അപകടം മാറ്റിമറിച്ച ജീവിതം; അന്ധനായെങ്കിലും ഉൾക്കണ്ണിലെ വെളിച്ചം രൂപപ്പെടുത്തിയ ശില്പി

ഇറ്റലിയിൽ നിന്നുള്ള ആൻഡ്രിയ ബിയാൻകോയ്ക്ക് ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടം അദ്ദേഹത്തെ അന്ധനാക്കി മാറ്റി. 21 വയസു വരെ അദ്ദേഹത്തിന് ഒന്നിനും ഒരു കുറവുമില്ലായിരുന്നു – സമ്പത്ത്, കാമുകി, സ്വന്തമായി ഒരു കാർ… അതുവരെയുള്ള ജീവിതത്തിൽ അദ്ദേഹം ഒരു കുറവും അറിഞ്ഞിരുന്നില്ല. അക്കാലത്ത് അദ്ദേഹത്തിന് ദൈവത്തിലോ, ദൈവീകമായ കാര്യങ്ങളിലോ വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നുമില്ല. തന്റെ ജീവിതത്തെ മുഴുവൻ ഇരുട്ടിലേക്ക് തള്ളിവിട്ട ആ കാറപകടം എല്ലാം മാറ്റിമറിച്ചു. വാസ്തവത്തിൽ അന്നു മുതലാണ് അദ്ദേഹത്തിന്റെ ഉൾക്കണ്ണുകളിൽ പ്രകാശം തെളിഞ്ഞു തുടങ്ങിയത്.

ഒരു ദിവസം ഉച്ചതിരിഞ്ഞ്, കാമുകിയുമായി കാറിൽ വീട്ടിലേക്കു പോകുമ്പോൾ എതിരെ വന്ന ട്രക്കിൽ ഇടിക്കാതിരിക്കാൻ വേണ്ടി വാഹനം വെട്ടിക്കുകയും ഒരു മരത്തിൽ ഇടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് കാര്യമായ പരിക്കേറ്റില്ല എങ്കിലും ആ അപകടത്തിൽ നിന്ന് ആൻഡ്രിയ രക്ഷപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വെറോണയിലെ ആശുപത്രിയിൽ 20 ദിവസങ്ങളാണ് അദ്ദേഹം കോമയിൽ കിടന്നത്. രണ്ട് മാസത്തിനിടക്ക് 12 ഓപ്പറേഷനുകൾ. ആൻഡ്രിയയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു; പക്ഷേ, അദ്ദേഹത്തിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.

കണ്ണുകളിലെ വെളിച്ചം അസ്തമിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ മിഴികൾ തുറന്നു. ക്രമേണ അദ്ദേഹം ദൈവവിശ്വാസത്തിലേക്ക് അടുത്തു, പ്രത്യേകിച്ചും 1998- ൽ മെഡ്ജുഗോറി സന്ദർശിച്ചപ്പോൾ പരിശുദ്ധ മറിയത്തോട് വലിയ അടുപ്പം തോന്നി. അവിടെ വച്ച് തനിക്ക് ലഭിച്ച സന്ദേശം ആൻഡ്രിയ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “യേശുവിന്റെ തിരുഹൃദയത്തോട് പ്രണയത്തിലാകൂ. കർത്താവിനായി ജീവിക്കുക, വിശ്വാസം വീണ്ടും തഴച്ചുവളരും. സമാധാനം വിജയിക്കും’ എന്ന് നമ്മുടെ മാതാവ് എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു.”

വൈകല്യമുണ്ടെങ്കിലും കളിമണ്ണിൽ രൂപങ്ങൾ സൃഷ്ടിക്കാൻ തനിക്ക് കഴിയുമെന്ന് ആൻഡ്രിയ കണ്ടെത്തി. തന്റെ കൈകൾ കൊണ്ട് ‘കാണാനും’ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. “കൈകൾ ലോകത്തിന്റെ മഹത്വം അനുഭവിക്കുന്നതും കാണുന്നതും മനസിലാക്കുന്നതും ഞാൻ മറന്നു. ജപമാല ചൊല്ലുമ്പോൾ വിരലുകൾ കൊണ്ടാണ് ഓരോ ജപമണികളിലൂടെയും നമ്മൾ കടന്നുപോകുന്നത്. അപ്പോൾ വിരലുകൾ കൊണ്ടും നമ്മൾ ദൈവത്തെ മഹത്വപ്പെടുത്തുകയാണ്” – ആൻഡ്രിയ പറയുന്നു.

കളിമണ്ണ്, മാർബിൾ, മരം, വെങ്കലം, അപൂർവ്വ സന്ദർഭങ്ങളിൽ കോൺക്രീറ്റ് എന്നിങ്ങനെ വിവിധ വസ്തുക്കൾ കൊണ്ട് രൂപങ്ങൾ നിർമ്മിക്കാൻ അദ്ദേഹം വൈദഗ്ദ്യം നേടിയെടുത്തു. ആൻഡ്രിയക്ക് രൂപങ്ങൾ നിർമ്മിക്കാൻ പ്രിയപ്പെട്ട മെറ്റീരിയൽ മരമാണ്. വിശുദ്ധരുടെയും പരിശുദ്ധ മാതാവിന്റെയും രൂപങ്ങളൊക്കെയാണ് അദ്ദേഹം പ്രധാനമായും നിർമ്മിച്ചത്. അദ്ദേഹം വെങ്കലത്തിൽ നിർമ്മിച്ച കുരിശ്, ടൂറിൻ കത്തീഡ്രലിൽ കുറച്ചുകാലം പ്രദർശിപ്പിച്ചിരുന്നു; ഇന്നത് ടൂറിനിലെ രൂപതാ മ്യൂസിയത്തിലാണ്.

രണ്ടാമത്തെ ശിൽപം കളിമണ്ണിൽ നിർമ്മിച്ച ക്രിസ്തുവിന്റെ മുഖമാണ്. റോമിലെ റെജീന അപ്പോസ്റ്റോളോറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോളി ഷ്രൗഡിന്റെ മ്യൂസിയത്തിലാണ് ഈ രൂപം. ആൻഡ്രിയ ബിയാൻകോ ഇന്ന് ഒരു കലാകാരനാണ്; ഒപ്പം ഉറച്ച ദൈവവിശ്വാസിയും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.