ബെനഡിക്ട് പാപ്പായുടെ അവസാന ശിഷ്യനായ മലയാളി വൈദികൻ അനുഭവം പങ്കുവയ്ക്കുന്നു

ബെനഡിക്ട് പാപ്പായുടെ അവസാന ശിഷ്യന്‍ ഒരു മലയാളിയായിരുന്നു. പാലാ മുത്തോലി സെന്റ് ജോണ്‍സ് സി.എം.ഐ. ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്ന ഫാ. അലക്‌സ് തണ്ണിപ്പാറ സി.എം.ഐ. ആണ് ആ ഭാഗ്യം ലഭിച്ച മലയാളി വൈദികന്‍. ബെനഡിക്ട് പാപ്പായുടെ കീഴില്‍ ഗവേഷണം തുടങ്ങാന്‍ ഭാഗ്യം ലഭിച്ച ഏഷ്യയില്‍ നിന്നുള്ള രണ്ടു പേരില്‍ ഒരാള്‍; ഇന്ത്യയില്‍ നിന്നുള്ള ഏക ആള്‍ എന്നീ പ്രത്യേകതകൾ അദ്ദേഹത്തിനുണ്ട്. പാപ്പായുമായുള്ള തന്റെ അപൂര്‍വ്വബന്ധത്തെകുറിച്ച് അദ്ദേഹം ലൈഫ്‌ഡേയുമായി പങ്കുവയ്ക്കുന്നു.

ഫാ. അലക്‌സ് തണ്ണിപ്പാറ സി.എം.ഐ. -യുമായി ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്. നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണ രൂപം.

സംസ്‌കൃതത്തില്‍ എം.എ. ബിരുദം കഴിഞ്ഞ് ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ അധികാരികള്‍ എന്നെ ഉപരിപഠനത്തിനായി ജര്‍മ്മനിക്ക് അയക്കാന്‍ തീരുമാനിച്ചത്. അന്ന് റേഗന്‍സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന വിഖ്യാത ദൈവശാസ്ത്രജ്ഞന്‍ റാറ്റ്‌സിങറുടെ കീഴില്‍ പഠിക്കാന്‍ വിടാനാണ് സഭ ആഗ്രഹിച്ചത്.

എനിക്കു വേണ്ടി ആദ്യം റാറ്റ്‌സിങര്‍ക്ക് കത്തെഴുതിയത് ഫാ. തോമസ് ഐക്കര സി.എം.ഐ. ആണ്. അതിന് വളരെ ഭാവാത്മകമായ മറുപടി റാറ്റ്‌സിങര്‍ തിരിച്ചെഴുതി. ‘എല്ലാ ഫോറിന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ എന്റെ കീഴില്‍ പഠിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ നിന്നും ആരുമില്ല. ഒരു ഇന്ത്യക്കാരന്‍ പഠിക്കാന്‍ വരുന്നത് എനിക്ക് സന്തോഷകരമാണ്. സ്വാഗതം!’ – ഇതായിരുന്നു റാറ്റ്‌സിങറുടെ മറുപടി.

നേരില്‍ കാണും മുമ്പേ സ്‌നേഹിച്ചയാള്‍

അതിനു ശേഷം ഞാന്‍ അദ്ദേഹത്തിന് ആദ്യമായി നേരിട്ട് എഴുതി. അതിന് അദ്ദേഹം മറുപടി എഴുതുന്നതിനു മുമ്പേ അദ്ദേഹം മ്യൂണിക്ക് ആര്‍ച്ചുബിഷപ്പായി നിയമിതനായിരുന്നു; അതിനടുത്ത മാസം കര്‍ദ്ദിനാളുമായി. അതോടെ അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കാനാവില്ലല്ലോ എന്ന സങ്കടം എന്നില്‍ നിറഞ്ഞു. പക്ഷേ, അധികം വൈകാതെ അദ്ദേഹം എനിക്കെഴുതി:

‘അലക്‌സാണ്ടര്‍, ഞാന്‍ മ്യൂണിക്ക് ആര്‍ച്ചുബിഷപ്പായി നിയമിതനായി. പേടിക്കണ്ട, ഞാന്‍ ഇപ്പോഴും യൂണിവേഴ്സ്റ്റിയില്‍ ഓണററി പ്രൊഫസറായി തുടരുന്നു. അതിനാല്‍ താങ്കള്‍ക്ക് എന്റെ കീഴില്‍ ഗവേഷണം നടത്താം. ജര്‍മ്മനിയിലേക്ക് സ്വാഗതം!’

നേരില്‍ കാണും മുമ്പേ ആരംഭിച്ചതായിരുന്നു അദ്ദേഹവുമായുള്ള എന്റെ സ്‌നേഹബന്ധം. അങ്ങനെ അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് 1978 സെപ്റ്റംബര്‍ മാസത്തില്‍ ഞാന്‍ ജര്‍മ്മനിയിലെത്തി.

അന്ന് യൂണിവേഴ്‌സിറ്റിയില്‍ പിതാവിന് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ ഫാ. സ്റ്റീഫന്‍. അദ്ദേഹമായിരുന്നു ഫസ്റ്റ് അസിസ്റ്റന്റ്. മറ്റൊരു അത്മായ പ്രൊഫസറും അസിസ്റ്റന്റായി ഉണ്ടായിരുന്നു. ഞാന്‍ ചെന്ന് ആദ്യം കാണുന്നത് ഫാ. സ്റ്റീഫനെ ആയിരുന്നു.

