ശില്പിയിൽ നിന്ന് അഭിനേതാവിലേക്ക്: യൗസേപ്പിതാവിന്റെ നിശബ്ദത മാറ്റിമറിച്ച ജീവിതം

സേവ്യർ എന്ന ശില്പി യൗസേപ്പിതാവിന്റെ രൂപം നിർമ്മിച്ച സംഭവം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ശിൽപം നിർമ്മിക്കും മുൻപ് അദ്ദേഹം യൗസേപ്പിതാവിനെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ആ പഠനം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്നും രാവിലെ പണിപ്പുരയിൽ എത്തുന്ന സേവ്യറിനെ കാത്ത് യൗസേപ്പിതാവ് ആ ഇരുൾ നിറഞ്ഞ മുറിയിൽ കാത്തിരുന്നു. തുടർന്നു വായിക്കുക.   

ഒരു സ്പാനിഷ് കലാകാരനാണ് സേവ്യർ ബർത്തിമേയുസ്. ജനനം കൊണ്ട് ക്രൈസ്തവനായിരുന്നെങ്കിലും സേവ്യറിന്റെ ജീവിതം എപ്പോഴും കലയുടെ ലോകത്തായിരുന്നു. ഒരിക്കൽ ബാഴ്‌സലോണയിലെ ഒരു ദേവാലയത്തിലേക്ക് യൗസേപ്പിതാവിന്റെ രൂപം നിർമ്മിക്കാൻ സേവ്യർ നിയോഗിക്കപ്പെട്ടു. പ്രതിഫലത്തിനു വേണ്ടി മാത്രമാണ് സേവ്യർ ആ ചുമതല ഏറ്റെടുത്തത്. എന്നാൽ ആ രൂപം സേവ്യറിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം നിനച്ചിട്ടു കൂടിയില്ല. ഇന്ന് അദ്ദേഹം ഒരു ശില്പി മാത്രമല്ല, മറിച്ച് സ്വന്തം ജീവിതകഥ തകർത്തഭിനയിച്ച ഒരു അഭിനേതാവ് കൂടിയാണ്.

യൗസേപ്പിതാവിനെ അറിഞ്ഞപ്പോൾ ഉണ്ടായ മാനസാന്തരം

ഒരു രൂപം നിർമ്മിക്കുന്നതിനു മുൻപ് ശിൽപികൾ എപ്പോഴും അവർ നിർമ്മിക്കേണ്ട രൂപത്തെക്കുറിച്ച് ഒന്ന് പഠിക്കും. അങ്ങനെ സേവ്യർ എന്ന ശില്പിയും യൗസേപ്പിതാവിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. നീതിമാനായ, ധൈര്യത്തോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്ന, വിശ്വസ്തനായ ഒരു വ്യക്തിയായിരുന്നു സേവ്യറിന് യൗസേപ്പിതാവ്. ബൈബിളിൽ യൗസേപ്പിതാവ് ഒന്നും ഉരിയാടിയിട്ടില്ല. എന്നാൽ യൗസേപ്പിതാവിലെങ്കിൽ തിരുക്കുടുംബമില്ല. അദ്ദേഹം നിശബ്ദനായ ഒരു നായകനായിരുന്നു. ഗർഭിണിയാണെന്നറിഞ്ഞിട്ടും മറിയത്തെ ഭാര്യയായി സ്വീകരിച്ചു. ഇന്ന് ആ കഥ വായിച്ചുവിടുമ്പോൾ നിസ്സാരമെന്നു നമുക്ക് തോന്നാം. എന്നാൽ അക്കാലത്ത് ആ പ്രവർത്തി ചെയ്യണമെങ്കിൽ അദ്ദേഹം എത്ര വലിയ ഹൃദയത്തിന്റെ ഒരു ഉടമയായിയിരിക്കണമെന്ന് സേവ്യർ ചിന്തിച്ചു.

ദൈവഹിതം നിറവേറ്റുക മാത്രമായിരുന്നു യൗസേപ്പിതാവിന്റെ ജീവിതലക്ഷ്യം തന്നെ. അദ്ദേഹം ദൈവസ്വരം ശ്രവിച്ച് അതനുസരിച്ചു മാത്രം പ്രവർത്തിച്ചു. എളിമയുടെ ഉദാത്തമാതൃകയാണ് യൗസേപ്പിതാവെന്നാണ് സേവ്യർ പറയുന്നത്.

ഇരുൾ നിറഞ്ഞ മുറിയിൽ കാത്തിരുന്ന യൗസേപ്പിതാവ്

തന്റെ പണിപ്പുരയിൽ സേവ്യർ യൗസേപ്പിതാവിന്റെ രൂപം നിർമ്മിക്കാൻ തുടങ്ങി. രൂപത്തിന്റെ ഓരോ ഭാഗവും നിർമ്മിക്കുമ്പോൾ, ഒരു പുതിയ സൃഷ്‌ടി രൂപപ്പെടുന്നത് കൗതുകത്തോടെയേ സേവ്യർ എന്നും കണ്ടിരുന്നുള്ളൂ. എന്നും രാവിലെ പണിപ്പുരയിൽ എത്തുന്ന സേവ്യറിനെ കാത്ത് യൗസേപ്പിതാവ് ആ ഇരുൾ നിറഞ്ഞ മുറിയിൽ കാത്തിരിക്കുമായിരുന്നു.

