‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തിലെ പത്ത് പ്രധാന ചിന്തകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിൽ മനുഷ്യത്വത്തിന്റെ നിലനിൽപ്പും സാങ്കേതികവിദ്യയുടെ ധാർമ്മികതയും ചർച്ച ചെയ്യുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം പുറത്തിറങ്ങി. മെയ് 25 പ്രകാശനം ചെയ്ത ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തിലൂടെ, ആഗോളതലത്തിൽ രൂപപ്പെടുന്ന പുതിയ എ ഐ കുത്തകകൾക്കെതിരെയും സാങ്കേതികവിദ്യയുടെ മനുഷ്യവിരുദ്ധമായ കടന്നുകയറ്റങ്ങൾക്കെതിരെയും ശക്തമായ മുന്നറിയിപ്പാണ് മാർപാപ്പ നൽകുന്നത്. ഈ ചാക്രികലേഖനത്തിലെ പ്രധാനപ്പെട്ട പത്ത് ചിന്തകൾ താഴെ കൊടുക്കുന്നു.

1. എ ഐ കുത്തകകളും പുതിയ അസമത്വവും

വിരലിലെണ്ണാവുന്ന ചില വ്യക്തികളിലേക്ക് മാത്രം ഡാറ്റയും കമ്പ്യൂട്ടിംഗ് മൂലധനവും നിയന്ത്രണാധികാരങ്ങളും കേന്ദ്രീകരിക്കപ്പെടുന്ന ഇന്നത്തെ ലോകത്ത്, പൊതുനന്മയെക്കുറിച്ച് സംസാരിക്കുക എന്നതിനർഥം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ എ ഐ കുത്തകകളുടെ പേരെടുത്ത് പറയുക എന്നതും ഈ പുതിയ ജ്ഞാനശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വങ്ങളെ തുറന്നുകാട്ടുക എന്നതുമാണ്.

2. ഡിജിറ്റൽ ലോകത്തെ ‘ബാബേൽ സിൻഡ്രോം’

നാം ‘ബാബേൽ സിൻഡ്രോം’ ഒഴിവാക്കേണ്ടതുണ്ട്. അതായത്, ദുർബലരെ ബലിയാടാക്കുന്ന ലാഭക്കൊതിയുടെ ആരാധനയും, വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന ഏകീകകരണവും, ഒരു വ്യക്തിയുടെ ആത്മീയ രഹസ്യങ്ങളെപ്പോലും കേവലം ഡാറ്റയും ലാഭവുമായി പരിവർത്തനം ചെയ്യാൻ കഴിയുമെന്ന ഡിജിറ്റൽ ഭാഷയുടെ അവകാശവാദവും നാം തള്ളിക്കളയണം.

3. അൽഗോരിതങ്ങളിലെ ഒളിഞ്ഞിരിക്കുന്ന വഞ്ചന

വിവരങ്ങൾ വളച്ചൊടിക്കുന്നതും സ്വകാര്യത ലംഘിക്കുന്നതും പോലുള്ള വ്യക്തമായ മനുഷ്യവിരുദ്ധ ഉപയോഗങ്ങൾ ഇവിടെ ഉണ്ടായേക്കാം. എന്നാൽ അതിനേക്കാൾ ഉപരിയായി, എ ഐ സംവിധാനങ്ങൾ തങ്ങൾ നിഷ്പക്ഷരും വസ്തുനിഷ്ഠരുമാണെന്ന് അവകാശപ്പെടുമ്പോഴും, അവ രൂപകൽപ്പന ചെയ്തവരുടെയും പ്രോഗ്രാം ചെയ്തവരുടെയും പ്രത്യയശാസ്ത്ര നിലപാടുകളെയും മുൻ വിധികളെയും (Stereotypes) പ്രതിഫലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അത്ര എളുപ്പം തിരിച്ചറിയാനാകാത്ത മറ്റൊരു വഞ്ചനയും ഇതിലുണ്ട്.

