
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് കേവലം നിയന്ത്രണങ്ങൾ മാത്രമല്ല, മറിച്ച് ഒരു ജനതയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും അടിമകളാക്കി മാറ്റുന്ന ഒരു വ്യവസ്ഥിതിയാണ്. വിദ്യാഭ്യാസം നിഷേധിക്കുന്നതിനും ബുർഖ നിർബന്ധമാക്കുന്നതിനും അപ്പുറം, മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ ക്രൂരതകളാണ് അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അധികാരം പിടിച്ചെടുത്തതിനുശേഷമുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ, സ്ത്രീകളുടെ സ്വാതന്ത്ര്യവും അസ്തിത്വവും പൂർണ്ണമായി തുടച്ചുനീക്കുന്ന നൂറിലധികം തീവ്ര നിയമങ്ങളും ഉത്തരവുകളുമാണ് താലിബാൻ നടപ്പിലാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കപ്പെട്ട ആ രാജ്യത്ത്, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ തടവുകാരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ.
ബാലവിവാഹങ്ങൾ:
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി എടുത്തുനീക്കിയതോടെ, പെൺകുട്ടികളെ കൗമാരത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ താലിബാൻ അനുമതി നൽകി. ദാരിദ്ര്യം കൊണ്ട് വലയുന്ന കുടുംബങ്ങളെ, ചെറിയ തുകയ്ക്ക് പെൺമക്കളെ വിൽക്കാൻ താലിബാൻ ഭരണകൂടം പരോക്ഷമായി പ്രേരിപ്പിക്കുകയാണ്. കൂടാതെ, ‘തിരുത്തൽ നടപടി’ (corrective beating) എന്ന പേരിൽ ഭാര്യയെ മർദിക്കാൻ ഭർത്താവിന് നിയമപരമായ അവകാശം നൽകുന്നു. അസ്ഥി ഒടിയാത്ത തരത്തിലുള്ള മർദനങ്ങൾ അനുവദനീയമാണെന്ന് താലിബാൻ കരുതുന്നു. വിവാഹമോചനത്തിനുള്ള അവകാശം തടയുകയും, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് അഭയം നൽകുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകളെ ‘സദാചാര പൊലീസ്’ വേട്ടയാടുന്നു.
മരണത്തിലേക്ക് നയിക്കുന്ന നിരാശ:
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷന്മാരിലാണ് ആത്മഹത്യ കൂടുതലായി കാണപ്പെടുന്നതെങ്കിൽ, അഫ്ഗാനിസ്ഥാനിൽ സ്ഥിതി നേരെ മറിച്ചാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യകളിൽ 75 മുതൽ 80% വരെ സ്ത്രീകളാണ്. ചികിത്സയ്ക്കായി പുരുഷ ഡോക്ടർമാരെ സമീപിക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാത്തതും, പെൺകുട്ടികളുടെ പഠനം നിരോധിച്ചതുകൊണ്ട് പുതിയ വനിതാ ഡോക്ടർമാർ ഉണ്ടാകാത്തതും ചികിത്സാ സൗകര്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുന്നു. ശബ്ദമുയർത്തുന്നത് പോലും നാണക്കേടായി കണക്കാക്കുന്ന ഒരു വ്യവസ്ഥിതിയിൽ, പല സ്ത്രീകൾക്കും മരണം കാത്തിരിക്കുക എന്നല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണ്.
ചങ്ങലകൾ പൊട്ടിക്കാൻ പോരാടുന്ന സ്ത്രീകൾ:
ഈ കൊടും ക്രൂരതകൾക്കിടയിലും അഫ്ഗാനിലെ സ്ത്രീകൾ കീഴടങ്ങാൻ തയ്യാറല്ല. രഹസ്യമായി പെൺകുട്ടികൾക്കായി വിദ്യാലയങ്ങൾ തുറന്നും, താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തി വ്യാജ പേരുകളിൽ പുറത്തുവിട്ടും അവർ പോരാട്ടം തുടരുന്നു. ജൂണിൽ ഹെറാത്തിൽ നടന്ന പ്രതിഷേധം, ഭയാനകമായ സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവർ നടത്തുന്ന സമരത്തിന്റെ വലിയൊരു തെളിവാണ്.
ലോകം ഇതെല്ലാം കണ്ടും അറിഞ്ഞും നിൽക്കുന്നുണ്ടെങ്കിലും, മൗനാനുവാദത്തിലൂടെ താലിബാന്റെ ഈ അടിമത്ത വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്ന സമീപനമാണ് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കുന്നത്. ഒരു ജനതയുടെ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുമ്പോൾ മനുഷ്യരാശിക്ക് തന്നെ നാണക്കേടായി മാറുന്ന ഈ ക്രൂരതകൾക്ക് എന്നാണ് അന്ത്യമുണ്ടാകുക എന്നത് ഉത്തരം ലഭിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു.