ഫാ. സ്റ്റീഫന്‍ പറഞ്ഞു:

”കര്‍ദ്ദിനാള്‍ റാറ്റ്‌സിങര്‍ താങ്കള്‍ക്കായി ഒരു പള്ളി തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണവും താമസസൗകര്യവും അവിടെ ലഭിക്കും. ഞായറാഴ്ചകളില്‍ ആ പള്ളിയില്‍ കുര്‍ബാന ചൊല്ലിയാല്‍ മതി.”

എനിക്ക് സന്തോഷമായി. പിതാവ് എനിക്കായി ഒരുക്കിയ പള്ളിയില്‍ ഞാന്‍ താമസമാരംഭിച്ചു.

ഇനിയും വീട്ടാത്ത കടത്തിന്റെ കഥ

ജര്‍മ്മനിയില്‍ ചെന്ന് ഒരു മാസത്തിനു ശേഷമാണ് പിതാവിനെ നേരിട്ട് കാണാന്‍ ഞാന്‍ ചെന്നത്. നാട്ടില്‍ നിന്നും ജര്‍മ്മന്‍ ഭാഷയുടെ അടിസ്ഥാന കോഴ്‌സ് മാത്രം ചെയ്തിട്ടാണ് ഞാന്‍ ജര്‍മ്മനിയില്‍ എത്തിയത്. അതിനാല്‍ ഭാഷയില്‍ വലിയ പ്രാവീണ്യമില്ലായിരുന്നു. ഏതായാലും ഞാന്‍ പിതാവിനെ കണ്ടു. പിതാവ് വലിയ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. ജര്‍മ്മനും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചു.

ജര്‍മ്മനിയില്‍ എത്തിയതിനു ശേഷമുള്ള എന്റെ വിശേഷങ്ങള്‍ ചോദിച്ചു. എനിക്ക് ആകെപ്പാടെ ഉണ്ടായിരുന്നത്, മിസിയോ ഏജന്‍സിയുടെ സ്‌കോളര്‍ഷിപ്പായി എല്ലാ മാസവും ലഭിക്കുന്ന 650 മാര്‍ക്ക് ആയിരുന്നു. അന്ന് ജര്‍മ്മനിയിലെ നാണയം മാര്‍ക്ക് ആണ്; യൂറോയുടെ കാലം ആരംഭിച്ചിട്ടില്ല. എന്റെ വിശേഷങ്ങളും വിഷമതകളും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഒരു പിതാവിന്റെ വാത്സല്യത്തോടെയും കാരുണ്യത്തോടെയും അദ്ദേഹം എന്നെ ശ്രവിച്ചു. ഒടുവില്‍ സന്തോഷത്തോടെ യാത്രയാക്കി. യാത്രയാക്കും മുമ്പ് എന്റെ ബാങ്ക് ഡീറ്റെയില്‍സ്, യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ് അസിസ്റ്റന്റ് ഫാ. സ്റ്റീഫനു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല.

തിരിച്ചു ചെന്നപ്പോള്‍ ഫാ. സ്റ്റീഫന് ഞാന്‍ എന്റെ ഡീറ്റെയില്‍സ് നല്‍കി. പിറ്റേ മാസവും ഞാന്‍ ബാങ്കില്‍ നിന്നും സ്‌കോളര്‍ഷിപ്പ് പണം എടുക്കാനായി ചെന്നു. എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ അതില്‍ 5000 മാര്‍ക്ക് കൂടുതലുള്ളതായി എനിക്കു തോന്നി. ഞാന്‍ ബാങ്ക് ജീവനക്കാരോടു പറഞ്ഞു. എന്റെ അക്കൗണ്ടില്‍ ഇത്രയും പണം വരാനുള്ള ഒരു സാധ്യതയുമില്ല.  5000 മാര്‍ക്ക് കൂടുതലായി കാണപ്പെടുന്നു. എനിക്കാകെ 650 മാര്‍ക്കേ മാസത്തില്‍ കിട്ടാനുള്ളൂ. ഉടനെ ബാങ്ക് ജീവനക്കാര്‍ എന്റെ അക്കൗണ്ട് പരിശോധിച്ചിട്ടു പറഞ്ഞു:

”5000 മാര്‍ക്ക് വന്നിരിക്കുന്നത് മ്യൂണിക്ക് ആര്‍ച്ചുബിഷപ്പിന്റെ അക്കൗണ്ടില്‍ നിന്നാണ്.”

‘ദൈവമേ, അപ്പോള്‍ പിതാവ് എന്റെ ബാങ്ക് ഡീറ്റെയില്‍സ് വാങ്ങിയത് എനിക്ക് ഇത്രയും പണം തരാനായിരുന്നോ?’ നിശബ്ദനായി ഞാന്‍ എന്നോടു തന്നെ ചോദിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞു. അത്രമാത്രം കരുതലായിരുന്നു പിതാവിന് ആരംഭം മുതല്‍ എന്നോടുണ്ടായിരുന്നത്.

ഇത്രയും പണം കിട്ടിയ കാര്യം ഞാന്‍ ഫാ. സ്റ്റീഫനെ അറിയിച്ചു. അപ്പോള്‍ സ്റ്റീഫന്റെ മറുപടി ഇപ്രകാരമായിരുന്നു.

”നമ്മുടെ കര്‍ദ്ദിനാള്‍ അങ്ങനെയാണ്.”

ആ 5000 മാര്‍ക്ക് എനിക്ക് വലിയ സഹായവും ആശ്വാസവുമായിരുന്നു. പഠനവുമായി ബന്ധപ്പെട്ട സാമ്പത്തികമായ ആകുലതകള്‍ അതോടെ നീങ്ങി. ആ 5000 മാര്‍ക്ക് ഇന്നും വീട്ടാത്ത കടമായി അവശേഷിക്കുകയാണ്.

