കണ്ണീരു തോരാത്ത അർമേനിയൻ വംശജർ

രഞ്ജിൻ ജെ. തരകൻ

അഞ്ചാം നൂറ്റാണ്ടുമുതൽ ഇവിടെ താമസിക്കുന്ന 1,20,000 -ഓളം വരുന്ന അർമേനിയക്കാരാണ് ഇപ്പോൾ വംശഹത്യയ്‌ക്കും കൂട്ടപ്പലായനത്തിനും ഇരകളാകുന്നത്. 1915 -ൽ 15 ലക്ഷത്തോളം അർമേനിയക്കാരെ കൊന്നൊടുക്കിയ അർമേനിയൻ വംശഹത്യയുടെ സമയത്തും ലോകരാജ്യങ്ങൾ നിശ്ശബ്ദമായിരുന്നു. 1994 -ൽ റുവാണ്ടൻ വംശഹത്യയുടെ സമയത്തും ലോകം കണ്ണടച്ചു. അപകടകരമായ ഒരു നിസ്സംഗതയോടെയാണ് ലോകരാജ്യങ്ങൾ അസർബൈജാന്റെ ക്രൂരതകളെ വീക്ഷിക്കുന്നത്. നാഗോർണോ-കറാബാക്കിലെ നിർബന്ധിത നാടുകടത്തലിന്റെയും വംശഹത്യയുടെയും ചരിത്രവും മതവും രാഷ്ട്രീയവും വായിക്കാം. രഞ്ചിൻ ജെ. തരകൻ എഴുതുന്നു.   

“1915 -ലെ അർമേനിയൻ വംശഹത്യയുടെ സമയത്ത് ചെയ്തതുപോലെ, അമേരിക്കയും യൂറോപ്പും ഇന്നും കാഴ്ചക്കാരാണ്. ഒരു അർമേനിയൻ വംശഹത്യ തടയുന്നതിൽ പരാജയപ്പെടുന്നത് ഇതാദ്യമല്ല. 1994 -ൽ റുവാണ്ടൻ വംശഹത്യയുടെ സമയത്തും യു.എസും യൂറോപ്യൻ യൂണിയനും കാഴ്ചക്കാരായിരുന്നു. അർമേനിയയ്‌ക്കൊപ്പം നിൽക്കുകയും അസർബൈജാനുവേണ്ടി ‘പ്രാർഥിക്കുകയും’ ചെയ്യുന്ന സമീപനമായിരുന്നു അയൽരാജ്യങ്ങളായ ജോർജിയ, റഷ്യ എന്നിവയ്ക്ക്.” വംശഹത്യയും നിർബന്ധിത നാടുകടത്തലും: നാഗോർണോ-കറാബാക്ക് എന്ന തലക്കെട്ടിൽ നാഗോർണോ-കറാബാക്കിൽ നിന്നുള്ള അർമേനിയക്കാരുടെ കൂട്ടപ്പലായനത്തെക്കുറിച്ച് ‘ജെനോസൈഡ് വാച്ച്’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ പ്രസ്താവനയാണിത്.

ഒരു ഇടവേളയ്ക്കുശേഷം ലോകം വീണ്ടുമൊരു വംശഹത്യയ്ക്ക് സാക്ഷ്യംവഹിക്കുകയാണ്. അർമേനിയൻ വംശജർക്കെതിരെ രക്തത്തിൽ കുതിർന്ന കുടിപ്പകകൾ നടപ്പിലാക്കുമ്പോഴും രക്തരൂക്ഷിതമായ ചരിത്രം ആവർത്തിക്കപ്പെടുമ്പോഴും ഇരകളായവർക്കുവേണ്ടി ശബ്ദമുയർത്തുക എന്ന മാനുഷികപരിഗണനയെ മനഃപൂർവം അവഗണിക്കുകയാണ് ലോകരാജ്യങ്ങൾ. നാളിതുവരെ ഏതുസമയവും ആഗതമായേക്കാവുന്ന ഒരു വംശഹത്യയുടെ ഭീതിയിലായിരുന്നു ആർട്‌സാഖ് അർമേനിയൻ വംശജർ. ഇന്ന് ആ ഭീതി യാഥാർഥ്യമാകുമ്പോൾ, ഒരു ജനത്തിന്റെ സ്വപ്നത്തെയും ജീവിതത്തെയും തകർത്തെറിഞ്ഞ, ഒരു വംശത്തിലെ ആളുകളെ ഒന്നുമില്ലാത്തവരാക്കി പലായനം എന്ന വലിയ വിപത്തിന് എറിഞ്ഞുകൊടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചരിത്രവഴികളെ വായിക്കാം.