4. സാങ്കേതികവിദ്യയുടെ യഥാർഥ ബദൽ

മനുഷ്യന്റെ സർഗാത്മക ബുദ്ധിശക്തി എന്നത് കഷ്ടപ്പാടുകൾ ലഘൂകരിക്കാനും പുതിയ സാധ്യതകൾ തുറക്കാനും സഹായിക്കുന്ന ഒരു വലിയ സമ്മാനമാണ്. എന്നാൽ അത് എപ്പോഴും പൊതുനന്മയ്ക്കും നീതിക്കും, ദുർബലരുടെയും ഈ പ്രകൃതിയുടെയും സംരക്ഷണത്തിനുമായി നിലകൊള്ളണം. ഈ അർഥത്തിൽ, യഥാർഥ ബദൽ എന്നത് കേവലം സാങ്കേതികവിദ്യയോടുള്ള അമിതാവേശമോ ഭയമോ അല്ല; മറിച്ച് അതിലൂടെ വികസനം മനുഷ്യർക്കും സമൂഹത്തിനും സേവനം ചെയ്യുകയാണോ അതോ അവരെ അധികാര സമവാക്യങ്ങൾക്ക് കീഴിലാക്കുകയാണോ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

5. മനുഷ്യവിരുദ്ധ കാഴ്ചപ്പാടുകളുടെ സാധാരണവൽക്കരണം

സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതുമാത്രമല്ല ഇവിടുത്തെ അപകടം; ഡിജിറ്റൽ വിപ്ലവവും എഐയും ചേർന്ന് വളർത്തിയെടുക്കുന്ന സാങ്കേതിക ശാസ്ത്ര മാതൃകകൾ (Technocratic Paradigm) ഒരുതരം മനുഷ്യവിരുദ്ധ കാഴ്ചപ്പാടിനെ ന്യായവും സ്വാഭാവികവുമായി തോന്നിപ്പിക്കുന്നു എന്നതാണ്. ജീവിതത്തിന്റെ പൂർണ്ണത എന്നത് കൂടുതൽ കാര്യങ്ങൾ കൈവശം വെയ്ക്കുന്നതിലും, മനുഷ്യസഹജമായ ബലഹീനതകളെ ഇല്ലാതാക്കുന്നതിലും, അപ്രതീക്ഷിത സംഭവങ്ങളെ ഇല്ലാതാക്കി എല്ലാറ്റിനെയും നിയന്ത്രിക്കുന്നതിലുമാണ് അടങ്ങിയിരിക്കുന്നത് എന്ന തെറ്റായ ചിന്താഗതിയാണത്.

6. പുരോഗതിയുടെ പേരിലുള്ള അവഗണനകൾ

സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, സാങ്കേതികവിദ്യയുടെ ഉപയോഗമല്ല ഇവിടുത്തെ നിർണ്ണായക വിഷയം, മറിച്ച് അതിന്റെ പിന്നിലെ കാഴ്ചപ്പാടാണ്. മനുഷ്യനെ കേവലം പരിഷ്കരിക്കപ്പെടേണ്ടതോ മറികടക്കപ്പെടേണ്ടതോ ആയ ഒരു വസ്തുവായി മാത്രം കാണാൻ തുടങ്ങിയാൽ, ചില മനുഷ്യർ ഉപയോഗമില്ലാത്തവരോ അനാവശ്യരോ മൂല്യം കുറഞ്ഞവരോ ആണെന്ന് സമ്മതിക്കാൻ നമുക്ക് എളുപ്പമാകും. പുരോഗതിയുടെ പേരിൽ ‘അനിവാര്യമായ ത്യാഗങ്ങളെക്കുറിച്ച്’ ചിന്തിക്കാനും, മാനവികതയുടെ പുരോഗതിക്കായി ഏറ്റവും ദുർബലരായ മനുഷ്യർ വില നൽകേണ്ടി വരുന്ന അവസ്ഥയിലേക്കും ഇത് നമ്മെ എത്തിക്കും.