അലക്‌സാണ്ടര്‍ മിടുക്കനാണ്

യൂണിവേഴ്സ്റ്റിയില്‍ ഡോക്ടറേറ്റ് തുടങ്ങണമെങ്കില്‍ ജര്‍മ്മന്‍ പ്രവേശനപരീക്ഷ പാസ്സാകണം. എനിക്കാണെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ മാത്രമേ അറിയൂ. അടുത്ത ആറു മാസം തീക്ഷ്ണമായി ഞാന്‍ ജര്‍മ്മന്‍ ഭാഷ പഠിച്ചു. ഭാഷാ കോഴ്‌സിന്റെ തലവന്‍ ആറു മാസം കഴിഞ്ഞ് എന്നെ പ്രവേശനപരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചു. പക്ഷേ, എനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. എല്ലാവരും ഒന്നും രണ്ടും വർഷങ്ങൾ പഠിച്ചിട്ടാണ് ഇത് എഴുതുന്നത്. എങ്കിലും അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പ്രോത്സാഹനത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും ഒടുവില്‍ ഞാന്‍ പരീക്ഷ എഴുതി. എനിക്ക് 600 -ല്‍ 536 മാര്‍ക്ക്! 510 -നു മുകളിലാണ് മാര്‍ക്കെങ്കില്‍ വൈവ ഇല്ലാതെ പ്രവേശനം ലഭിക്കും. 536 മാര്‍ക്ക് ലഭിച്ചതിനാല്‍ എനിക്ക് നേരിട്ട് ഒഫീഷ്യലായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.

അതറിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: ”അലക്‌സാണ്ടര്‍ മിടുക്കനാണ്.”

എന്നെക്കുറിച്ച് പിതാവിന് എന്നും സന്തോഷവും അഭിമാനവുമായിരുന്നു. ഡോക്ടറേറ്റിനുള്ള എന്റെ വിഷയം ‘സച്ചിദാനന്ദ, ഈശ്വര, അവതാര: ഇന്ത്യന്‍ ക്രിസ്ത്യന്‍ തിയോളജിയെക്കുറിച്ചുള്ള ചില വിചിന്തനങ്ങള്‍’ എന്നതായിരുന്നു.

വിഷയം പിതാവിന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിനും ആ വിഷയം പുതുതായിരുന്നു. എങ്കിലും വലിയ താല്‍പര്യത്തോടെയാണ് എന്നെ ഗൈഡ് ചെയ്തിരുന്നത്. പിതാവ് ഇടയ്ക്കിടെ പറയുമായിരുന്നു, ‘നിന്റെ കൂടെ ഞാനും പഠിച്ചോളാം’ എന്ന്.

പിതാവ് റോമിലേക്ക്

അങ്ങനെ ഗവേഷണം തുടരുമ്പോഴാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി പിതാവ് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനായി അദ്ദേഹത്തിന് റോമിലേക്ക് താമസം മാറണമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു:

”അലക്‌സാണ്ടര്‍, എനിക്കിനി നിന്നെ ഗൈഡ് ചെയ്യാന്‍ സാധിക്കില്ലല്ലോ. റോമിലിരുന്ന് അത് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ നീ മറ്റൊരു പ്രൊഫസറെ കണ്ടുപിടിക്കുക. ഞാന്‍ സഹായിക്കാം.”

ഇത് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. എങ്കിലും അദ്ദേഹം തന്നെ എനിക്ക് നിര്‍ദ്ദേശിച്ചുതന്ന മറ്റൊരു പ്രഗത്ഭ പ്രൊഫസറുടെ അടുത്ത് ഞാനെത്തി. ആ പ്രൊഫസര്‍ക്ക് ഈ വിഷയത്തില്‍ അവഗാഹമില്ലാതിരുന്നതിനാല്‍ അദ്ദേഹം എന്നെ ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു പ്രൊഫസറുടെ പക്കലേക്ക് അയച്ചു.

കര്‍ദ്ദിനാള്‍ റാറ്റ്‌സിങറുടെ കീഴില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ആളാണ് ഞാന്‍ എന്നു കേട്ടപ്പോഴേ അദ്ദേഹം പറഞ്ഞു: ‘റാറ്റ്‌സിങറിന്റെ ഒരു വിദ്യാര്‍ത്ഥിയെ കിട്ടുന്നത് സന്തോഷം.’ അങ്ങനെ അദ്ദേഹത്തിന്റെ കീഴില്‍ ഞാന്‍ പഠനം തുടര്‍ന്നു.

എങ്ങനെ ബെനഡിക്ട് പാപ്പായുടെ അവസാന വിദ്യാര്‍ത്ഥിയായി?

ബെനഡിക്ട് പാപ്പാ തന്റെ കീഴില്‍ ഗവേഷണം ചെയ്തവരെയെല്ലാം വര്‍ഷത്തിലൊരിക്കല്‍ വിളിച്ചുകൂട്ടുമായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം അറുപതോളം പേര്‍ പാപ്പായുടെ കീഴില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. അവരില്‍ രണ്ടു പേര്‍ മാത്രമേ ഏഷ്യയില്‍ നിന്നുള്ളൂ. ഒരാള്‍ കൊറിയയില്‍ നിന്നുള്ള ഒരു വനിതാ ദൈവശാസ്ത്രജ്ഞയാണ്. മറ്റേയാള്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ആളായ ഞാനും. ഞാന്‍ ഗവേഷണം തുടങ്ങിയത് പിതാവിന്റെ കീഴിലായിരുന്നു. എന്നാല്‍ അദ്ദേഹം റോമിനു പോയതോടെ മറ്റൊരാളുടെ കീഴില്‍ അത് പൂര്‍ത്തിയാക്കേണ്ടി വന്നു.

