ഇരുട്ടിനെ ഭയന്ന ഒരു കൊച്ചുപെൺകുട്ടിക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ

തെക്കൻ ഇറ്റലിയിലെ കാസലെ ഡി കരിനോള എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള 12 വയസുകാരിയായ, സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു അന്റോണിയറ്റ ഫാവ. ഫാവയുടെ അമ്മ മരിച്ചുപോയപ്പോൾ അവളുടെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ രണ്ടാനമ്മയുടെ കീഴിൽ ഫാവയുടെ ജീവിതം സന്തോഷകരമായിരുന്നില്ല. ഒരു വേലക്കാരിയെപ്പോലെയാണ് രണ്ടാനമ്മ അവളോട് പെരുമാറിയിരുന്നത്.

വീട്ടിലെയും പറമ്പിലെയും ജോലികൾക്കു പുറമേ, രാത്രിയുടെ മറവിൽ അടുത്തുള്ള തോട്ടിൽ തുണി കഴുകുന്നതു പോലെ അപകടകരമായ ജോലികൾ രണ്ടാനമ്മ അവളെ ഏൽപിച്ചിരുന്നു. രണ്ടാനമ്മ പറയുന്നതെല്ലാം ഫാവ അനുസരിച്ചിരുന്നു എങ്കിലും, ഇരുട്ടിൽ തോട്ടിൽ പോയി തുണി കഴുകുക എന്നത് അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അവൾ പേടിച്ചു പല രാത്രികളിലും കരഞ്ഞിരുന്നു. പക്ഷേ, അതൊന്നും രണ്ടാനമ്മയുടെ മനസ് അലിയിച്ചില്ല.

തന്റെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും കൃപയും ക്ഷമയും ആവശ്യപ്പെടാനും അവൾ നിരന്തരം പ്രാർത്ഥിക്കുമായിരുന്നു. തനിക്ക് പ്രാർത്ഥിക്കാനായി, ഒരു കല്ലിൽ പരിശുദ്ധ അമ്മയുടെ രൂപം അവൾ വരച്ചുചേർത്തു. ആ പെൺകുട്ടിയുടെ പ്രാർത്ഥന കേൾക്കാതിരിക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. ഒടുവിൽ പരിശുദ്ധ അമ്മ അവൾക്ക് പ്രത്യക്ഷപ്പെട്ടു. ഒരു കൈയ്യിൽ ഒരു കുട്ടിയും മറുകയ്യിൽ വെളിച്ചവുമായിട്ടായിരുന്നു പരിശുദ്ധ അമ്മ അവൾക്ക് പ്രത്യക്ഷപ്പെട്ടത് എന്ന് പിന്നീട് ഫാവ വെളിപ്പെടുത്തി.

ആ സ്ത്രീ (പരിശുദ്ധ അമ്മ) ഫാവയെ തന്റെ കൂടെ കൂട്ടി, അവളുടെ വഴി പ്രകാശിപ്പിച്ചു, തന്റെ സാന്നിധ്യം കൊണ്ട് ഫാവയുടെ ക്ഷീണമകറ്റി. പരിശുദ്ധ കന്യകാമറിയം ഫാവയ്ക്ക് പതിവായി പ്രത്യക്ഷപ്പെട്ടു. ഇരുണ്ട വനത്തിലൂടെ തിളങ്ങുന്ന വെളിച്ചവുമായി ആ പെൺകുട്ടി നടക്കുന്നത് പല ഗ്രാമവാസികളും കണ്ടിരുന്നു.

അങ്ങനെയിരിക്കെ പരിശുദ്ധ അമ്മ, തനിക്കായി ഒരു ചാപ്പൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായി ഫാവയോട് വെളിപ്പെടുത്തി. പരിശുദ്ധ അമ്മയുടെ ആ അഭ്യർത്ഥന ഗ്രാമവാസികൾ പെട്ടന്നു തന്നെ സ്വീകരിച്ചു – അജ്ഞാതയായ സ്ത്രീയുടെയും അവളുടെ വെളിച്ചത്തിന്റെയും അകമ്പടിയോടെ നിരവധി രാത്രികളിൽ പെൺകുട്ടിയെ കണ്ട കാസലെ നിവാസികൾ, മാതാവ് തന്നോട് ആവശ്യപ്പെട്ട കാര്യം പെൺകുട്ടി അറിയിച്ചപ്പോൾ ഒട്ടും സംശയമില്ലാതെ തന്നെ സ്വീകരിക്കുകയായിരുന്നു.

നഗരവാസികൾ, ചുറ്റുമുള്ള പാറയുടെ ഭൂരിഭാഗവും കുഴിച്ചെടുത്ത് ദേവാലയം സ്ഥാപിച്ചു. പള്ളിയുടെ പ്രധാന അൾത്താരയിൽ 880 പൗണ്ട് ഭാരമുള്ള രൂപം സ്ഥാപിച്ചു. കാലങ്ങൾ കടന്നുപോയി. ആ ദേവാലയവും ഫാവയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

പിന്നീട് 1942-ൽ ദേവാലയം വീണ്ടും സജീവമായി പ്രവർത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അത് പ്രയാസകരമായ സമയങ്ങളായിരുന്നു. യുദ്ധാനന്തര കാലഘട്ടം വ്യാപകമായ തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് അടയാളപ്പെടുത്തി. ഇക്കാരണത്താൽ, ഇടവക പുരോഹിതൻ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് വിശുദ്ധ മന്ദിരത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു. നിരവധി മാതാപിതാക്കൾക്ക് ജോലി നൽകുകയും നഗരവാസികളുടെ വിശ്വാസവും ഭക്തിയും പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുനർനിർമ്മാണ പ്രവർത്തനത്തിനിടയിൽ, ദർശനത്തിനു മുമ്പ് ഫാവ പ്രാർത്ഥിച്ച പരിശുദ്ധ അമ്മയുടെ വിശുദ്ധ ചിത്രം കണ്ടെത്താൻ കഴിഞ്ഞു എന്നതും വലിയ അത്ഭുതമായി അവർ കണക്കാക്കി.

1960-ൽ ഈ ചിത്രത്തിന് സ്വർണ്ണകിരീടം ലഭിച്ചു. കിരീടധാരണത്തിന്റെ 50-ാം വാർഷികത്തിൽ, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഈ ചിത്രത്തിന് ആശീർവാദം നൽകുകയും ചെയ്തു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.