പണിപ്പുരയിൽ എത്തിയാലുടനെ സേവ്യർ ലൈറ്റ് ഇടും. ഇരുളിലും ക്ഷമയോടെ തന്നെ കാത്തിരുന്ന യൗസേപ്പിതാവിലേക്ക് വേഗത്തിൽ കണ്ണോടിക്കും. ഓരോ ദിവസത്തെ അദ്ധ്വാനത്തിനും ശേഷം അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് യൗസേപ്പിതാവിനെ ഒന്ന് ആലിംഗനം ചെയ്ത് യാത്ര പറയുന്നത് സേവ്യറിന് ഒരു ശീലമായി മാറി.

അങ്ങനെ രൂപത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നാളുകൾ കഴിഞ്ഞാൽ, ഈ രൂപം ആളുകൾ ഭക്തിയോടെ സമീപിക്കുന്ന, പ്രാർത്ഥനകൾ അർപ്പിക്കുന്ന ഒരു രൂപമാകുമെന്ന ചിന്ത സേവ്യറിൽ പതിയെ ശക്തമാകാൻ തുടങ്ങി. സേവ്യറിൽ തണുത്തുറഞ്ഞിരുന്ന വിശ്വാസം ചൂടു പിടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സേവ്യർ ഒരു ആന്തരിക പരിവർത്തനത്തിൽ കൂടി കടന്നുപോയി.

വിശ്വാസത്തിലേക്ക് തിരികെ വന്നപ്പോൾ

വർഷങ്ങളായി സേവ്യറിന്റെ മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു. അതായത് എന്താണ് തന്റെ ജീവിതലക്ഷ്യമെന്നോ, ആർക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നോ മനസിലാക്കാൻ സാധിക്കാത്ത ഒരു മനസികാവസ്ഥ. എന്നാൽ തന്നിൽ വന്നുനിറഞ്ഞ ദൈവസ്നേഹം സേവ്യറിനെ പുതിയൊരു സൃഷ്ടിയായി രൂപാന്തരപ്പെടുത്തി. അയാൾ വിശ്വാസത്തിലേക്ക് മടങ്ങിയെത്തി; പുതിയൊരു മനുഷ്യനായി മാറി.

വിശ്വാസത്തിലേക്ക് മടങ്ങിവന്ന സേവ്യർ, തന്റെ ജീവിതം ഇനിയൊരിക്കലും പഴയതു പോലെ ആയിരിക്കില്ല എന്ന ഉറച്ച തീരുമാനം കൈകൊണ്ടു. തന്നെക്കുറിച്ചും ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന ബോധ്യം സേവ്യറിന് ലഭിച്ചു. തുടർന്ന് ഹൃദയം തുറന്ന് മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും അദ്ദേഹം ആരംഭിച്ചു. തന്നിൽ വന്നുനിറയുന്ന ദൈവസ്നേഹത്തെ സേവ്യർ ആവോളം രുചിച്ചറിഞ്ഞു.

ഇപ്പോൾ ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന രൂപങ്ങൾ നിർമ്മിക്കാൻ അദ്ദേഹം കൂടുതൽ തല്പരനാണ്. സേവ്യറിനു വന്ന ഈ മാറ്റത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. “മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ദൈവത്തിൽ നിന്ന് അകറ്റപ്പെടുന്നതാണ്. അത് നമ്മെ ആന്തരികമായി ദുർബലരാക്കുന്നു. എങ്കിലും നമ്മെയും കാത്ത് വളരെ ദൂരത്തല്ലാതെ ഒരു ചെറുവെളിച്ചം കാത്തിരിക്കുന്നുണ്ടാവും” – സേവ്യർ പറഞ്ഞു.

സേവ്യർ വൈകാതെ തന്നെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങി. ആതുരസേവനം ചെയ്യുന്ന സന്യാസിനികളുമായി ചേർന്ന് സേവ്യറും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സേവ്യറിന്റെ മനസ്സിൽ അങ്ങനെ ശൂന്യത മാറി സന്തോഷം നിറയാൻ തുടങ്ങി.

സേവ്യറിന്റെ ജീവിതം സ്ക്രീനിലേക്ക്

ഒരിക്കൽ സേവ്യറിന്റെ സുഹൃത്ത് അദ്ദേഹത്തെയും കൂട്ടിക്കൊണ്ട് ഒരു ഡോക്യൂമെന്ററിയുടെ അഭിമുഖത്തിൽ പങ്കെടുത്തു. ആ അഭിമുഖത്തിൽ സേവ്യർ തന്റെ ജീവിതകഥ അവരുമായി പങ്കുവച്ചു. സംഭാഷണമൊക്കെ കഴിഞ്ഞ് അവർ മടങ്ങി. എന്നാൽ അപ്രതീക്ഷിതമായി സേവ്യറിനെ ഡോക്യൂമെന്ററിയുടെ ആളുകൾ ഒന്നു കൂടെ വിളിപ്പിച്ചു. സേവ്യറിന്റെ ജീവിതം അവർ ഡോക്യൂമെന്ററിയാക്കാൻ നിശ്ചയിച്ചിരിക്കുന്നുവത്രേ. അതിലെ അഭിനേതാവും സേവ്യർ തന്നെ. അങ്ങനെ ‘ഫാദേഴ്സ് ഹാർട്ട്’ എന്ന ഡോക്യൂമെന്ററി പിറവി കൊണ്ടു.

താൻ നിർമ്മിച്ച യൗസേപ്പിതാവിന്റെ രൂപം പ്രദർശിപ്പിച്ചിരിക്കുന്ന ദേവാലയം സേവ്യർ ഇന്നും സന്ദർശിക്കാറുണ്ട്. ആ രൂപത്തിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കാറുണ്ട്. ഒരു കത്തോലിക്കനായതിൽ സേവ്യർ ഇന്ന് അഭിമാനിക്കുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.