തർക്കം; ചരിത്രം

ആർട്‌സാഖ് എന്നറിയപ്പെടുന്ന നാഗോർണോ-കറാബാക്കിലെ നിർബന്ധിത നാടുകടത്തലും വംശഹത്യയും ദശാബ്ദങ്ങൾനീണ്ട പോരാട്ടത്തിന്റെ പരിസമാപ്തിയാണ്. പലകാര്യങ്ങളിലും സമാനതകളുള്ള രണ്ട് അയൽരാജ്യങ്ങളാണ് അസർബൈജാനും അർമേനിയയും. ഭരണഘടനാപരമായി ഇരുരാജ്യങ്ങളും മതരാജ്യങ്ങളാണ്. പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. 30 ലക്ഷം ജനസംഖ്യയുള്ള അർമേനിയയിൽ 95% ആളുകളും ക്രൈസ്തവരാണ്; ഒരുകോടി ജനസംഖ്യയുള്ള അസർബൈജാനിൽ 99% ആളുകളും ഇസ്ലാംമത വിശ്വാസികളും. ഈ രണ്ടു രാജ്യങ്ങളുടെയും ഇടയിലുള്ള പ്രദേശമാണ് അർസാഖ് അഥവ അർമേനിയൻ വംശജരുടെ പലായനം നടക്കുന്ന നാഗോർണോ-കറാബാക്ക് മേഖല. അഞ്ചാം നൂറ്റാണ്ടുമുതൽ അവിടെ താമസിക്കുന്ന 1,20,000 -ഓളം വരുന്ന അർമേനിയക്കാരുടെ ജന്മദേശംകൂടിയാണ് ആർട്‌സാഖ്.

വംശഹത്യ  

1915-17 ൽ തങ്ങളുടെ സാമ്രാജ്യത്തിലെ അർമേനിയൻ – ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ഓട്ടോമൻ തുർക്കികൾ കൊന്നൊടുക്കിയ സംഭവമാണ് അർമേനിയൻ വംശഹത്യ എന്നറിയപ്പെടുന്നത്. 15 ലക്ഷത്തോളം അർമേനിയക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീടുള്ള ഒരോ സംഘർഷത്തിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. 1915 -ലെ അർമേനിയൻ വംശഹത്യയെ യു.എസ് പ്രസിഡന്റ് ബൈഡൻ ഔപചാരികമായി, രണ്ടുവർഷം മുൻപ് അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോകം മറ്റൊരു അർമേനിയൻ വംശഹത്യയ്ക്കും നാടുകടത്തൽ ഭീഷണിക്കും സാക്ഷ്യംവഹിക്കുന്നത്.

1917 -ൽ അസർബൈജാനും അർമേനിയയും സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകളായി മാറിയിരുന്നു. അർമേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായതിനാൽ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ നഗോർണോ-കാറാബാക്കിന് സ്വയംഭരണാധികാരം നൽകി; അതോടൊപ്പം ഈ മേഖലയെ അസർബൈജാന്റെ ഭാഗമായും പ്രഖ്യാപിച്ചു. മേഖലയിൽ സ്വയംഭരണാധികാരം നൽകിയ സ്റ്റാലിന്റെ നടപടിയെ എതിർത്ത അസർബൈജാൻ പിന്നീട് തുടർച്ചയായി സംഘട്ടനങ്ങൾക്ക് നേതൃത്വംനൽകുകയും ചെയ്തു. അതിനിടെ തങ്ങൾക്കൊപ്പം തർക്കമേഖലയെ കൂട്ടിച്ചേർക്കണമെന്ന് പരസ്യമായി അർമേനിയൻ രാഷ്ട്രീയനേതൃത്വവും ആവശ്യപ്പെട്ടു.