എങ്കിലും പിതാവ് എന്നെ അദ്ദേഹത്തിന്റെ അവസാന വിദ്യാര്‍ത്ഥിയായി അംഗീകരിച്ച് ആ കൂട്ടായ്മയില്‍ ചേര്‍ത്തു. അങ്ങനെ ഞാനും അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തിയവരുടെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

പിതാവിന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക കൂട്ടായ്മകള്‍

തന്റെ കീഴില്‍ ഗവേഷണം  നടത്തിയവരെ പിതാവ് വിളിച്ചുകൂട്ടിയിരുന്നത്, റോമിലെ അദ്ദേഹത്തിന്റെ അവധി സമയമായ ആഗസ്റ്റ് മാസത്തിലായിരുന്നു. ആഗസ്റ്റ് മാസത്തിലെ അവസാന ആഴ്ചയിലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ചിട്ട് ഞായറാഴ്ച രാവിലെ കുര്‍ബാനയോടു കൂടി അവസാനിക്കുന്ന രീതിയിലായിരുന്നു എല്ല വര്‍ഷവും ഈ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നത്. റേഗന്‍സ്ബുര്‍ഗിലെ റിട്രീറ്റ് സെന്ററിലായിരുന്നു ഈ സമ്മേളനം. ഫാ. സ്റ്റീഫനായിരുന്നു എപ്പോഴും ലീഡർ. വിയന്നായിലെ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബോണ്‍, ഹാംബുര്‍ഗിലെ സഹായമെത്രാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ശിഷ്യരൊക്കെ എല്ലാ വര്‍ഷവും മീറ്റിംഗിന് എത്തിയിരുന്നു.

ഈ സമ്മേളനത്തിന്റെ സമയക്രമം ഇങ്ങനെയായിരുന്നു, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എല്ലാവരും എത്തും. സന്ധ്യാപ്രാര്‍ത്ഥന, അത്താഴം എല്ലാം ഒരുമിച്ച്. അന്ന് പിതാവ് വരില്ല. വെള്ളിയാഴ്ച രാവിലെ 6.30 -ന് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാതപ്രാര്‍ത്ഥനകളും കുര്‍ബാനയും. പിന്നീട് കാപ്പി. 9.30 -ന് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ദൈവശാസ്ത്ര സമ്മേളനം. ഏതെങ്കിലും ദൈവശാസ്ത്ര വിഷയത്തില്‍ പ്രഗത്ഭനായ ഏതെങ്കിലുമൊരു ദൈവശാസ്ത്രജ്ഞനായിരിക്കും പേപ്പര്‍ പ്രസന്റേഷന്‍. വിഷയം തലേവര്‍ഷത്തെ സമ്മേളനത്തിലാണ് തീരുമാനിക്കുക. ഞങ്ങള്‍ക്ക് മൂന്ന് വിഷയങ്ങളെയും മൂന്ന് പ്രൊഫസര്‍മാരെയും നിര്‍ദ്ദേശിക്കാം. ആരാണ്, ഏതു വിഷയമാണ് എന്നതിന്റെ അന്തിമ തീരുമാനം പാപ്പായാണ്. ‘നമ്മള്‍ മറ്റ് ആശയങ്ങളും ശ്രദ്ധിക്കണം, ശ്രവിക്കണം’ എന്ന് പിതാവ് എപ്പോഴും പറയുമായിരുന്നു.

ഇങ്ങനെയുള്ള എല്ലാ സമ്മേളനങ്ങളിലും പിതാവ് സന്നിഹിതനായിരുന്നു. എല്ലാ പേപ്പര്‍ പ്രസന്റേഷനുകളിലും ശ്രദ്ധയോടെ പങ്കെടുക്കുകയും ചെയ്യും; ചര്‍ച്ചകളിലും സജീവമായിരുന്നു. മൂന്നോ, നാലോ  പേര്‍ ചോദ്യം ചോദിച്ചുകഴിയുമ്പോള്‍ അതെല്ലാം ക്രോഡീകരിച്ച് അവതരിപ്പിക്കുന്നത് എപ്പോഴും പിതാവായിരുന്നു! ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തന്റെ മോതിരത്തിലൊക്കെ വിരലോടിച്ചിരിക്കുന്ന പിതാവിനെയാണ് കാണുന്നത്. ഞങ്ങള്‍ പറയുന്നത് പിതാവ് ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും തോന്നിപ്പോകും. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചു കഴിയുമ്പോള്‍ എല്ലാം  ക്രോഡീകരിച്ച് അദ്ദേഹം പറയുമ്പോള്‍, അതില്‍ നമ്മള്‍ പറഞ്ഞതിന്റെയെല്ലാം സൂക്ഷ്മാംശങ്ങള്‍ വരെ പിതാവ് ഉള്‍പ്പെടുത്തുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ മനസില്‍ ചോദിക്കും – ‘ഈ അറിവെല്ലാം ഈ പിതാവിന് എവിടെ നിന്ന്’ എന്ന്. അദ്ദേഹത്തിന്റെ അസാധാരണമായ നിരീക്ഷണപാടവവും ബൗദ്ധിക ഔന്നത്യവും ഉയര്‍ന്ന ആത്മീയതയും വ്യക്തമാക്കുന്നതായിരുന്നു ഓരോ സമ്മേളനവും.

