലയിൽനിന്നും രക്ഷപെടാൻ സിസ്റ്ററിനു കഴിഞ്ഞു. ഇപ്പോൾ ഇടയ്ക്കിടെയുള്ള ചെക്കപ്പുകൾ മാത്രമേയുള്ളൂ; മരുന്നുകളൊന്നും ഇല്ല.

കാരിത്താസിലെ ഫിസിയോ തെറാപ്പി ഡിപ്പാർട്ട്മെന്റ്

സിസ്റ്റർ പഠനത്തിനായി പോകുമ്പോൾ ഫിസിയോ തെറാപ്പി മേഖല അത്ര വളർച്ചപ്രാപിച്ച കാലഘട്ടമല്ലായിരുന്നു. അധികംപേർ പഠിക്കാൻ പോകാത്തതും എന്നാൽ ആളുകൾക്കു കൂടുതൽ ഉപകാരപ്രദവുമായ ഒരു കോഴ്സ് പഠിക്കാനാണ് സിസ്റ്റർ താല്പര്യപ്പെട്ടത്. അങ്ങനെയാണ് ഫിസിയോ തെറാപ്പി പഠിക്കാൻ സിസ്റ്റർ തീരുമാനിച്ചത്.

അന്ന് കാരിത്താസ് ആശുപത്രിയിൽ ഫിസിയോ തെറാപ്പി ഡിപ്പാർട്ട്മെന്റ് ഇല്ലായിരുന്നു. ഫിസിയോ തെറാപ്പി പഠനത്തിൽ സിസ്റ്റർ വളരെ നല്ല മാർക്കോടെതന്നെ പാസായി. ആദ്യമായിട്ട് ആ സന്യാസ സമൂഹത്തിൽ നിന്നും ഫിസിയോ തെറാപ്പി കോഴ്സ് പഠിച്ചത് സി. ത്രേസ്യാമ്മ ആയിരുന്നു. മണിപ്പാലിലായിരുന്നു സിസ്റ്റർ ഫിസിയോ തെറാപ്പി പഠിച്ചത്. തുടർന്ന് 1996 -ൽ കാരിത്താസിൽ ഫിസിയോ തെറാപ്പി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. കുറച്ചുനാൾ അവിടെ ജോലിചെയ്തതിനുശേഷം തുടർപഠനത്തിനായി സിസ്റ്റർ പോവുകയും ലെക്ചറർ ആയി പതിനൊന്ന് വർഷക്കാലം ജോലിചെയ്യുകയുമായിരുന്നു.

ഫിസിയോ തെറാപ്പി മേഖലയിൽ ഇത്രയും പ്രവർത്തനപരിചയവും സീനിയോരിറ്റിയുമുള്ള ആളുകൾ ഇന്ന് കുറവാണ്. പലരും നാട്ടിലെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്കുപോയി. കാരിത്താസ് ആശുപത്രിയിലാണെങ്കിലും ട്രെയിനിങിനുവരുന്ന കുട്ടികൾക്ക് ഇന്നും സിസ്റ്റർ ക്ലാസുകളെടുക്കാറുണ്ട്.. അതുകൂടാതെ, തന്റെ അടുത്തുവരുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിൽ സിസ്റ്ററിന്റെ മനോഭാവം തങ്ങളുടെ സ്ഥാപകപിതാവ് പറയുന്ന വാക്കുകളെ മുൻനിറുത്തിയാണ്: “രോഗികളിൽ ഈശോയെ കണ്ടുകൊണ്ടു വേണം അവരെ ശുശ്രൂഷിക്കാൻ. അവരുടെ മുഖത്തേക്കു നോക്കുമ്പോൾ ഈശോയെ കാണാൻ സാധിക്കണം. ഈശോയോടു സംസാരിക്കുന്നതുപോലെ സംസാരിക്കുകയും പെരുമാറുകയും വേണം.” കോട്ടയം അതിരൂപതയുടെ മുൻ ബിഷപ്പായിരുന്ന മാർ തോമസ് തറയിലിന്റെ ആ വാക്കുകൾ സിസ്റ്റർ ഇപ്പോഴും തന്റെ പ്രവർത്തനമണ്ഡലത്തിൽ കാത്തുസൂക്ഷിക്കാറുണ്ട്.