അസർബൈജാനും അർമേനിയായും സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതിനുശേഷവും (1991) നഗോർണോ-കാരബാഖ് പ്രത്യേക റിപ്പബ്ലിക്കായി തുടർന്നു. അർമേനിയയിൽ ഭൂരിപക്ഷം ക്രിസ്ത്യാനികളും അസർബൈജാനിൽ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളുമാണ്. അസർബയ്ജാനിലെ അർമേനിയൻ വംശജരുടെ ഭൂരിപക്ഷ മേഖലയാണ്  നഗോർണോ-കാരബാഖ് പ്രദേശം. അർമേനിയയുടെ അതിരിനോട് തൊട്ടാണ് നഗോർണോ-കാരബാഖിന്റെ കിടപ്പ്. ഈ രണ്ടു കാരണങ്ങളാൽ സ്വതന്ത്ര റിപ്പബ്ലിക്കായതിനെ തുടർന്ന് നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമേനിയ ശക്തമാക്കി.1991 മുതൽ നാലുവർഷം ഇരുരാജ്യങ്ങളും ഈ മേഖലയെചൊല്ലി യുദ്ധംചെയ്തിരുന്നു. ഒന്നാം  നാഗോർണോ-കറാബാക്ക് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ 1994 -ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനചർച്ചകൾ തുടങ്ങി.

പക്ഷേ, ആർട്‌സാഖിനെ ചൊല്ലിയുള്ള തർക്കങ്ങൾ പിന്നീടുള്ള വർഷങ്ങളിലും നീണ്ടുനിന്നു. അർമേനിയയെ ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരവും അസർബൈജാൻ സൈന്യം പാഴാക്കിയിരുന്നുമില്ല. വിവിധ കാലഘട്ടങ്ങളിലുണ്ടായ സംഘട്ടനങ്ങളിലൂടെ ആർട്‌സാഖ് മേഖലയിലെ വിവിധ പ്രദേശങ്ങൾ കീഴ്‌പ്പെടുത്തുന്നതിനും അർമേനിയൻ വംശജരെ ഇല്ലായ്മചെയ്യുന്നതിനും അസർബൈജാൻ തുടര്‍ച്ചയായി ശ്രമിക്കുകയും ചെയ്തിരുന്നു. 2020 -ൽ രണ്ടാം നാഗോർണോ-കറാബാക്ക് യുദ്ധം ആരംഭിച്ചു. 44 ദിവസങ്ങൾ നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസർബൈജാൻ തുർക്കിയുടെ നിശ്ശബ്ദസഹായത്താൽ വിജയിക്കുകയും  ആർട്‌സാഖ് മേഖലയിലെ അർമേനിയക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയും ചെയ്തു.

2022 മുതൽ നാഗോർണോ-കറാബാക്കിൽ വംശഹത്യ നടന്നുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ ജെനോസൈഡ് വാച്ച്, ദ ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട്, ദ സേവ് കറിബാഖ് കോളിഷൻ എന്നീ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരോ സംഘർഷത്തിന്റെയും കൃത്യമായ ഇടവേളകളിൽ റഷ്യയും അമേരിക്കയും ഫ്രാൻസും അംഗങ്ങളായ മിൻസ്‌ക് ഗ്രൂപ്പ് ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുമെങ്കിലും ഈ കാലഘട്ടങ്ങളിൽ ആർട്‌സാഖിന്റെ പ്രദേശങ്ങൾ തങ്ങളോട് കൂട്ടിച്ചേർക്കുന്നതിൽ അസർബൈജാൻ ഭരണകൂടം വിജയിച്ചു എന്നതായിരുന്നു യാഥാർഥ്യം. ഇതിന്റെ പൂർത്തീകരണമാണ് 2023 സെപ്റ്റംബര്‍ മുതല്‍ തുടരുന്ന അർമേനിയൻ പലായനം.