ഒരു വര്‍ഷത്തെ വിഷയം മതാന്തര സംഭാഷണത്തെക്കുറിച്ചായിരുന്നു. മുഖ്യപ്രഭാഷകന്‍ വിഷയം അവതരിപ്പിച്ചതിനു ശേഷം പിതാവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിച്ചു. അപ്പോള്‍ പിതാവ് ശബ്ദമുയര്‍ത്തി എല്ലാവരോടുമായി പറഞ്ഞു.

”ഇവിടെ പല മതക്കാരുടെ ഇടയില്‍ ജീവിക്കുന്ന ഒരാളുണ്ടല്ലോ. അലക്‌സാണ്ടര്‍, താങ്കള്‍ എന്താണ് ഈ വിഷയത്തെക്കുറിച്ചു പറയുന്നത്?” ഒരു ചെറുചിരിയോടെ പിതാവ് എന്നെക്കൊണ്ട് സംസാരിപ്പിച്ചു.

വ്യക്തിപരമായി ഓരോരുത്തരെയും അറിഞ്ഞു സ്‌നേഹിക്കുന്ന പിതാവായിരുന്നു ബെനഡിക്ട് 16-ാമന്‍. ഞങ്ങളുടെ എല്ലാ മീറ്റിംഗുകളിലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹവുമായി വ്യക്തിപരമായി സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ ഒരു പേപ്പര്‍ നല്‍കും. അതില്‍ ആര്‍ക്കൊക്കെ പിതാവിനെ കാണണമെന്നും എത്ര സമയം ഓരോരുത്തര്‍ക്കും ആവശ്യമാണെന്നും എഴുതണം. പിതാവ് വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ എല്ലാവരെയും വ്യക്തിപരമായി കണ്ട് സംസാരിച്ചിരുന്നു. അതിനായി അദ്ദേഹത്തിന്റെ ഫ്രീടൈം ആയിരുന്നു ഉപയോഗിച്ചിരുന്നത്.

വെള്ളിയാഴ്ച ദൈവശാസ്ത്രപരമായ ചര്‍ച്ചകളായിരുന്നു. ശനിയാഴ്ച അടുത്ത വര്‍ഷത്തെ വിഷയ ചര്‍ച്ചകളും മറ്റു കാര്യങ്ങളും. ഞായറാഴ്ച രാവിലെ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാനയും പിതാവിന്റെ പ്രസംഗവും. അതിനു ശേഷം കാപ്പിയോടെ നാലുദിന സമ്മേളനം അവസാനിക്കും.

1982 -ല്‍ പിതാവ് റോമിലേക്ക് വിശ്വാസ തിരുസംഘത്തിന്റെ തലവനായി പോയ നാള്‍ മുതല്‍  2005 -ല്‍ മാര്‍പാപ്പ ആകുന്നിടം വരെ റേഗന്‍സ്ബുര്‍ഗില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ഈ സമ്മേളനം നടന്നു.

മാര്‍പാപ്പ ആയതിനു ശേഷമുള്ള സമ്മേളനങ്ങള്‍

അദ്ദേഹം മാര്‍പാപ്പ ആയതിനു ശേഷം ഈ മീറ്റിംഗുകള്‍ തുടരുമെന്ന് ഞങ്ങളാരും വിചാരിച്ചില്ല. 2005 ഏപ്രില്‍ 19 -നാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസത്തില്‍ പരിശുദ്ധ പിതാവിന്റെ സെക്രട്ടറി, ഫാ. സ്റ്റീഫനെ വിളിച്ചുപറഞ്ഞു:

”പരിശുദ്ധ പിതാവ് നിങ്ങളുടെ മീറ്റിംഗ് തുടരാന്‍ ആഗ്രഹിക്കുന്നു. മാസവും സമയവുമെല്ലാം അതു തന്നെ. പക്ഷേ,  സ്ഥലം വ്യത്യാസമുണ്ട് – ഇറ്റലിയിലെ കാസ്റ്റല്‍ ഗാൻഡോൾഫോയിലായിരിക്കും ഈ വര്‍ഷത്തെ മീറ്റിംഗ്. ദിവസങ്ങള്‍ക്കും ചെറിയ വ്യത്യാസം. ഇത്തവണ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്.”

ഇതറിഞ്ഞ ഞങ്ങളെല്ലാവരും ആശ്ചര്യപ്പെട്ടു. മാര്‍പാപ്പ ആയതിനു ശേഷവും തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദൈവശാസ്ത്ര ചര്‍ച്ചകള്‍ക്ക് അദ്ദേഹം വരുമെന്ന് ഞങ്ങളാരും വിചാരിച്ചതല്ല. പക്ഷേ, വിഷയം തീരുമാനിക്കുന്നതിലും വിഷയാവതരണം ശ്രദ്ധിക്കുന്നതിലും ചര്‍ച്ച നയിക്കുന്നതിലും പിതാവ് പൂര്‍വ്വാധികം തീക്ഷ്ണതയോടെ പങ്കെടുത്തു.

ഈ സമ്മേളനത്തിലും ഞങ്ങള്‍ക്ക് അദ്ദേഹത്തെ  വ്യക്തിപരമായി കാണാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ, രണ്ടു-മൂന്നു മിനിറ്റിന് താഴെയേ സമയമുണ്ടായിരുന്നുള്ളൂ. പരിശുദ്ധ പിതാവ് എന്ന നിലയിലുള്ള ഔദ്യോഗിക പ്രോട്ടോക്കോള്‍ ഈ സമ്മേളനത്തില്‍ പാലിക്കണമെന്ന് വത്തിക്കാനില്‍ നിന്നും ഞങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. പക്ഷേ, പിതാവ് ഞങ്ങളുടെ അടുത്തു വരുമ്പോള്‍ ഞങ്ങളുടെ അധ്യാപകനായി മാറി.