7. അദൃശ്യ കരങ്ങൾക്ക് വിട്ടുകൊടുക്കാനാകാത്ത രാഷ്ട്രീയം

എഐയുടെയും റോബോട്ടിക്സിന്റെയും ഈ കാലഘട്ടത്തിൽ വിപണിയുടെ ‘അദൃശ്യ കരങ്ങളെ’ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാകില്ല. സാമ്പത്തികവും സാങ്കേതികവുമായ ചലനങ്ങളെ പൊതുനന്മയിലേക്ക് നയിക്കാനും, അന്തസ്സുള്ള തൊഴിൽ ഉറപ്പാക്കാനും, സാമൂഹിക ഉൾപ്പെടുത്തലും നവീകരണത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും തുല്യമായി വീതിച്ചു നൽകാനും രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്.

8. യുദ്ധങ്ങളെ ന്യായീകരിക്കാൻ അൽഗോരിതങ്ങൾക്കാവില്ല

ധാർമ്മികമായ തീരുമാനങ്ങളെ കേവലം ഒരു കണക്കുകൂട്ടലിലേക്ക് മാത്രമായി ചുരുക്കാനാകില്ല. അതിൽ മനസ്സാക്ഷിയും വ്യക്തിപരമായ ഉത്തരവാദിത്തവും മറ്റുള്ളവരെ ഒരു വ്യക്തിയായി അംഗീകരിക്കലും അടങ്ങിയിരിക്കുന്നു. അതിനാൽ, ജീവഹാനിയുണ്ടാക്കുന്നതോ മാറ്റാനാകാത്തതോ ആയ നിർണ്ണായക തീരുമാനങ്ങൾ യന്ത്രസംവിധാനങ്ങളെ (Artificial Systems) ഏൽപ്പിക്കുന്നത് അനുവദിക്കാനാകില്ല. യുദ്ധത്തെ ധാർമ്മികമായി ന്യായീകരിക്കാൻ കഴിയുന്ന ഒരു അൽഗോരിതവും ഈ ലോകത്തില്ല.

9. ഭയത്തിന്റെ വ്യവസായവും ശൂന്യതാവാദവും

ഇന്നത്തെ അന്തരീക്ഷത്തിൽ ശൂന്യതാവാദവും (Nihilism) പ്രായോഗികതയും (Pragmatism) പരസ്പരമേകോപിച്ച് ഗുരുതരമായ തെറ്റുകളെ സാധാരണവൽക്കരിക്കുകയാണ്. മതപരമായ തീവ്രവാദവും സ്വത്വവാദ ഭ്രാന്തും യുക്തിരഹിതമായ സാമ്പത്തിക ചിന്തകളുമായി സഖ്യമുണ്ടാക്കുന്നു; അതേസമയം രാഷ്ട്രീയം എളുപ്പത്തിൽ വ്യാജപ്രചാരണങ്ങളെയും എതിരാളികളെ പരിഹസിക്കുന്നതിനെയും വ്യവസ്ഥാപിതമായി ഭയവും വിദ്വേഷവും വളർത്തുന്നതിനെയും ആശ്രയിക്കുന്നു.

10. വിദ്യാഭ്യാസ രംഗത്തെ വിവേചനശൂന്യതയുടെ അപകടം

നാം ജാഗ്രത പാലിച്ചില്ലെങ്കിൽ, സത്യത്തോടുള്ള സ്നേഹമില്ലാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെട്ടേക്കാം. അവിടെ നിരന്തരമായ വിവരങ്ങളുടെ ഒഴുക്ക്, ഗവേഷണം, ചിന്ത, വിവേചനം എന്നിവയുടെ സ്ഥാനത്തെ ഇല്ലാതാക്കും. ചെറിയ ചെറിയ അറിവിന്റെ കഷ്ണങ്ങൾ പെരുകുമെങ്കിലും, യാഥാർഥ്യത്തെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനും, കാര്യങ്ങളുടെ അർഥത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും, യഥാർഥ വിമർശനാത്മകവും സർഗാത്മകവുമായ ചിന്ത വളർത്തിയെടുക്കാനും കൂടുതൽ ബുദ്ധിമുട്ടായിത്തീരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.