തുടരുന്ന സംഘട്ടനം: ലക്ഷ്യം വീണ്ടുമൊരു അർമേനിയൻ വംശഹത്യ

സെപ്റ്റംബർ 19 -ന് അസർബൈജാൻ, തര്‍ക്കഭൂമിയില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമായിരുന്നു എന്നത് മാനുഷികമായ എല്ലാ വാതിലുകളും അടച്ചുകൊണ്ട് അസർബൈജാൻ നടത്തുന്ന ക്രൂരതയുടെ നേർക്കാഴ്ചയായിരുന്നു. യഥാർഥത്തിൽ അസർബൈജാൻ നടത്തുന്നത് യുദ്ധക്കുറ്റമാണ്.

വാങ്കിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട16 -കാരനായ സെർജി ഹോവയാന്റെ സഹോദരൻ മ്ക്രിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“ഞാനും അമ്മയും അർമേനിയയിലേക്കുപോകാൻ ബാഗുകൾ പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അസർബൈജാനി സൈന്യം ഞങ്ങളുടെ വീട്ടുമുറ്റത്തും വീടിനുനേരെയും ഷെല്ലാക്രമണം നടത്തി. സെർജിയെയും 67 -കാരനായ അയൽവാസിയായ മെൽസിക്കിനെയും അവർ കൊലപ്പെടുത്തി.”

അസർബൈജാൻ സിവിലിയൻ പട്ടണങ്ങളിൽ മനഃപൂർവം ഷെല്ലാക്രമണം നടത്തുന്നത് ഇന്നും തുടരുകയാണ്. അക്രമണങ്ങളെ തുടർന്ന്, വനത്താൽ ചുറ്റപ്പെട്ട ഗ്രാമമായ സർനാഗ്ബിയൂരിൽ ഒരുകൂട്ടം സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ വീട് സൈന്യം ബോംബെറിഞ്ഞു തകർക്കുകയും മൂന്നു കുട്ടികളടക്കം അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തതായി ജെനോസൈഡ് വാച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

യുദ്ധത്തിന്റെ അവസരത്തിലും ലോകത്തിന്റെ കണ്ണിൽ പൊടിയിടാനെന്നോണം അസർബൈജാനിൽ അർമേനിയക്കാർക്ക് അവകാശങ്ങൾ ഉറപ്പുനൽകുമെന്ന് അസർബൈജാനി പ്രസിഡന്റ് അലിയേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളെ പൊളിച്ചെറിഞ്ഞുകൊണ്ട്  അർമേനിയക്കാരെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോകൾ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ഇതെല്ലാം വിരൽചൂണ്ടുന്നത് വംശഹത്യ എന്ന  അസർബൈജാൻ ഭരണകൂടത്തിന്റെ അപ്രഖ്യാപിതലക്ഷ്യങ്ങളിലേക്കാണ്.

സംഘർഷങ്ങൾക്ക് കാരണമായിമാറുന്ന അർമേനിയൻ വിരുദ്ധ പ്രചാരണം

അർമേനിയക്കാരെ മനുഷ്യത്വരഹിതരായി ചിത്രീകരിക്കുന്നത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ്‌ അസർബൈജാനികൾ. ഈ ഒരു ലക്ഷ്യം മുന്നിൽകണ്ട് അസർബൈജാൻ, സ്കൂൾകുട്ടികളുടെ പാഠപുസ്തകങ്ങളിൽപോലും അർമേനിയക്കാരെ, ദുഷ്ടരും ആക്രമണകാരികളും ശത്രുക്കളുമായി രേഖപ്പെടുത്തുകയും അർമേനിയൻ വിരുദ്ധത കുട്ടികളിൽ നിറയ്ക്കുകയും ചെയ്യുന്നു.