മാര്‍പാപ്പ ആയതിനു ശേഷവും അദ്ദേഹത്തിന്റെ വ്യക്തിബന്ധത്തിന് യാതൊരു കുറവും വന്നിട്ടില്ലായിരുന്നു. ഞാന്‍ ഇതിനിടയില്‍ സി.എം.ഐ പ്രൊവിന്‍ഷ്യാളായിരുന്നു. അടുത്ത വര്‍ഷം കണ്ടപ്പോള്‍ പിതാവ് ചോദിച്ചു: ‘നീ ഇപ്പോഴും പ്രൊവിന്‍ഷ്യാളാണല്ലോ അല്ലേ’ എന്ന്.

പാപ്പ ആയതിനു ശേഷം നടന്ന ഒരു സമ്മേളനത്തിന്റെ ഒടുവില്‍ ഞങ്ങളുടെ ഭാഗത്തു നിന്നും നന്ദി പറഞ്ഞത് കര്‍ദ്ദിനാള്‍, ക്രിസ്റ്റഫ് ഷോണ്‍ ബോണായിരുന്നു. അദ്ദേഹം പറഞ്ഞു:

”അങ്ങയെപ്പോലെ വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്ന ഒരു പ്രൊഫസറെ ഞങ്ങള്‍ കണ്ടിട്ടില്ല.”

മറുപടിപ്രസംഗത്തില്‍ പിതാവ് ഇങ്ങനെ പറഞ്ഞു:

”നിങ്ങളെപ്പോലെ പ്രൊഫസറെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഞാനും കണ്ടിട്ടില്ല.”

ഇതിൽക്കൂടുതൽ എങ്ങനെയാണ് ഗുരു -ശിഷ്യ ബന്ധത്തെ വ്യാഖ്യാനിക്കുന്നത്!

2013 -ലെ വിരമിക്കലിനു ശേഷം

2013 ഫെബ്രുവരി 28 -നായിരുന്നു പാപ്പാ രാജി വയ്ക്കുന്നത്. അതിനു ശേഷം ഞങ്ങളുടെ ലീഡര്‍, ഫാ. സ്റ്റീഫനോടു പറഞ്ഞു: ‘ഇനി ഞാന്‍ ഒരു പൊതുപരിപാടിക്കും വരില്ല.’ ആ ഒരു തീരുമാനം പിതാവ് എല്ലാ മേഖലകളിലും കാത്തുസൂക്ഷിച്ചു. അതായിരുന്നു ആ മഹത് വ്യക്തിത്വത്തിന്റെ പ്രത്യേകത. ആ തീരുമാനത്തോടെ, ഞങ്ങളുടെ സമ്മേളനത്തിനും പിതാവ് പങ്കെടുക്കാതായി. സമ്മേളനത്തിൽ പിതാവ് വരാതെയായെങ്കിലും വത്തിക്കാനിലെ ഒരു പ്രൈവറ്റ് ചാപ്പലില്‍ അദ്ദേഹത്തോടൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കാന്‍, തുടർന്നുള്ള വർഷങ്ങളിലെ ആഗസ്റ്റ് അവസാന ഞായറാഴ്ച ഞങ്ങളെ ക്ഷണിച്ചിരുന്നു. കുർബാനയ്ക്കു ശേഷം ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കാൻ രണ്ടു മിനിറ്റു സമയവും തന്നിരുന്നു. ഓരോരുത്തരോടും സൗകര്യമായി പറയാൻ അദ്ദേഹത്തിനും അദ്ദേഹത്തോട് പറയാൻ ഞങ്ങൾക്കും ഏറെ കാര്യങ്ങളുണ്ടായിരുന്നു.  2018 -ല്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുന്നിടം വരെ അത് തുടര്‍ന്നിരുന്നു. വ്യക്തിപരമായ ബന്ധം അവസാനം വരെ കാത്തുസൂക്ഷിച്ച ആളായിരുന്നു ബെനഡിക്ട് പാപ്പാ. അതുപോലെ തന്നെ ഇനി പൊതുവേദിയിൽ വരില്ല എന്ന തീരുമാനവും അദ്ദേഹം പൂർണ്ണമായും നടപ്പിലാക്കി. ആത്മീയവും ബൗദ്ധികവുമായ വലിയ മാതൃകയും സമ്പത്തുമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ഓരോ സമ്മേളനവും ഞങ്ങൾക്ക് നല്‍കിയിരുന്നത്.

റോമില്‍ വച്ചുള്ള കൂടുതല്‍ അടുത്ത ബന്ധം

2002 -ല്‍ എന്നെ സി.എം.ഐ. സഭയുടെ പ്രൊക്കുറേറ്റര്‍ ജനറലാക്കി. അതോടെ റോമിലായി താമസം. അപ്പോള്‍ പിതാവ് വിശ്വാസ തിരുസംഘത്തിന്റെ തലവനായി റോമിലുണ്ട്. ഞാന്‍ അവിടെയെത്തിയ കാര്യം അറിഞ്ഞപ്പോള്‍ പിതാവിന് സന്തോഷമായി. നേരില്‍ കണ്ടപ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞു:

”പിതാവേ, എനിക്ക് എല്ലാ മാസവും അങ്ങയെ കാണാന്‍ സമയം അനുവദിക്കണം.”

