ഉറുഗ്വേയിൽ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം; മൊന്തെവീദിയോയെ ആവേശത്തിലാഴ്ത്തി പാപ്പയുടെ സാന്നിധ്യം

അപ്പസ്തോലിക യാത്രയുടെ ആദ്യദിനത്തിൽ ഉറുഗ്വേയിലെത്തിയ പാപ്പയ്ക്ക് ഊഷ്‌മള സ്വീകരണമാണ് ലഭിച്ചത്. പാപ്പ, ഉറുഗ്വേയിലെ ആദ്യ ഔദ്യോഗിക പൊതുചടങ്ങായിരുന്ന രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിൽ സംബന്ധിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

ദീർഘകാലത്തെ മതേതര പാരമ്പര്യമുള്ള ഒരു രാജ്യത്ത്, വിശ്വാസവും പൊതുജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ലെയോ മാർപാപ്പ അധികാരികൾക്കും പ്രാദേശിക സമൂഹത്തിനും നൽകിയ തന്റെ ആദ്യ പ്രസംഗത്തിൽ പരാമർശിച്ചത്. വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്വാതന്ത്ര്യത്തോടും ആദരവോടും കൂടി ഒരുമിച്ചു ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുക എന്നത് ഒരു മതേതര സർക്കാരിന്റെ കടമയാണെന്ന് പാപ്പ പറഞ്ഞു.

ഓൾഡ് സിറ്റിയിലെ സന്ധ്യാ പ്രാർഥന

സ്ക്വയറിൽ നിന്ന് മെട്രോപൊലീത്തൻ കത്തീഡ്രലിലേക്കുള്ള വഴിയിൽ ഒരു കൊച്ചു മദർ തെരേസ ഉണ്ടായിരുന്നു; പിന്നീട് അതിലും ചെറിയ മറ്റൊരാളും. മാർപാപ്പ കടന്നുപോകുന്നതും കാത്ത് വഴിയിലുടനീളമുണ്ടായിരുന്ന നിരവധി കുട്ടികളിൽ ചിലരായിരുന്നു അവർ. ചില കുട്ടികൾ വൈദികരുടെയും സന്ന്യാസിനിമാരുടെയും വേഷത്തിലും മറ്റുള്ളവർ ഡോക്ടർമാരുടെയും ഫയർഫൈറ്റർമാരുടെയും വേഷത്തിലുമാണ് എത്തിയത്. ഒരു പെൺകുട്ടി ലെയോ മാർപാപ്പയോട് ആലിംഗനം ചോദിച്ചുകൊണ്ടുള്ള ഒരു പ്ലാക്കാർഡും ഉയർത്തിപ്പിടിച്ചിരുന്നു.

കത്തീഡ്രലിൽ സന്ധ്യാപ്രാർഥനയ്ക്കായി (Vespers) മാർപാപ്പ എത്തുന്നതും കാത്ത് നിരവധി ആളുകളുണ്ടായിരുന്നു. സന്ധ്യാ പ്രാർഥനയ്ക്കായി ഒത്തുകൂടിയ വൈദികരോടും സന്ന്യാസിമാരോടും സെമിനാരി വിദ്യാർഥികളോടും സംസാരിക്കവെ, രോഗികളെ പരിചരിക്കുന്നതു മുതൽ ഭക്ഷണം തയ്യാറാക്കുന്നതു വരെയുള്ള കാര്യങ്ങളിലൂടെ വർഷങ്ങളോളം മറ്റുള്ളവരെ പരിചരിച്ചതിന് ലെയോ പാപ്പ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.