അർമേനിയക്കാരെ ‘കൃത്യമായി’ ചിത്രീകരിക്കാൻ നെഗറ്റീവ് പദപ്രയോഗങ്ങൾ ആവശ്യമാണെന്ന് ബാക്കു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്ലാവിക് രാജ്യങ്ങളുടെ ചരിത്രവിഭാഗം മേധാവി ടോഫിഗ് വെലിയേവ് പറയുന്നത് എത്രയോ പരിഹാസ്യമാണ്. കൂടാതെ, അർമേനിയയുടെ പുരാതനചരിത്രത്തെ തമസ്ക്കരിച്ചുകാണിക്കാനുളള നീക്കങ്ങളും അസർബൈജാൻ നടത്തുന്നു. അർമേനിയയും ആർട്‌സാഖും ചരിത്രപരമായി തുർക്കിയുടെ ദേശങ്ങളാണെന്നതാണ് അസർബൈജാനി ചരിത്രകാരന്മാരുടെയും സർക്കാർ നടത്തുന്ന മാധ്യമങ്ങളുടെയും മറ്റൊരു വ്യാഖ്യാനം. അർമേനിയൻ വിരുദ്ധത കുത്തിനിറയ്ക്കുന്നതിനൊപ്പം ക്രിസ്ത്യൻ പള്ളികളും വിശുദ്ധ സ്ഥലങ്ങളും സമ്പൂർണ്ണമായും നശിപ്പിക്കുന്നതിലും ഉത്സുകാരാണ് അസർബൈജാൻ.

എന്തേ മൗനം?

വീണ്ടുമൊരു അർമേനിയൻ വംശഹത്യയും നിർബന്ധിത നാടുകടത്തലും ലോകം അഭിമുഖീകരിക്കുമ്പോൾ നോക്കുകുത്തികളായി നിൽക്കുകയാണ് ലോകരാജ്യങ്ങൾ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സഹായഹസ്തങ്ങൾ നൽകാൻ മത്സരിക്കുന്ന ലോകരാജ്യങ്ങൾ, ഒരു വംശത്തെ ഉന്മൂലനം ചെയ്യാനുള്ള അസൈർബൈജാന്റെ നീക്കങ്ങൾ കണ്ടഭാവം നടിക്കുകയോ, അതിനെതിരെ പ്രതികരിക്കുകയോ ചെയ്യുന്നില്ല. അപകടകരമായ ഒരു നിസ്സംഗതയോടെയാണ് ലോകരാജ്യങ്ങൾ അസർബൈജാന്റെ ക്രൂരതകളെ വീക്ഷിക്കുന്നത്. അസർബൈജാന്റെ ഈ പ്രകോപനങ്ങൾക്കെല്ലാം പിന്നിൽ തുർക്കിയാണെന്ന വാദവും ശക്തമാണ്. ഭൂരിപക്ഷം ആളുകളും വംശീയമായി തുർക്കികളാണ് എന്നതും ഒരു ഇസ്ലാമികരാഷ്ട്രമാണിത് എന്നതും തുർക്കിയിൽനിന്നും അസര്‍ബൈജാനു ലഭിക്കുന്ന പിന്തുണയെ ഊട്ടിയുറപ്പിക്കുന്നു. ചുരുക്കത്തിൽ, പ്രതികരിക്കേണ്ടവർ നിശ്ശബ്ദരാകുമ്പോൾ നാഗോർണോ-കറാബാക്കിന്റെ മണ്ണ് നിഷ്കളങ്കരുടെ രക്തത്താൽ കുതിരുകയാണ്.

അസർബൈജാന് ഇസ്രായേൽ സഹായം

നാഗോർണോ-കറാബാക്ക് ആക്രമിച്ചുകീഴടക്കാനുള്ള അസർബൈജാൻ ശ്രമങ്ങൾക്ക്‌  ഇസ്രായേലിന്റെ സഹായം ഉണ്ടായിരുന്നതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസർബൈജാൻ 24 മണിക്കൂർ ആക്രമണം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ് സെപ്റ്റംബർ 19 -ന് അസർബൈജാനി സൈനിക കാർഗോ വിമാനങ്ങൾ തെക്കൻ ഇസ്രായേലി എയർബേസിനും നാഗോർണോ-കറാബാക്കിനടുത്തുള്ള ഒരു എയർഫീൽഡിനുമിടയിൽ ആവർത്തിച്ചു പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നുണ്ട്. പാശ്ചാത്യ ഗവൺമെന്റുകൾ ഈ വിഷയത്തിൽ സമാധാനചർച്ചകൾ നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഇത് എന്നോർമ്മിക്കണം.