ഫിസിയോ തെറാപ്പിക്കായി കൊണ്ടുവന്ന നവജാതശിശു

തന്റെ ജോലിയുടെ ഭാഗമായി, മറക്കാൻ കഴിയാത്ത നിരവധി അനുഭവങ്ങൾ സിസ്റ്ററിനുണ്ടായിട്ടുണ്ട്. അതിലൊന്നാണ് ജനിച്ചയുടനെ ഒരു കുഞ്ഞിനെ സിസ്റ്ററിന്റെ അടുക്കലെത്തിച്ച സംഭവം. ജനിച്ചപ്പോഴേ ആ കുഞ്ഞിന്റെ തല തിരിഞ്ഞാണ് ഇരുന്നത്. ഒരു സൈഡിലേക്ക് ചരിഞ്ഞതുപോലെ. ഡോക്ടർ നിർദേശിച്ചതിൻപ്രകാരമാണ് മാതാപിതാക്കൾ ഫിസിയോ തെറാപ്പിക്കായി ആ കുഞ്ഞിനെ സിസ്റ്ററിന്റെ പക്കൽ കൊണ്ടുവന്നത്.

ജനിച്ചയുടനെ ആയതിനാൽ ആ കുഞ്ഞിനെ ചികിത്സിക്കാൻ ആദ്യമൊക്കെ വളരെ ഭയമായിരുന്നു. ആ സമയം ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് പ്രാർഥിച്ചൊരുങ്ങി വേണ്ടതുപോലെ കാര്യങ്ങൾ ചെയ്യാൻ ആരംഭിച്ചു. ഫിസിയോ തെറാപ്പിയുടെ ഫലമായി ആ കുഞ്ഞിന്റെ തല ശരിയായി. ആ സംഭവം സിസ്റ്ററിനു പകർന്നത് വലിയ ആവേശവും ധൈര്യവുമായിരുന്നു. ഈ സംഭവത്തോടെ സി. ത്രേസ്യാമ്മയ്ക്ക് വലിയ സന്തോഷവും ഒപ്പം ആത്മവിശ്വാസവും വർധിച്ചു. ആ കുട്ടി മുതിർന്നശേഷവും ആ മാതാപിതാക്കൾ കാണുമ്പോഴൊക്കെ പറയും, “സിസ്റ്ററാണ് ഞങ്ങളുടെ കുഞ്ഞിന്റെ തല ശരിയാക്കിയത്” എന്ന്.

ഈ ശുശ്രൂഷകൊണ്ട് ഒത്തിരിപ്പേർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ, അവരുടെ വൈകല്യങ്ങളിൽനിന്നും പുറത്തുവരാൻ സാധിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇനിയൊരിക്കലും എഴുന്നേറ്റുനടക്കുകയില്ല എന്നു കരുതിയവർ നടക്കാൻതുടങ്ങുമ്പോൾ അവരുടെ സന്തോഷം വളരെ വലുതാണ്. അങ്ങനെ പ്രതീക്ഷ നഷ്ടപ്പെട്ടുവരുന്നവരുടെ അടുത്ത് സഹാനുഭൂതിയോടെ ഇടപെടാൻ സാധിക്കുന്നതും ഈശോയുടെ കരുണാർദ്രസ്നേഹം പങ്കുവയ്ക്കാൻ സാധിക്കുന്നതും ഈ ശുശ്രൂഷാമേഖലയിൽ കൈവരുന്ന ദൈവപരിപാലനയുടെ നിമിഷങ്ങളാണെന്ന് സിസ്റ്റർ ഓർക്കുന്നു.

കണ്ടുമുട്ടുന്ന എല്ലാവരെയും ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള പ്രാർഥന

“രാവിലെ ജോലിക്കു പോകുന്നതിനുമുൻപ് എല്ലാ ദിവസും, ഞാൻ ഇന്നു കാണാൻപോകുന്ന എല്ലാ രോഗികളെയും അവരുടെ കൂടെ വരുന്നവരെയും ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിലെ സ്റ്റാഫ് അംഗങ്ങളെയും എല്ലാവരെയും സമർപ്പിച്ചുപ്രാർഥിക്കും. ആ പ്രാർഥനയുടെ അനുഭവം ശുശ്രൂഷാമേഖലയിലും എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്. രോഗികളുടെ കൂടെ വരുന്നവർക്കെല്ലാം വളരെ ആകുലതയും വിഷമങ്ങളുമാണ്. അവരെ ആശ്വസിപ്പിക്കാനും സ്നേഹത്തോടെ ഇടപെടാനുമൊക്കെ എനിക്ക് സാധിക്കാറുണ്ട്” – ത്രേസ്യാമ്മ സിസ്റ്റർ തന്റെ ദിനചര്യ വ്യക്തമാക്കി.