ഒരു ചിരിയോടെ പിതാവ് അത് സമ്മതിച്ചു. സെക്രട്ടറിയോട് പറഞ്ഞ് എല്ലാ മാസവും സമയം ക്രമീകരിക്കാനും അനുവദിച്ചു. ഞാന്‍ റോമിലുണ്ടായിരുന്ന മൂന്നു വര്‍ഷവും എല്ലാ മാസവും 30 മിനിറ്റ് ഞാന്‍ പിതാവിനെ കണ്ട് സംസാരിച്ചിരുന്നു. അതൊരു വലിയ ആത്മീയബന്ധമായിരുന്നു. എന്നെ സംബന്ധിച്ച് ഒരു ആത്മീയപിതാവായിരുന്നു അദ്ദേഹം. എന്റെ അപ്പന്റെ മരണശേഷം മൃതസംസ്‌ക്കാരത്തിന്റെ ഫോട്ടോയുമായി പിതാവിന്റെ അടുത്തു ചെന്നപ്പോള്‍ എത്ര കരുണയോടെയാണ് എന്നോട് സംസാരിച്ചതും ഫോട്ടോകള്‍ കണ്ടതും.

സി.എം.ഐ. ഹൗസില്‍ വന്ന കഥ

റോമിലായിരുന്ന സമയത്ത് വിശ്വാസ തിരുസംഘത്തിന്റെ തലവനായ പിതാവിനെ ഒരിക്കല്‍ റോമിലെ സി.എം.ഐ. ഹൗസിലേക്ക് ക്ഷണിച്ചു. അത് നോമ്പുകാലമായിരുന്നു. പിതാവിന്റെ മറുപടി വളരെ സരസമായിരുന്നു.

”അലക്‌സാണ്ടര്‍, ഇപ്പോള്‍ നോമ്പുകാലമല്ലേ. അതു കഴിഞ്ഞ് ഓര്‍മ്മിപ്പിക്ക്; ഞാന്‍ വരാം.”

അങ്ങനെ പിതാവ് നോമ്പിനു ശേഷം തന്റെ സെക്രട്ടറിയുടെ കാറില്‍ ഞങ്ങളുടെ ഹൗസിലെത്തി. ഹൗസില്‍ പ്രാര്‍ത്ഥനയുടെ ഒരു സെഷനും ഉണ്ടായിരുന്നു. പ്രാര്‍ത്ഥന നടത്തിയ അച്ചനോട് ‘യുവർ എമിനൻസ്’  (Your Eminence) എന്ന് പിതാവിനെക്കുറിച്ച് പ്രാര്‍ത്ഥനയില്‍ പറയാതെ, ‘ഞങ്ങളുടെ പ്രിയപ്പെട്ട കര്‍ദ്ദിനാള്‍’ (Our dear Cardinal) എന്നു പറയണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹം അതുപോലെ തന്നെ ചെയ്തു. പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് പിതാവ് എന്നോട് ചെവിയില്‍ മന്ത്രിച്ചു: ‘അലക്‌സാണ്ടര്‍, നിങ്ങള്‍ എത്ര പ്രാവശ്യമാണ് ഞങ്ങളുടെ പ്രിയപ്പെട്ട കര്‍ദ്ദിനാള്‍ എന്ന് എന്നെക്കുറിച്ച് പറഞ്ഞത്.’ അത്രമാത്രം ലാളിത്യമാര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

റോമിലെ മലയാളി സമ്മേളനത്തിനു വന്നത്

റോമിലെ സീറോമലബാര്‍, മലങ്കര റീത്തുകളില്‍പെട്ട വൈദിരുടെയും സിസ്റ്റേഴ്‌സിന്റെയും കൂട്ടായ്മയാണ് ‘മാര്‍തോമ്മാ യോഗം.’ അവരുടെ ഒരു വര്‍ഷത്തെ മീറ്റിംഗിന് വിശ്വാസ തിരുസംഘത്തിന്റെ തലവനായ പിതാവിനെ ക്ഷണിക്കാന്‍ അതിന്റെ ഭാരവാഹികള്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാനറിയുന്നത്, നേരത്തെ ‘മാര്‍തോമ്മാ യോഗ’ക്കാര്‍ പിതാവിനെ സമീപിച്ചിരുന്നെന്നും അതിന് പിതാവിന്റെ സെക്രട്ടറി വഴി, വരില്ല എന്ന മറുപടി നല്‍കിയിരുന്നെന്നും. അതോടെ ഞാന്‍ ധര്‍മ്മസങ്കടത്തിലായി. എങ്കിലും ഞാന്‍ പിതാവിനെ സമീപിച്ച് പിതാവിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:

”അലക്‌സാണ്ടര്‍, അതിനി എന്തു ചെയ്യും. സെക്രട്ടറി നേരത്തെ ‘നോ’ പറഞ്ഞ സംഭവമാണല്ലോ. മാത്രമവുമല്ല, ഈ പ്രായത്തില്‍ ഒരു പ്രഭാഷണം കൂടി, ഞാന്‍ ഒരുങ്ങേണ്ടേ?”

ഞാന്‍ പറഞ്ഞു: ”പ്രഭാഷണം ഒരുങ്ങേണ്ടേ പിതാവേ. വന്ന് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി.”

”ഞാന്‍ വരണമെന്ന് നിനക്ക് നിര്‍ബന്ധമാണോ?” വീണ്ടും പിതാവ്.

അതെ എന്ന് ഞാൻ.