‘വംശഹത്യ എന്നത് കൊലപാതകം മാത്രമല്ല’: സുരൻ മനുക്യൻ

അർമേനിയയിലെ സംഭവവികാസങ്ങളെക്കുറിച്ച് വംശഹത്യാവിദഗ്ധനായ സുരൻ മനുക്യന്റെ വീക്ഷണങ്ങൾ ശ്രദ്ധേയമാണ്. 1915 മുതൽ വിവിധ കാലഘട്ടത്തിൽ അർമേനിയൻ വംശജരെ വ്യാപകമായി കൊന്നുതള്ളിയിരുന്നു. അന്നും ഇന്നും വംശഹത്യകൾ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“വംശഹത്യ എന്നത് ആളുകളുടെ കൊലപാതകമാണെന്ന തെറ്റായ ധാരണയാണ് നമ്മുടെ സമൂഹത്തിനുള്ളത്. എന്നാൽ ആധുനികലോകത്തിൽ വംശഹത്യ എന്നത് കൊലപാതകങ്ങൾ മാത്രമല്ല, വ്യാപകമാകുന്ന അഞ്ച് വംശഹത്യാരീതികളിൽ ആദ്യത്തേതു മാത്രമാണിത്. തീർച്ചയായും, എന്നാൽ ആദ്യത്തേത് ഏറ്റവും ഭയാനകവും ദൃശ്യവുമാണ്. എന്നാൽ രണ്ടാമത്തെ ഒരു രീതിയുണ്ട്, അത് അർമേനിയൻ വംശജരെ ശാരീരികനാശത്തിലേക്ക് നയിച്ചേക്കാവുന്ന ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ഇതും വംശഹത്യയ്ക്കു തുല്യമാണ്. കഴിഞ്ഞ ഒൻപതുമാസങ്ങളായി ഞങ്ങൾ ഇത് കാണുന്നു. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അതിന്റെ ഫലമാണ്.”

ആർട്സാഖിന്റെ അധികാരം, അസർബൈജാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ ഇനിയും അർമേനിയൻ വംശജർക്കുമുന്നിൽ അധികം സമയമില്ല. അസർബൈജാൻ ഭരണത്തിൽ സുരക്ഷിതത്വം വാഗ്ദാനംചെയ്യുമ്പോഴും പുറത്തുകടക്കുകയാണ് ഏറ്റവും ഉചിതമെന്ന് ആർട്സാഖ് അഭയാർഥികൾ അനുഭവത്തിലൂടെ പഠിച്ചുകഴിഞ്ഞു. 1,00,000 -ലധികം ആർട്‌സാഖ് അഭയാർഥികളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ അർമേനിയയ്ക്ക് വലിയ സഹായവും കൂടിയേതീരൂ. കൂടുതൽ അസർബൈജാനി ആക്രമണത്തിൽനിന്നും വംശഹത്യയിൽനിന്നും സുരക്ഷിതരായിരിക്കാൻ അർമേനിയയ്ക്ക് യു.എസ്, ഇ.യു, റഷ്യൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും സഹായഹസ്തവും വേണ്ടിവരും. ഈ സാഹചര്യത്തിൽ ആവശ്യമായ പിന്തുണയും പ്രതികരണവും പ്രവർത്തനങ്ങളും ഏകോപിക്കുക അത്യാവശ്യമാണ്. മൗനംവെടിഞ്ഞ് കർമ്മനിരതരാകണം ലോകരാജ്യങ്ങൾ. അല്ലെങ്കിൽ ലോകം മറ്റൊരു വംശഹത്യയ്ക്കുകൂടെ സാക്ഷിയായി മാറേണ്ടിവരും.

References:

https://en.aravot.am/2023/10/02/334463/

https://armenpress.am/arm/news/1120990.html

https://apnews.com/article/nagorno-karabakh-armenia-azerbaijan-separatists-3a89f27726439e89569af1b77ccef325

രഞ്ചിൻ ജെ. തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.