ഈ അവാർഡിനെ സിസ്റ്റർ വലിയൊരു അംഗീകാരമായാണ് നോക്കിക്കാണുന്നത്. കാരിത്താസ് മാനേജ്‍മെന്റ് വലിയ സപ്പോർട്ടാണ് സിസ്റ്ററിന്റെ സേവനമേഖലയിൽ നൽകുന്നത്. അത് കൂടുതൽ ആത്മാർഥതയോടെ ശുശ്രൂഷചെയ്യാൻ ത്രേസ്യാമ്മ സിസ്റ്ററിനെ സഹായിക്കുന്നു. “നാം ചെയ്യുന്ന ശുശ്രൂഷയെ മറ്റുള്ളവർ അംഗീകരിക്കുന്നുണ്ടല്ലോ എന്ന ചിന്ത വളരെ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ അവാർഡിലൂടെ ഒത്തിരിപ്പേർക്ക് ഈ പ്രൊഫഷനെപ്പറ്റി അറിയാൻ സാധിച്ചു. കൂടെയുള്ള സ്റ്റാഫ് ആണെങ്കിലും വളരെ നല്ലവരാണ്” – സിസ്റ്റർ കൂട്ടിച്ചേർത്തു.

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ദൈവവിളി

കാസർഗോഡ് ജില്ലയിലെ മാലക്കല്ല് എന്ന സ്ഥലത്തെ പൂക്കയം ഇടവകാംഗമാണ് സിസ്റ്റർ. പത്താം ക്ലാസ് കഴിഞ്ഞപ്പോളാണ് മഠത്തിൽ ചേരുന്നത്. സിസ്റ്ററിനപ്പോൾ എവിടെയാണെങ്കിലും മഠത്തിൽ പോകണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വീട്ടിൽ അപ്പനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നു ഇടവകയിലെ വികാരിയച്ചൻ. അദ്ദേഹത്തിലൂടെയാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു വരുന്നത്.

ഇവിടെ വന്നപ്പോളാണ് സിസ്റ്റർ അറിയുന്നത് ഇത് ഒരു സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ആണെന്ന്. ഈ സിസ്റ്റേഴ്സിന്റെ പ്രത്യേകത യൂണിഫോമൊന്നുമില്ല. സാധാരണക്കാരെപ്പോലെ ജീവിച്ച് വ്രതമെടുത്ത് സാക്ഷ്യജീവിതം നയിക്കുകയാണ് ചെയ്യന്നത്. ഇവിടെ വന്നുകഴിഞ്ഞ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനശൈലിയും രീതികളുമൊക്കെ സിസ്റ്ററിന് ഇഷ്ടപ്പെട്ടു. എന്തെങ്കിലുമൊക്കെ നന്മചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിനു വലിയ പ്രചോദനവും പിന്തുണയും നൽകിയത് തന്റെ സമൂഹമാണെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മദർ ഹൗസ് കാരിത്താസിൽ തന്നെയാണ്. അതിനോടുചേർന്ന് ഫാർമസി കുട്ടികൾക്കും ആശുപത്രിയിൽ ജോലിചെയ്യുന്ന സ്റ്റാഫ് അംഗങ്ങൾക്കുംവേണ്ടിയുള്ള ഒരു ഹോസ്റ്റൽ നടത്തുന്നുണ്ട്. അവിടെയാണ് സി. ത്രേസ്യാമ്മ ഉൾപ്പെടുന്ന സമൂഹവും താമസിക്കുന്നത്. അഞ്ചു സിസ്റ്റേഴ്സാണ് ഇവിടെയുള്ളത്.

കാരിത്താസ് ആശുപത്രിയിലെ ഈ ഡിപ്പാർട്ട്മെന്റിന്റെ സ്‌തുത്യർഹമായ സേവനവും അക്കാദമിക് തലത്തിലെ സേവനവുമെല്ലാം പരിഗണിച്ചാണ് സിസ്റ്ററിന് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. സിസ്റ്റർ പഠിപ്പിച്ചുവിട്ടിരിക്കുന്ന എല്ലാവരുംതന്നെ ഇന്ന് നല്ല നിലയിൽ എത്തിയിട്ടുണ്ട്. അതിൽ സി. ത്രേസ്യാമ്മ ഏറെ അഭിമാനിക്കുന്നു. ഇപ്പോൾ 54 വയസുള്ള സിസ്റ്റർ ആതുരശുശ്രൂഷാരംഗത്ത് തനിക്ക് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ആത്മവിശ്വാസത്തിലാണ്.

സി. ത്രേസ്യാമ്മക്ക് ലൈഫ് ഡേ യുടെ ആശംസകളും പ്രാർഥനകളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.