”പ്രഭാഷണം വേണ്ടാന്ന് ഉറപ്പാണോ?” പിതാവ് ചോദിച്ചു.

”വേണ്ട.”  ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

”അങ്ങനെയെങ്കില്‍ സെക്രട്ടറിയോടു പറയൂ.” പിതാവിന്റെ മറുപടി.

ഞാന്‍ പറഞ്ഞു: ”പിതാവേ, സെക്രട്ടറിയോട് ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കണമെന്നില്ല. അങ്ങു തന്നെ പറയേണ്ടിവരും.”

പിതാവ് എന്നെ ധൈര്യപ്പെടുത്തി.

”പേടിക്കണ്ട, ഞാന്‍ പറഞ്ഞെന്നു പറഞ്ഞാല്‍ മതി.”

ഞാന്‍ സെക്രട്ടറിയുടെ അടുത്തു ചെന്ന് വിനയത്തോടെ കാര്യങ്ങള്‍ ഉണര്‍ത്തിച്ചു. സെക്രട്ടറിക്ക് ഒരു ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.

”നീ എന്തു പറഞ്ഞാലും പിതാവ് സമ്മതിക്കും. അല്ലേ?”

ഞാന്‍ പുഞ്ചിരിച്ചു.

ആ സമ്മേളനത്തിനു മുമ്പ് പിതാവിനോടു ചോദിക്കേണ്ട ചോദ്യങ്ങള്‍ തയ്യാറാക്കി സെക്രട്ടറിക്കു നല്‍കി.

സമ്മേളനത്തിന്റെ തലേന്ന് സെക്രട്ടറി എന്നെ ഫോൺ ചെയ്തു.

”നാളെ മീറ്റിംഗില്‍, സ്റ്റേജില്‍ നീയും പിതാവിന്റെ ഒപ്പം ഇരിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചക്കിടയില്‍ ഏതെങ്കിലും ജര്‍മ്മന്‍ വാക്കിന്റെ ഇംഗ്ലീഷ് വാക്ക് പിതാവിന് കിട്ടാതെ വന്നാല്‍ അത് ഓർമ്മിപ്പിച്ചു കൊടുക്കാനാണ്.”

ഞാന്‍ സമ്മതിച്ചു. എനിക്ക് അഭിമാനവും ആനന്ദവും ഉണ്ടായി. ഞങ്ങള്‍ എപ്പോഴും സംസാരിക്കുന്നത് ജര്‍മ്മന്‍ ഭാഷയിലായിരുന്നു.

റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഹാളിലായിരുന്നു സമ്മേളനം. അവിടെയെല്ലാം അന്ന് മലയാളി വൈദികരെക്കൊണ്ടും സിസ്റ്റേഴ്‌സിനെക്കൊണ്ടും നിറഞ്ഞു.

സ്റ്റേജില്‍ പിതാവിനൊപ്പം ഞാനും.

ഒരൊറ്റ വാക്കിന്റെ ഇംഗ്ലീഷ് പദം മാത്രമേ പിതാവ് എന്നോട് ചോദിച്ചുള്ളൂ; അതും സ്വരം താഴ്ത്തി. ‘Christus-Ereignis’ എന്ന ജർമ്മൻ വാക്കിന്റെ ഇംഗ്ലീഷ് പദം എന്താണെന്നാണ് ചോദിച്ചത്. ‘Christ Event’ എന്ന പദമാണ് അതെന്ന് ഞാൻ മന്ത്രിച്ചു.

വളരെ വ്യക്തതയുണ്ടായിരുന്നു പിതാവിന്റെ ഒരോ മറുപടിക്കും. ഒരു വൈദികന്‍ നേരത്തെ എഴുതി നല്‍കാത്ത ഒരു ചോദ്യം ചോദിച്ചതിനും വളരെ വ്യക്തതയോടും കൃത്യതയോടും കൂടെ പിതാവ് മറുപടി നല്‍കി. പാണ്ഡിത്യത്തിന്റെ അങ്ങേയറ്റമായിരുന്നു അദ്ദേഹം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

അങ്ങനെ അനേകം അനുഭവങ്ങള്‍ ബെനഡിക്ട് പിതാവുമൊത്ത് ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വ്യക്തിപരമായ ഒരു സംഭാഷണത്തിനിടയില്‍ പിതാവ് എന്നോടു പറഞ്ഞു:

”അലക്‌സാണ്ടര്‍, നമ്മള്‍ അച്ചന്മാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് സത്യത്തിന് സാക്ഷികളാകാനാണ്. എന്നെ ചരിത്രം വിധിക്കട്ടെ.”

അത്രമാത്രം ധീരതയോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതില്‍ ഒരു കോട്ടവും അദ്ദേഹം വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പുസ്തകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സത്യത്തിന്റെ സാക്ഷ്യങ്ങളാണ്.

സമാപനം

95-ാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നതെങ്കിലും എനിക്കേറെ സങ്കടകരമാണ് ആ വിയോഗം. ഞാനും ഇപ്പോള്‍ രോഗിയാണ്. എനിക്കവിടെ ഒന്നു പോകാന്‍ പോലും സാധിക്കുന്നില്ല. എന്റെ പ്രിയപ്പെട്ട ഗുരുവും ആത്മീയപിതാവുമായ അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്.

എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ എന്ന രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ ഭാഗ്യം എനിക്കു തന്ന ദൈവത്തിനു നന്ദി പറയുന്നു.

(ഫാ. അലക്‌സ് തണ്ണിപ്പാറ സി.എം.ഐ. -യുമായി ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്. നടത്തിയ സംഭാഷണം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.